
മലയാളത്തിലെ പല റെക്കോർഡുകളും തിരുത്തിക്കുറിച്ച് ജൈത്രയാത്ര നടത്തുകയാണ് മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ 'തുടരും'. ചിത്രത്തിന്റെ തമിഴ് വേർഷനും കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയിരുന്നു. 'തൊടരും' എന്നാണ് തമിഴ് പതിപ്പിന്റെ പേര്. സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ റിപ്പോർട്ടാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ആദ്യദിനത്തിൽ 'തൊടരും' 32 ലക്ഷവും രണ്ടാം ദിനം 60 ലക്ഷവും നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. കുറഞ്ഞ റിലീസ് മാത്രമേ സിനിമയ്ക്ക് തമിഴ്‌നാട്ടിൽ ഉള്ളു എന്നത് ശ്രദ്ധേയമാണ്.
മികച്ച പ്രതികരണമാണ് ചിത്രത്തിന് തമിഴ്നാട്ടിൽ നിന്നും ലഭിക്കുന്നത്. മോഹൻലാൽ നന്നായി അഭിനയിച്ചിട്ടുണ്ടെന്നും സിനിമയുടെ സെക്കന്റ് ഹാഫ് നല്ല മാസായിട്ടുണ്ടെന്നുമാണ് അഭിപ്രായങ്ങൾ. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ തമിഴ് ഡബ്ബിങ് നന്നായിരിക്കുന്നെന്നും അഭിപ്രായങ്ങളുണ്ട്.
അതേസമയം ആഗോളതലത്തിൽ തുടരും ഇതുവരെ 190 കോടിയിലധികം രൂപയാണ് നേടിയിരിക്കുന്നത്. അടുത്ത ദിവസം തന്നെ സിനിമ ആഗോളതലത്തിൽ 200 കോടി എന്ന സംഖ്യ മറികടക്കുമെന്നാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രണ്ടുമാസത്തിനിടെ 200 കോടി ക്ലബിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രമാകും തുടരും. മാർച്ച് മാസത്തിൽ പുറത്തിറങ്ങിയ എമ്പുരാനും 200 കോടി ക്ലബിൽ ഇടം നേടിയിരുന്നു.
ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.
Content Highlights: Mohanlal Movie Thudarum Tamil Nadu Collection Report