
കൊച്ചി: എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റായി വീണ്ടും നാദിറ മെഹ്റിൻ. കാലങ്ങൾക്ക് മുന്നേ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരെ എങ്ങനെ മുൻനിരയിൽ എത്തിക്കണമെന്ന് ആദ്യം മാതൃക കാണിച്ച വിദ്യാർത്ഥി പ്രസ്ഥാനമാണ് എഐഎസ്എഫ് എന്നും അഭിമാനമെന്നും നാദിറ ഫേസ്ബുക്കിൽ കുറിച്ചു. ഇന്ത്യയിലെ ആദ്യത്തെ സംഘടിത വിദ്യാർത്ഥി പ്രസ്ഥാനമായ എഐഎസ്എഫിലൂടെയാണ് ഇന്ത്യയിൽ ആദ്യമായി ഒരു ട്രാൻസ് വിദ്യാർത്ഥി സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും ആദ്യമായി എക്സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതുമെന്നും അവർ കൂട്ടിച്ചേർത്തു.
അവകാശങ്ങൾ നേടിയെടുക്കുന്നതിനും നേടിയെടുത്തവ സംരക്ഷിക്കപ്പെടുന്നതിനും പോരാട്ടം ഇനിയും തുടരുമെന്നും നാദിറ വ്യക്തമാക്കി. നടിയും മോഡലും മാധ്യമപ്രവർത്തകയുമാണ് നാദിറ. 2022-ൽ കാലടി സംസ്കൃത സർവകലാശാലയിലെ എഐഎസ്എഫ് പാനലിൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക് നാദിറ മത്സരിച്ചിരുന്നു.
നാദിറയുടെ ഫേസ്ബുക്ക് കുറിപ്പ്
Aisf സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഒരിക്കൽ കൂടി തിരഞ്ഞെടുക്കപ്പെട്ടു.ഒത്തിരി അഭിമാനത്തോടു കൂടിയാണ് ഈ പോസ്റ്റ് പങ്കുവെക്കുന്നത് . എന്നെ ഞാനാക്കിയ പ്രസ്ഥാനം. കാലങ്ങൾക്ക് മുന്നേ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരെ എങ്ങനെ മുൻനിരയിൽ എത്തിക്കണം എന്ന് ആദ്യം മാതൃക കാണിച്ച വിദ്യാർത്ഥി പ്രസ്ഥാനം.
ഇന്ത്യയിലെ ആദ്യത്തെ സംഘടിത വിദ്യാർത്ഥി പ്രസ്ഥാനമായ Aisf ലൂടെയാണ് ഇന്ത്യയിൽ ആദ്യമായി ഒരു ട്രാൻസ് വിദ്യാർത്ഥി സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും ആദ്യമായി എക്സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും.
എന്റെ എല്ലാ നേട്ടങ്ങൾക്കും ഇന്നും ഊർജ്ജം തരുന്ന പ്രസ്ഥാനം.
ഇനിയും എന്നെകൊണ്ട് സാധിക്കുമെന്ന ആത്മവിശ്വാസമാണ് തുടർന്നും രണ്ടാം തവണയും ഒരു ട്രാൻസ് വിദ്യാർത്ഥിയായ ഞാൻ തിരഞ്ഞെടുക്കപ്പെടുന്നതും. ഉത്തരവാദിത്വങ്ങൾ ഏറെയാണ്. അവകാശങ്ങൾ നേടിയെടുക്കുന്നതിനും നേടിയെടുത്തവ സംരക്ഷിക്കപ്പെടാൻ പോരാട്ടം ഇനിയും തുടരും.
പഠിക്കുക പോരാടുക.
ഒപ്പം തിരഞ്ഞെടുക്കപ്പെട്ട എല്ലാ സഖാക്കൾക്കും അഭിവാദ്യങ്ങൾ.
Content Highlights: Nadira Mehrin elected as AISF State Vice President