'പണം കൊടുത്താലേ കുടുംബത്തിനൊപ്പം താമസിക്കാൻ പറ്റു';ലോക്കൽ ട്രെയിനിൽ ബ്രെയ്‌സ്‌ലെറ്റ് വിൽക്കുന്ന മുത്തശ്ശി വൈറൽ

മുംബൈയിലെ തിരക്ക് നിറഞ്ഞ ലോക്കൽ ട്രെയിനുകളിൽ സ്ഥിരം സാന്നിധ്യമാണ് ഈ മുത്തശ്ശി

'പണം കൊടുത്താലേ കുടുംബത്തിനൊപ്പം താമസിക്കാൻ പറ്റു';ലോക്കൽ ട്രെയിനിൽ ബ്രെയ്‌സ്‌ലെറ്റ് വിൽക്കുന്ന മുത്തശ്ശി വൈറൽ
dot image

വയസാകുമ്പോൾ ഒരടി നടക്കാൻ കഴിയാത്ത നിറയെ പേർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ മുംബൈയിലെ ലോക്കൽ ട്രെയിനുകളിലെ സ്ഥിരം സാന്നിധ്യമായ ഒരു 89കാരി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എല്ലാ ദിവസവും ഉച്ചയ്ക്ക് കൈകൊണ്ട് കോർത്ത് ഉണ്ടാക്കിയ ബ്രെയ്‌സ്‌ലെറ്റുകൾ വിൽക്കാൻ മുംബൈയിലെ തിരക്ക് നിറഞ്ഞ ലോക്കൽ ട്രെയിനുകളിൽ സ്ഥിരം സാന്നിധ്യമാണ് ഈ മുത്തശ്ശി. എന്നും കൈനിറയെ ബ്രെയ്‌സ്‌ലെറ്റുമായി എത്തുന്ന മുത്തശ്ശിയോട് കുശലാന്വേഷണം നടത്തിയ ഒരു യാത്രക്കാരിയാണ് ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

വീഡിയോ ആരംഭിക്കുന്നത് തന്നെ മുത്തശ്ശിയുടെ പേരെന്താണെന്ന് ചോദിച്ചു കൊണ്ടാണ്. ഇതിന് മറുപടിയായി കമലാബെൻ മെഹ്ത എന്നവർ പറയുന്നുണ്ട്. പിന്നാലെ എത്ര വയസായി എന്ന ചോദ്യമാണ് കേൾക്കുന്നത്, ഇതിന് ഇംഗ്ലീഷിൽ 89 എന്ന് മുത്തശ്ശി പറയുന്നതും കേൾക്കാം. സംഭാഷണം പുരോഗമിക്കുമ്പോഴാണ് കുടുംബത്തിനൊപ്പം കഴിയണമെങ്കിൽ താൻ പണം നൽകിയെ പറ്റുവെന്ന് മുത്തശ്ശി പറയുന്നത്. നാലോസാപാര എന്ന സ്ഥലത്താണ് മെഹ്ത താമസിക്കുന്നത്.

"കാണുമ്പോൾ വിഷമം തോന്നുന്നതും എന്നാൽ ശാക്തീകരിക്കുന്നതുമായ അനുഭവം. 89കാരിയായ ബ്രെയ്‌സ്‌ലെറ്റ് വിൽക്കുന്ന ഒരു സ്ത്രീയെ മുംബൈ ലോക്കൽ ട്രെയിനിൽ സ്ഥിരമായി കാണാറുണ്ട്. അവരുടെ കയ്യിലുള്ളതെല്ലാം വാങ്ങണമെന്ന് തോന്നും. പണമില്ലാത്തത് കൊണ്ട് മാത്രമാണ് അത് കഴിയാത്തത്. കുടുംബത്തോടൊപ്പം കഴിയണമെങ്കിൽ പണം നൽകണമെന്ന് അവർ പറയുന്നു. എന്നാൽ വീട്ടുകാരെ കുറിച്ച് കൂടുതൽ പറയാൻ അവർ തയ്യാറായില്ല. ഇത് തീർച്ചയായും വനിതാ ശാക്തീകരണം തന്നെയാണ്".. എന്നാണ് ഈ വീഡിയോ പങ്കുവച്ചവർ കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ ആറു പതിറ്റാണ്ടായി ഇതേ സ്ത്രീ ലോക്കൽ ട്രെയിനിലെ സ്ഥിരം സാന്നിധ്യമാണ്. ഇന്നും അവർ വിശ്രമമില്ലാതെ അത് തുടരുന്നു. ചെറുപ്പത്തിൽ വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ പൂജാരിയായിരുന്ന ഇവരുടെ ഭർത്താവ് മരിച്ചു. അവിടെ നിന്നും അവർ ജീവിതം തിരിച്ചുപിടിച്ചത് സ്വന്തമായി അധ്വാനിച്ചാണെന്ന് ഇന്ത്യൻ എക്‌സ്പ്രസിൽ വന്ന റിപ്പോർട്ടിൽ പറയുന്നു. മുത്തശ്ശിയുടെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.

നിസഹായാവസ്ഥ മൂലം എന്തൊക്കെ ചെയ്യേണ്ടി വരുന്നു, മുത്തശ്ശിയെ കാണുമ്പോൾ തന്നെ സങ്കടമാകുന്നു, ഈ മുത്തശ്ശിയെ സ്ഥിരം കാണാറുണ്ട്, കച്ചവടത്തിൽ നിന്നും കിട്ടുന്നതിൽ ഒരു തുക ട്രെയിനിലെ ഭിക്ഷാടനം നടത്തുന്ന ഇവരെക്കാൾ ആരോഗ്യമുള്ള സ്ത്രീക്ക് കൊടുക്കുന്നത് കണ്ടിട്ടുണ്ട്, വെറും 40രൂപയ്ക്കാണ് മുത്തശ്ശി ബ്രെയ്‌സ്‌ലെറ്റ് വിൽക്കുന്നത് ഈ പ്രായത്തിലും ജോലി ചെയ്യുന്ന അവരെ ബഹുമാനിക്കണം എന്നടക്കമാണ് കമന്റുകൾ നിറയുന്നത്.

Content Highlights: An 89-year-old woman is selling bracelets in local trains goes viral

dot image
To advertise here,contact us
dot image