

ഭൂകമ്പങ്ങളുടെയും സുനാമികളുടെയും വലിയ ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണ് ജപ്പാൻ. കഴിഞ്ഞ ദിവസം, അതായത് ഡിസംബർ 09 നു പുറപ്പെടുവിച്ച നിർദേശം ആനുസരിച്ച്, രാജ്യം ഒരു മെഗാക്വേക്ക് നേരിട്ടേക്കാമെന്നുള്ള മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഗവേഷകർ. വലിയ ശക്തിയുള്ള ഭൂകമ്പം എന്നതാണ് മെഗാക്വേക്ക് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. സാധാരണയായി റിക്ടർ സ്‌കെയിലിൽ 8.0–ൽ കൂടുതലുള്ള ഭൂകമ്പങ്ങൾ ഈ വിഭാഗത്തിൽ പെടുന്നു. ഭൂകമ്പ സാഹചര്യങ്ങൾ ജപ്പാനിൽ നിരന്തരം ഉണ്ടാകാറുണ്ടെങ്കിലും മെഗാക്വേക്ക് എന്നത് ഒരു അപൂർവ ഭീഷണിയായിട്ടാണ് ജപ്പാൻ കണക്കാക്കുന്നത്.
ടോഹോകു മേഖലയിലെ അമോറി എന്ന പ്രദേശത്തിന്റെ കിഴക്കൻ തീരത്ത് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിനെ തുടർന്നാണ് മെഗാക്വേക്ക് മുന്നറിയിപ്പ് ഗവേഷകർ നൽകിയത്. ഭൂകമ്പം കാര്യമായ നാശനഷ്ടങ്ങൾ വരുത്തിയില്ലെങ്കിലും, വരും ദിവസങ്ങളിൽ ഭീഷണി വർദ്ധിക്കുമെന്ന് അധികൃതർ ഭയപ്പെടുന്നു. ഒരു സുനാമി സാഹചര്യം തള്ളിക്കളയാനാകില്ലെന്നും, സുനാമി ഉണ്ടായാൽ അത് 98 അടി ഉയരത്തിൽ എത്തിയേക്കാമെന്നുമാണ് റിപ്പോർട്ട്. ഇത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ അത് ഏകദേശം രണ്ട് ലക്ഷം ആളുകൾ കൊല്ലപ്പെടുന്നത് ഇടയാക്കിയേക്കാമെന്നും വിദഗ്ധർ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് ജപ്പാനിപ്പോള്‍.

220,000 കെട്ടിടങ്ങൾ നശിപ്പിക്കപ്പെടാം, സാമ്പത്തിക നഷ്ടം ഏകദേശം 31 ട്രില്യൺ യെൻ വരെയാകാം എന്നും ഗവേഷകർ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ശൈത്യകാലത്ത് ഇത്തരമൊരു ദുരന്തം സംഭവിച്ചാൽ, 42,000 പേർക്ക് വരെ ഹൈപ്പോഥെർമിയ എന്ന അസുഖം ബാധിച്ചേക്കാമെന്നുള്ള ആശങ്കയും ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. നിലവിൽ പുറപ്പെടുവിച്ചിരിക്കുന്ന മുന്നറിയിപ്പിൽ ജപ്പാന്റെ വടക്കൻ ഭാഗത്തുള്ള ഹൊക്കൈഡോ മുതൽ ചിബ പ്രിഫെക്ചർ വരെയുള്ള 182 മുനിസിപ്പാലിറ്റികളോട് ജാഗരൂകർ ആകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സമീപ വർഷങ്ങളിൽ പുറപ്പെടുവിച്ച ഭൂമിശാസ്ത്രപരമായി വളരെ പ്രാധാന്യമുള്ള മുന്നറിയിപ്പുകളിൽ ഒന്നാണിത് എന്നത് വ്യക്തം. 2011 ൽ ജപ്പാൻ കണ്ട ദുരന്തം വീണ്ടും ആവർത്തിക്കുകയാണോ ? അതിനേക്കാൾ ശക്തിയുള്ള സുനാമിയെ ജപ്പാന് നേരിടേണ്ടി വരുമോ ? എന്തുകൊണ്ട് ആണ് ജപ്പാന്റെ വടക്കൻ ഭാഗങ്ങൾ ഭൂകമ്പങ്ങളെയും സുനാമികളുടെയും നേരിടേണ്ടി വരുന്നത് എന്നൊക്കെയുള്ള ചോദ്യങ്ങളും ഉയരുന്നു.
ഹൊക്കൈഡോ-സാൻറികു തീരത്ത് ഭൂകമ്പ സാധ്യത പോയ വര്ഷങ്ങളെക്കാൾ വർദ്ധിപ്പിച്ചതായി ജപ്പാന്റെ Meteorological Agency വ്യക്തമാക്കിയിരുന്നു. ജപ്പാന്‍ തീരങ്ങളില്‍ വെള്ളത്തിനടിയില്‍ ആഴത്തിലുള്ള പ്രദേശങ്ങളെ ജപ്പാൻ ട്രെഞ്ച്, ചിഷിമ ട്രെഞ്ച് എന്നിങ്ങനെ പറയപ്പെടാറുണ്ട്. ഭൂമിയുടെ ഉപരിതലത്തിലുള്ള വലിയ ഫലകങ്ങൾ അഥവാ ടെക്റ്റോണിക് പ്ലേറ്റുകൾ നിരന്തരം ചലിച്ചുകൊണ്ടിരിക്കുകയാണ് എന്ന് നമുക്ക് അറിയാം. പസിഫിക് പ്ലേറ്റ് (Pacific Plate), ഫിലിപ്പീൻ പ്ലേറ്റ് (Philippine Plate), യൂറേഷ്യൻ പ്ലേറ്റ് (Eurasian Plate), നോർത്ത് അമേരിക്കൻ പ്ലേറ്റ് (North American Plate) എന്നിവ കൂട്ടിമുട്ടുന്ന അതിർത്തിയിലാണ് ജപ്പാൻ സ്ഥിതി ചെയ്യുന്നത്. ഇതിനാല്‍ തന്നെ നിരവധി അഗ്നിപർവ്വത സ്ഫോടനങ്ങളും ശക്തമായ ഭൂകമ്പങ്ങളും അവിടെ പതിവാണ്.

ടെക്റ്റോണിക് പ്ലേറ്റുകൾ കൂട്ടിയിടിക്കുന്നതും, ഒന്നിനടിയിലേക്ക് മറ്റൊന്ന് കടന്നുപോകുന്നതും ചെയ്യുമ്പോൾ ഭൂമിക്ക് മാറ്റങ്ങളും സംഭവിക്കുന്നു. പെട്ടെന്നുള്ള ഭൂകമ്പ ചലങ്ങൾ അങ്ങനെ സൃഷ്ടിക്കപ്പെടുകയും ചെയ്യും. 2011 ൽ ജപ്പാനിൽ ഉണ്ടായ വിനാശകരമായ ടോഹോകു ഭൂകമ്പം പോലുള്ള സംഭവങ്ങൾ ഉണ്ടായതും അങ്ങനെ തന്നെ. ഭൂകമ്പ സാധ്യത ശക്തമായ പ്രദേശങ്ങളെ പൊതുവേ പറയുന്ന പേരാണ് റിങ് ഓഫ് ഫയർ. ഏകദേശം 40,000 കിലോമീറ്റർ നീളവും ഏകദേശം 500 കിലോമീറ്റർ വരെ വീതിയിലും ഇത് വ്യാപിച്ച് കിടക്കുന്നു. 35 ദശലക്ഷം വർഷത്തിലേറെയായി ഈ അഗ്നി വളയം പസഫിക്കില്‍ തന്നെയുണ്ട്. ലോകത്തിലെ ഭൂകമ്പങ്ങളുടെ ഏകദേശം 75% ഈ മേഖലയിൽ ആണ് ഉണ്ടാകുന്നതെന്നും വിദഗ്ധർ സൂചിപ്പിക്കുന്നു. ഇനി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ പറഞ്ഞ ഭൂകമ്പത്തിനും സുനാമിക്കും പ്രഭവ കാരണം ഈ റിങ് ഓഫ് ഫയർ തന്നെ.
ഇപ്പോൾ പുറപ്പെടുവിച്ച മുന്നറിയിപ്പ് അനുസരിച്ച് 2011 ൽ കണ്ടതിനേക്കാൾ വലിയ സുനാമി ജപ്പാൻ കാണേണ്ടി വരുമെന്നാണ് പറയപ്പെടുന്നത്. 198 ബില്യൺ ഡോളർ വരെ നാശനഷ്‌ടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് തന്നെ ജനങ്ങളോട് പ്രദേങ്ങളിൽ നിന്ന് മാറിത്താമസിക്കാനുള്ള വഴികൾ ആലോചിക്കാൻ പറഞ്ഞിരിക്കുകയാണ്. ദിവസങ്ങളോളം ഉപയോഗിക്കാവുന്ന അവശ്യവസ്തുക്കൾ, ഷൂസ്, ഹെൽമെറ്റുകൾ എന്നിവ അടങ്ങിയ ഒരു അടിയന്തര ബാഗ് സൂക്ഷിക്കുക, കുടുംബാംഗങ്ങളുമായി പലായന പദ്ധതികൾ ചർച്ച ചെയ്യുക, പെട്ടെന്ന് രക്ഷപ്പെടാൻ ഉള്ള രീതിയിൽ തയ്യാറാവുക, എന്നിങ്ങനെ നിർദേശങ്ങൾ നാക്കിയിട്ടുണ്ട്. ദുരിതാശ്വാസ സാമഗ്രികളും ഉപകരണങ്ങളും മുനിസിപ്പാലിറ്റികളിൽ എത്തിക്കാൻ തുടങ്ങി. ജപ്പാന്റെ പല തീരത്തും സുരക്ഷാ വിന്യാസങ്ങളും ചെയ്തു തുടങ്ങി.
Content Highlights : Rare Megaquake likely in Japan, leading to 98 ft Tsunami, warns experts