പാറ്റയ്ക്ക് എക്സിന്‍റെ പേരിടാം; പ്രണയദിനത്തെ 'പ്രതികാര ദിന'മാക്കി ഒരു മൃഗശാല

2023ൽ ഇവർ ആരംഭിച്ച ഒരു ക്യാമ്പയിനാണ് വീണ്ടും നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്

പാറ്റയ്ക്ക് എക്സിന്‍റെ പേരിടാം; പ്രണയദിനത്തെ 'പ്രതികാര ദിന'മാക്കി ഒരു മൃഗശാല
dot image

പ്രണയദിനം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിക്കും പ്രണയജോഡികൾ. ഗിഫ്റ്റുകളും സർപ്രൈസുകളും നൽകി പങ്കാളിയെ ഞെട്ടിക്കാനായി ഒരു വിഭാഗം ത്രില്ലടിച്ച് ഇരിക്കുമ്പോൾ പ്രണയനൈരാശ്യമോ അല്ലെങ്കിൽ പ്രണയപരാജയമോ ഒക്കെ സംഭവിച്ച മറ്റൊരു വിഭാഗത്തിനും ഈ ദിനം ഓർത്തിരിക്കാന്‍ പറ്റിയൊരു ദിനമാക്കാന്‍ അവസരം ലഭിച്ചാലോ. ലോകത്താകമാനമുള്ള മൃഗശാലകളിൽ ചിലത് ഈ ദിനത്തിൽ ഒരു പ്രത്യേക ക്യാമ്പയിന്‍ തന്നെ പ്രണയപരാജയം നേടിയവർക്കാർ ഒരുക്കിയിരിക്കുകയാണ്. മൃഗങ്ങളുടെ പരിപാലനത്തിനും സംരക്ഷണത്തിനും ഫണ്ട് സ്വരൂപിക്കാനാണ് ഈ നീക്കം. ഒപ്പം പ്രണയപരാജയം നേരിട്ടവർക്ക് ചെറിയൊരു ആശ്വാസവും ലഭിക്കും.

ഈ മൃഗശാല ഇങ്ങ് ഇന്ത്യയിലല്ല, അങ്ങ് പോളണ്ടിലാണ്. 2023ൽ ഇവർ ആരംഭിച്ച ഒരു ക്യാമ്പയിനാണ് വീണ്ടും നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രതികാരം ചെയ്യാൻ കാത്തിരിക്കുന്ന പ്രണയനൈരാശ്യം ബാധിച്ചവർക്കാണ് ഇതിൽ അവസരം ലഭിക്കുക. ഇത്തരം ആളുകൾക്ക് മഡഗാസ്‌കർ ഹിസ്സിങ് കോക്ക്‌റോച്ചെന്ന പാറ്റകൾക്ക് അവരുടെ എക്‌സിന്റെ, മുൻ പങ്കാളിയുടെ പേര് നൽകാം. ഈ പാറ്റകളെ മീർകാറ്റ് എന്ന മംഗൂസിന് തീറ്റയായി നൽകുന്നതിന് മുമ്പാണ് പേരിടീൽ കർമം നടക്കുക.

Valentine's Day campaign

നിങ്ങളുടെ എക്‌സിന് ഒരു പെർഫക്ട് സമ്മാനം എന്നാണ് ഈ ക്യാമ്പയിന് മൃഗശാല നൽകിയിരിക്കുന്ന പേര്. ഈ അവസരത്തെ കുറിച്ച് ഫേസ്ബുക്കിലൂടെയാണ് മൃഗശാല അറിയിപ്പ് നൽകിയത്. ഒരു മിണ്ടാപ്രാണിക്ക് ഭക്ഷണം നൽകുക എന്ന നല്ല പ്രവർത്തിയിലൂടെ ജീവിതത്തിലെ ഒരു ഘട്ടത്തെ എന്നന്നേക്കുമായി അവസാനിപ്പിക്കാൻ ഒരു അവസരം എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഈ പാറ്റയെ വാങ്ങിക്കാൻ ഒരു തുക(1290രൂപ) നിശ്ചയിച്ചിട്ടുണ്ട്. പണമടച്ച് ഈ പാറ്റയെ വാങ്ങി പേരിട്ട് കൊടുക്കാം. ഇതിന് പകരമായി ഒരു ഇലക്ട്രോണിക്ക് അഡോപ്ഷൻ സർട്ടിഫിക്കറ്റും നൽകും. അധികമായി ഒരു 3870രൂപ കൂടി അടച്ചാൽ ഈ പാറ്റയെ മംഗൂസിന് ഭക്ഷണമായി നൽകുന്ന ഫോട്ടോഗ്രാഫിക്ക് പ്രൂഫും ലഭിക്കും. ഇനി പ്രതികാരദാഹിയാണ് നിങ്ങളെങ്കിൽ 7740രൂപയോളം അടച്ച് മൃഗശാലയുടെ മേൽനോട്ടത്തിൽ നിങ്ങൾക്ക് നേരിട്ട് ഈ പാറ്റകളെ മംഗൂസിന് തീറ്റയായി നൽകാം. മേൽപ്പറഞ്ഞ മൃഗശാല മാത്രമല്ല ഈ ട്രെൻഡുമായി മറ്റ് പല മൃഗശാലകളും രംഗത്തെത്തിയിട്ടുണ്ട്.

ഫേസ്ബുക്കിൽ ഈ പോസ്റ്റ് വന്നതിന് പിന്നാലെ ചിരിയുണർത്തുന്ന കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആ പാറ്റയ്ക്ക് പകരം എക്‌സിനെ തീറ്റയായി നൽകാമോ, എന്റെ എക്‌സിനെ കാണുമ്പോഴെ മീർകാറ്റ് ജീവനും കൊണ്ട് രക്ഷപ്പെടും, ജീവിതത്തിൽ ആദ്യമായി നിങ്ങളുടെ എക്‌സിനെ കൊണ്ട് ഒരു ഉപയോഗം ഉണ്ടായത് ഇപ്പോഴായിരിക്കും തുടങ്ങി ഇങ്ങനെ പോകുകയാണ് കമന്റുകൾ.

Content Highlights: Zoos are giving you the chance to name a cockroach after your ex

dot image
To advertise here,contact us
dot image