
നിരൂപകശ്രദ്ധയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് ജയരാജ്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും അദ്ദേഹത്തിന്റെ സിനിമകളില്‍ മികച്ച വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.
എന്നാല്‍ മോഹന്‍ലാല്‍- ജയരാജ് കോംബോയില്‍ ഒരു ചിത്രം ഇതുവരെയും വന്നിട്ടില്ല. പല തവണ ഒന്നിച്ചൊരു സിനിമയക്കായി ശ്രമിച്ചിട്ടും നടന്നില്ലെന്നും എന്നാല്‍ വൈകാതെ മോഹന്‍ലാലിനൊപ്പം പ്രോജക്ട് വരുമെന്ന് പറയുകയാണ് ജയരാജ് ഇപ്പോള്‍. ശാന്തമീ രാത്രി എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് ജയരാജ് ഇതേകുറിച്ച് സംസാരിച്ചത്.
'ലാലേട്ടനൊപ്പം ഒരു സിനിമ ചെയ്യാനായി ഞങ്ങള്‍ പലപ്പോഴും പ്ലാന്‍ ചെയ്തിരുന്നു എന്നാല്‍ അത് നടന്നില്ല. എന്നാല്‍ 2026 ല്‍ മോഹന്‍ലാലുമായി ഒരു സിനിമ ചെയ്യാനുള്ള സാധ്യത കാണുന്നുണ്ട്. ചിലപ്പോ നടക്കും,' ജയരാജ് പറഞ്ഞു.
Director Jayaraj Sir about the possibilities of his collaboration with @mohanlal in 2026✌pic.twitter.com/oLa0gKw1Qm
— Cine Loco (@WECineLoco) May 11, 2025
അഭിമുഖത്തിലെ ഈ ഭാഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഈ സിനിമ സംഭവിച്ചാല്‍ മോഹന്‍ലാലിന്റെ മറ്റൊരു ഗംഭീര പെര്‍ഫോമന്‍സ് കാണാനാകുമെന്നാണ് ആരാധകര്‍ പറയുന്നത്. ബോക്‌സ് ഓഫീസിലും പെര്‍ഫോമന്‍സിലും മോഹന്‍ലാല്‍ നടത്തിയ തിരിച്ചുവരവിന്റെ തുടര്‍ച്ചയാകട്ടെ ഈ പ്രോജക്ടെന്നും ചിലര്‍ ആശംസിക്കുന്നുണ്ട്.
അതേസമയം, ജയരാജിന്റെ ഏറ്റവും പുതിയ സംവിധാന ചിത്രമായ ശാന്തമീ രാത്രിയില്‍ മെയ് 9 നാണ് തിയേറ്ററുകളിലെത്തിയത്. ആടുജീവിതത്തിലൂടെ ശ്രദ്ധേയനായ കെ ആര്‍ ഗോകുല്‍, എസ്തര്‍ അനില്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, കൈലാഷ്, മാല പാര്‍വതി, വിജി വെങ്കിടേഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ജയരാജും ജാസി ഗിഫ്റ്റും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
Content Highlights: Jayaraj says new film is in discussion with Mohanlal