തിരുവനന്തപുരത്ത് എന്‍സിപി സംസ്ഥാന നേതാവും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക്
കെപിസിസി ആസ്ഥാനത്തെ ചടങ്ങില്‍ കെ സുധാകരനില്‍ നിന്നും വിജേന്ദ്ര കുമാറും സംഘവും കോണ്‍ഗ്രസ് അംഗ്വത്വം സ്വീകരിക്കും
23 Sep 2021 10:57 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

എന്‍സിപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ജില്ലാ സെക്രട്ടറിയുമായ വിജേന്ദ്രകുമാറും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക്. വൈകിട്ട് അഞ്ചു മണിക്ക് കെപിസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനില്‍ നിന്നും വിജേന്ദ്ര കുമാറും സംഘവും കോണ്‍ഗ്രസ് അംഗ്വത്വം സ്വീകരിക്കും. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നാണ് എന്‍സിപി വിട്ട നേതാക്കളുടെ പ്രതികരണം.
എന്‍സിപിയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ തിരുവനന്തപുരത്ത് ഒരു വിഭാഗം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേക്കേറുമെന്ന സൂചന കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസില്‍ നിന്നും സിപിഐഎമ്മിലേക്കെത്തി എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനായ പി സി ചാക്കോയും ശശീന്ദ്രന് വിഭാഗവും തമ്മിലുള്ള അസ്വാരസ്യമാണ് പാര്‍ട്ടിക്കുള്ളിലെ പൊട്ടിത്തെറികള്‍ക്ക് കാരണമെന്ന തരത്തില്‍ ചര്‍ച്ചകള്‍ ശക്തമാകുന്നതിനിടെയായിരുന്നു റിപ്പോർട്ട്.
എന്‍സിപി അധ്യക്ഷ സ്ഥാനത്തേക്ക് പി സി ചാക്കോ എത്തിയതു മുതല്‍ എന്‍സിപിയില്‍ രൂപം കൊണ്ട ചേരിതിരിവ് പരസ്യമായി പുറത്ത് വരുന്ന നിലയാണുള്ളത്. ജില്ലാ പ്രസിഡന്റുമാരെ മാറ്റിയതിലുള്‍പ്പെടെ പാര്‍ട്ടിക്കുള്ളില്‍ എതിരഭിപ്രായങ്ങളും ഉയലെടുത്തിരിന്നു. മുതിര്‍ന്ന നേതാവായ ടി പി പീതാംബരന് ഉള്‍പ്പെടെയുള്ളവരുമായി യാതൊരു ചര്‍ച്ചയും നടത്താതെയാണ് പി സി ചാക്കോ തീരുമാനങ്ങള്‍ എടുക്കുന്നതെന്നാണ് എതിര്‍പക്ഷം പറയുന്നത്. അതേസമയം പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങളില്ലെന്നും ചില സ്ഥാപിത താല്‍പ്പര്യക്കാരാണ് ഇത്തരത്തിലുള്ള പ്രചരണം നടത്തുന്നതെന്നാണ് പി സി ചാക്കോയുടെ പ്രതികരണം.
പിസി ചാക്കോ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. എന്‍സിപി സംസ്ഥാന സെക്രട്ടറിയും ചാക്കോയുടെ അടുപ്പക്കാരനുമായ ബിജു ആബേല്‍ ജേക്കബ് പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശവും ഇതിനിടയില്‍ പുറത്തുവന്നിരുന്നു. ബിജു ആബേല്‍ ജേക്കബിനെ മന്ത്രി എ കെ ശശീന്ദ്രന്റെ പേഴ്സണല്‍ സ്റ്റാഫംഗം ആക്കിയതിന് പിന്നില്‍ പി സി ചാക്കോയുടെ ഇടപെടലിനെ തുടര്‍ന്നാണെന്നാണ് ആക്ഷേപം. മന്ത്രിമാരുടെ സ്റ്റാഫംഗങ്ങള്‍ പൊതു ജനങ്ങളോട് മാന്യമായി മാത്രമേ പെരുമാറാവു എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ബിജു പാര്‍ട്ടി പ്രവര്‍ത്തകനായ ബേബിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നത്. എറണകുളത്തെ പാര്‍ട്ടി പ്രവര്‍ത്തകനാണ് ബേബി. വിഷയം ചൂണ്ടിക്കാട്ടി പാര്‍ട്ടിയിലെ ഒരു വിഭാഗം മുഖ്യമന്ത്രിക്ക് പരാതി നല്കി.