

കുടുംബത്തിൽ ഒരു ആൺതരിയെങ്കിലും വേണമെന്ന് നിർബന്ധമുള്ള, അതാണ് ഭാഗ്യമെന്ന് കരുതുന്ന നിരവധി കുടുംബങ്ങളും ആളുകളും ഇപ്പോഴുമുണ്ട് എന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഹരിയാനിലെ ജിന്ത് ജില്ലയിലാണ് സംഭവം. 19 വർഷം മുമ്പ് വിവാഹിതരായ ദമ്പതികളാണ് ചർച്ചയ്ക്ക് കാരണം. ഇരുവർക്കും ഇപ്പോള്‍ ഒരു മകൻ ജനിച്ചിരിക്കുകയാണ്. ഇരുവരും പത്ത് പെൺമക്കളുടെ മാതാപിതാക്കളാണ് താനും.
ഒരു പ്രാദേശിക മാധ്യമത്തിന് പിതാവ് നൽകിയ അഭിമുഖം വൈറലായതോടെയാണ് സംഭവം ചർച്ചയ്ക്ക് വഴിവെച്ചത്. ദമ്പതികളിൽ പിതാവ് മക്കളുടെ പേരു പറയുകയാണ് വീഡിയോയിൽ. മൂത്ത മകൾ 12ാം ക്ലാസ് വിദ്യാർത്ഥിയാണ്, രണ്ടാമത്തവൾ 11ാം ക്ലാസിലും ഇരുവരുടെയും പേര് ഇദ്ദേഹം പറയുന്നുണ്ട്. എന്നാൽ എല്ലാ മക്കളുടെയും പേരുകൾ ഓർത്തെടുക്കാന്‍ ഇയാള്‍ ബുദ്ധിമുട്ടുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഈ അവസ്ഥയാണ് കാഴ്ചക്കാരെ ഞെട്ടിച്ചത്.
ഓജസ് ആശുപത്രിയിലായിരുന്നു ഇയാളുടെ ഭാര്യ മകന് ജന്മം നൽകിയത്. വളരെ സങ്കീർണമായ അവസ്ഥയിൽ രണ്ടുപേരുടെയും ജീവൻ നഷ്ടപ്പെടുമെന്ന നിലയായിരുന്നെന്ന് ഡോക്ടർമാർ പറയുന്നു. അമ്മയും കുഞ്ഞും ഇപ്പോഴും നിരീക്ഷണത്തിലാണ്.
വീഡിയോ വൈറലായതോടെ മാതാവിന്റെയും കുഞ്ഞിന്റെയും ആരോഗ്യ കാര്യത്തിൽ ആളുകൾ ആശങ്ക ഉന്നയിക്കുന്നുണ്ട്. അടുത്തടുത്ത് പ്രസവിക്കേണ്ടി വന്ന സ്ത്രീയുടെ അവസ്ഥയെ കുറിച്ചാണ് ഭൂരിഭാഗവും സംസാരിക്കുന്നത്.
പത്ത് പെൺമക്കൾക്ക് ജന്മം നൽകിയ ശേഷം ഒരു മകനും കൂടി ജനിച്ചിരിക്കുന്നു. ഈ മാതാപിതാക്കൾക്ക് ഈ കുഞ്ഞുങ്ങളെ വളർത്താൻ അർഹതയില്ല. സർക്കാർ ഈ കുഞ്ഞുങ്ങളെ ഏറ്റെടുക്കണം തുടങ്ങി നിരവധി കമന്റുകൾ വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.
ആ പത്തു പെൺമക്കളുടെ അവസ്ഥ ഒന്നാലോചിച്ച് നോക്കൂ, ഒരു മകൻ ജനിച്ചപ്പോൾ അവരുടെ പേര് പോലും പിതാവ് മറന്ന് പോയി. ഇത്തരം ഒരു അവസ്ഥ. ആർക്കു വേണ്ടാതായി പോകുക എന്നതിനെക്കാൾ ജനിക്കാതിരുന്നാൽ മതിയായിരുന്നു എന്നും കമന്റുണ്ട്. ആ അമ്മയുടെ നിലപാട് എന്താണെന്ന് വീഡിയോയിൽ ഒരിടത്തും പറയുന്നില്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. 11 വർഷത്തിനിടെ 11 പ്രസവം, ഒരു സ്ത്രീക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും പലരും പറയുന്നുണ്ട്.
Content Highlights: A man with ten daughters reportedly forgot their names following the birth of his son. The unusual incident has drawn widespread attention on social media, sparking reactions and discussions online.