

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ്റെ ഇന്ത്യ സന്ദർശനത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുകയാണ്. ഇന്ത്യയിലെത്തിയ പുടിന് വന്‍ സ്വീകരണവും അത്താഴവിരുന്നും നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹവുമായി ഹൈദരാബാദ് ഹൗസിൽ നിർണായക കൂടിക്കാഴ്ചയും നടത്തി. ശേഷം പുടിന് കൈ നിറയെ സമ്മാനങ്ങൾ നൽകിയാണ് മോദി ആ കൂടിക്കാഴ്ച് അവസാനിപ്പിച്ചത്. യുക്രൈൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ സമാധാനത്തിനാണ് ഇന്ത്യ പ്രാധാന്യം നൽകുന്നതെന്ന് അറിയിച്ചുകൊണ്ട് റഷ്യന്‍ ഭാഷയിലുള്ള ഭഗവദ് ഗീതയാണ് മോദി പുടിന് നല്‍കിയ സവിശേഷമായ സമ്മാനം.

ഭഗവദ് ഗീതക്ക് പുറമെ, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക വൈവിധ്യവും പൈതൃകവും വിളിച്ചോതുന്ന കരകൗശല വസ്തുക്കളും പുടിന് മോദി സമ്മാനിച്ചു. രുചികരമായ അസം ബ്ലാക്ക് ടീ, കശ്മീരി കുങ്കുമപ്പൂവ്, കൈകൊണ്ട് നിർമ്മിച്ച വെള്ളികുതിര, മാര്‍ബിള്‍ ചെസ് സെറ്റ്, വെള്ളിയില്‍ തീർത്ത ചായ സെറ്റ് എന്നിങ്ങനെ നീളുന്ന സമ്മാനങ്ങളുടെ നിര. ഫലഭൂയിഷ്ഠമായ ബ്രഹ്മപുത്ര സമതലങ്ങളിൽ വളരുന്ന അസം ബ്ലാക്ക് ടി ലോകത്തെ ഏറ്റവും രുചികരമായ ചായകളിലൊന്നാണ്. ആരോഗ്യ ഗുണങ്ങള്‍ക്കും ഏറെ പേരു കേട്ട അസം ടീയുടെ പരമ്പരാഗതമായ നിര്‍മ്മാണ രീതിയും ഏറെ പ്രശസ്തമാണ്.
ലോകത്തിലെ ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് കശ്മീരി കുങ്കുമപ്പൂവ്. ആരോഗ്യപരമായ ഗുണത്തോടൊപ്പം സമ്പന്നമായ രുചിയും സുഗന്ധവും കശ്മീരി കുങ്കുമപ്പൂവിനെ ലോകത്തിലെ ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാക്കി മാറ്റുന്നു. പാചകത്തിൽ, പ്രത്യേകിച്ച് മധുര പലഹാരങ്ങൾ, ബിരിയാണി തുടങ്ങിയ വിഭവങ്ങൾക്കും, ചർമ്മ സംരക്ഷണത്തിനും (തിളക്കം വർദ്ധിപ്പിക്കാൻ) ആരോഗ്യത്തിന് പ്രത്യേകിച്ച് മാനസികാവസ്ഥ മെച്ചപ്പെടുത്താനും, വീക്കം കുറയ്ക്കാനും ഉപയോഗിക്കുന്നു.
മാര്‍ബിള്‍ ചെസ് സെറ്റ് ആണ് അടുത്ത സമ്മാനം. ആഗ്രയില്‍ നിന്നുള്ള കരകൌശല വിദഗ്ധർ പരമ്പരാഗത ശൈലിയില്‍ കൈകൊണ്ടാണ് ഈ മാർബിള്‍ സെറ്റ് നിർമ്മിച്ചിരിക്കുന്നത്. കറുപ്പിലും വെളുപ്പിലുമുള്ള മാര്‍ബിളുകള്‍ക്ക് പുറമെ, മരം, വിലയേറിയ കല്ലുകള്‍ എന്നിവയും ചെസ് സെറ്റ് നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ആരേയും ആകർഷിക്കുന്ന വൈവിധ്യമായ അലങ്കാരം, മഹാരാഷ്ട്രയിൽ നിന്നുള്ള കൈകൊണ്ട് നിർമ്മിച്ച വെള്ളി കുതിരയെ അങ്ങനെ തന്നെ വിശേഷിപ്പിക്കാം. ഇന്ത്യയുടെ ലോഹ കരകൗശല പാരമ്പര്യങ്ങളുടെ മികവ് പ്രകടമാക്കുന്ന ഒന്നായി ഈ വെള്ളികുതിര മാറുന്നു. അന്തസിന്റെയും വീര്യത്തിന്റെയും പ്രതീകമായ കുതിരകള്‍ ഇന്ത്യ-റഷ്യ സംസ്‌കാരങ്ങളില്‍ ഒരുപോലെ ആഘോഷിക്കപ്പെടുന്ന ഒന്നാണ്. ഇന്ത്യയും റഷ്യയും പരസ്പരം പങ്കിടുന്ന പൈതൃകത്തിന്റെ ബഹുമാനാര്‍ത്ഥമാണ് ഈ സമ്മാനമെന്നാണ് മോദി X പോസ്റ്റിൽ കുറിച്ചത്.

ബംഗാളിന്റെ ലോഹപ്പണി പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന സങ്കീർണ്ണമായ കൊത്തുപണികളുള്ള മുർഷിദാബാദ് സിൽവർ ടീ സെറ്റ് ആയിരുന്നു സമ്മാനങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന മറ്റൊന്ന്. ഇന്ത്യയിലും റഷ്യയിലും ചായയ്ക്ക് ആഴത്തിലുള്ള സാംസ്‌കാരിക പ്രാധാന്യമുള്ളതുകൊണ്ട് തന്നെയാണ് മോദി സമ്മാനങ്ങളുടെ കൂട്ടത്തിൽ ഈ വെള്ളി ചായ സെറ്റ് കൂടി ഉൾപ്പെടുത്തിയത്. ഇന്ത്യ എത്രത്തോളം വൈവിധ്യപൂർണ്ണമാണെന്നും, ഇന്ത്യയുടെ നാഗരിക പൈതൃകം എങ്ങനെ ആണെന്നും സൂചിപ്പിക്കുന്ന സമ്മാനങ്ങൾ തന്നെയാണ് മോദി പുടിന് നൽകിയതെന്നാണ് ചിത്രങ്ങൾ കണ്ട സമൂഹമാധ്യമം പ്രതികരിച്ചത്.
Content Highlights : Modi's gifts Kashmir saffron, Assam Tea and etc to Russian president Putin