

ഒട്ടും സഹിക്കാൻ കഴിയാത്ത തണുപ്പിനെ കുറിച്ച് ചിന്തിക്കുമ്പോൾ ആരുടെയും മനസിൽ ആദ്യം വരുന്നത് അന്റാർട്ടിക ഭൂഖണ്ഡത്തെ കുറിച്ചായിരിക്കും. നിലവിൽ ശാസ്ത്രജ്ഞർ ഭൂമിയിൽ ഏറ്റവും തണുപ്പുള്ള സ്ഥലം കണ്ടെത്തിയിരിക്കുകയാണ്. അന്റാർട്ടികയിലെ മറ്റ് ഐസ് മൂടിയ ഇടങ്ങളെക്കാൾ ഇരട്ടിയിലധികം തണുപ്പുള്ള ഇടമാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളത്. ഇവിടെ സസ്യങ്ങൾ, ജന്തുക്കൾ, എന്തിന് മനുഷ്യന് പോലും നിലനിൽക്കാൻ കഴിയില്ല. ഇവിടം സ്ഥിതി ചെയ്യുന്നത് ഈസ്റ്റ് അന്റാർട്ടിക്ക പീഠഭൂമിയിലാണ്്. ഒരു പുല്ലുപോലും മുളയ്ക്കാത്ത ഇവിടെ 1983 ജൂലായ് ഇരുപത്തി മൂന്നിന് രേഖപ്പെടുത്തിയ താപനില -89.2ഡിഗ്രി സെൽഷ്യസായിരുന്നു. ഇവിടുത്തെ ഏകദേശ താപനിലയെക്കാൾ വളരെ കുറവായിരുന്നു ഈ രേഖപ്പെടുത്തിയത്. റഷ്യയയുടെ ഗവേഷണ കേന്ദ്രമായ വോസ്റ്റോക്ക് സ്റ്റേഷൻ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നിടത്ത് റെക്കോർഡ് ചെയ്യപ്പെട്ട -89.2 ഡിഗ്രി സെൽഷ്യസ് താപനിലയെക്കാൾ കുറഞ്ഞ താപനിലകൾ ഈസ്റ്റ് അന്റാർട്ടിക പീഠഭൂമിയിലുണ്ട്. 2004നും 2016നും ഇടയിൽ ശേഖരിച്ച സാറ്റലൈറ്റ് വിവരങ്ങൾ അനുസരിച്ച് കൊളാറാഡോ സർവകലാശാലയിലെ നാഷണൽ സ്‌നോ ആൻഡ് ഐസ് ഡാറ്റായിലെ ഗവേഷകർ പറയുന്നത്,ശൈത്യകാലം പകുതി പിന്നിട്ടതിനു ശേഷം മാസങ്ങളോളം സൂര്യനുദിക്കാത്ത സാഹചര്യമാകുമ്പോൾ(ചക്രവാളത്തിന് മുകളിലേക്ക് സൂര്യനെത്താത്ത ദിവസങ്ങൾ) ഈസ്റ്റ് അന്റാർട്ടിക പീഠഭൂമിയിലെ ഭാഗങ്ങളിൽ -98ഡിഗ്രി സെൽഷ്യസാകും താപനിലയെന്നാണ്.
ചിന്തിക്കാൻ പോലും കഴിയാത്ത തരത്തിൽ അത്രയും കഠിനമായ തണുപ്പുള്ള ഇവിടം സമുദ്രനിരപ്പിൽ നിന്നും 3800 മുതൽ 4050 മീറ്റർ ഉയരത്തിലാണ്. ഇവിടെ അതിരൂക്ഷമായ തണുപ്പ് അനുഭവപ്പെടുന്നത് അന്റാർട്ടിക ഭൂഖണ്ഡത്തെ മുഴുവനായി ശക്തമായ കാറ്റ് വലയം ചെയ്യുമ്പോഴാണ്. ഈ കാറ്റിനുള്ളില്‍ തണുത്ത വായു നിറഞ്ഞ് നിൽക്കും. അദൃശ്യമായ ഒരു മതിൽപോലെയാകും ഇത് പ്രവർത്തിക്കുക.
അതേസമയം ജനവാസമുള്ള ഏറ്റവും തണുപ്പുള്ളയിടം റഷ്യയിലെ ഒയ്മിയാക്കോണാണ്. ഇവിടെ താപനില -67.7ഡിഗ്രി സെൽഷ്യസാണ്. കാനഡ, ഗ്രീൻലൻഡ്, ഐസ്‌ലൻഡിലെ ലാപ് ലാൻഡ്, മംഗോളിയ, ഫിൻലൻഡ്, യുഎസ്എയിലെ ഡെനാലി എന്നിവടങ്ങളെല്ലാം ലോകത്തിലെ ഏറ്റവും രൂക്ഷമായ തണുപ്പുള്ളിടങ്ങളാണ്.
Content Highlights: Let's know about The Earth's coldest place