
ഓൺലൈൻ ഗെയിമിംഗ് ആപ്ലിക്കേഷനെ പിന്തുണച്ചതിൽ നടൻ ഷാരൂഖ് ഖാനെതിരെ പ്രതിഷേധം. നടന്റെ വസതിയായ മന്നത്തിന് മുന്നിലാണ് പ്രതിഷേധക്കാർ തടിച്ചുകൂടിയത്. തുടർന്ന് മുംബൈ പൊലീസും മന്നത്തിന് മുന്നിൽ വിന്യസിച്ചു. A23 എന്ന ഓൺലൈൻ റമ്മി പ്ലാറ്റ്ഫോമിന്റെ ബ്രാൻഡ് അംബാസിഡറാണ് ഷാരൂഖ്.
ആപ്ലിക്കേഷന്റെ പ്രൊമോഷനു വേണ്ടി അദ്ദേഹം ചിത്രീകരിച്ച പരസ്യത്തിൽ, 'ചലോ സാത്ത് ഖേലിൻ' (നമുക്ക് ഒരുമിച്ച് കളിക്കാം) എന്നാണ് പറയുന്നത്. ഓൺലൈൻ ഗെയിമിംഗ് ആപ്ലിക്കേഷനുകളോടും ജംഗ്ലീ റമ്മി, സുപീ, തുടങ്ങിയ പോർട്ടലുകൾക്കെതിരെയും പ്രവർത്തിക്കുന്ന അൺടച്ച് യൂത്ത് ഫൗണ്ടേഷനാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
ഈ പ്ലാറ്റ്ഫോമുകൾ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നും അഴിമതി നിറഞ്ഞ സ്വാധീനം ചെലുത്തുന്നുവെന്നും പ്രതിഷേധക്കാർ പറയുന്നു. പ്രതിഷേധത്തിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മന്നത്തിന് ചുറ്റുമുള്ള പരിസരങ്ങളിൽ പ്രതിഷേധക്കാരെ തടയാൻ മുംബൈ പൊലീസ് സുരക്ഷയൊരുക്കുന്ന വീഡിയോയും സോഷ്യൽ മീഡിയിയൽ പ്രചരിക്കുന്നുണ്ട്.