നഷ്ടപരിഹാരം മാത്രമല്ല, 10000 രൂപയുടെ വരെ സൗജന്യ യാത്രാ വൗച്ചറും: യാത്ര മുടങ്ങിയവരെ ആശ്വസിപ്പിക്കാന്‍ ഇന്‍ഡിഗോ

യാത്ര മുടങ്ങിയവർക്ക് 10,000 രൂപയുടെ വരെ സൗജന്യ യാത്രാ വൗച്ചറുകളാണ് നഷ്ടപരിഹാരത്തിന് പുറമെ നല്‍കുക

നഷ്ടപരിഹാരം മാത്രമല്ല, 10000 രൂപയുടെ വരെ സൗജന്യ യാത്രാ വൗച്ചറും: യാത്ര മുടങ്ങിയവരെ ആശ്വസിപ്പിക്കാന്‍ ഇന്‍ഡിഗോ
dot image

ന്യൂഡല്‍ഹി: സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രമുടങ്ങിയവർക്ക് നഷ്ടപരിഹാരത്തിന് പുറമെ വലിയ ആനുകൂല്യങ്ങളും നല്‍കാന്‍ ഇന്‍ഡിഗോ. യാത്ര തടസ്സപ്പെട്ടവർക്ക് 10000 രൂപയുടെ വരെ സൗജന്യ യാത്രാ വൗച്ചറുകളാണ് നഷ്ടപരിഹാരത്തിന് പുറമെ നല്‍കുക. ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് ദിവസങ്ങളില്‍ യാത്രാ തടസം നേരിട്ടവര്‍ക്കായിരിക്കും സൗജന്യ വൗച്ചര്‍ അനുവദിക്കുക.

സാധാരണയായി വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളില്‍ സര്‍വീസ് റദ്ദാക്കിയാല്‍ സര്‍ക്കാര്‍ മാനദണ്ഡപ്രകാരം നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. ഇതിന് പുറമെയാണ് ഇന്‍ഡിഗോ യാത്രാ വൗച്ചര്‍ നല്‍കുന്നത്. വൈകിയ സമയത്തിന് ആനുപാതികമായി 5,000 മുതല്‍ 10,000 രൂപ വരെ നഷ്ടപരിഹാരം നല്‍കും. ഇത് കൂടാതെയാണ് 10,000 രൂപയുടെ യാത്രാ വൗച്ചര്‍ നല്‍കുക വൗച്ചറിന് ഒരു വര്‍ഷത്തെ കാലാവധിയാണ് ഉണ്ടാവുക. ഒരു വര്‍ഷത്തിനിടെ ഇന്‍ഡിഗോയില്‍ യാത്ര നടത്തുന്നവര്‍ക്ക് വൗച്ചര്‍ ഉപയോഗിക്കാവുന്നതാണ്.

നിലവില്‍ യാത്ര തടസമുണ്ടായ ആളുകള്‍ക്ക് ടിക്കറ്റ് നിരക്ക് തിരികെ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്. ട്രാവല്‍ പ്ലാറ്റ്‌ഫോം വഴി ബുക്കിങ് നടത്തിയവര്‍ക്കും പണം ഉടന്‍ ലഭിക്കുമെന്നും അറിയിപ്പുണ്ട്. മുന്നറിയിപ്പില്ലാതെ വിമാനങ്ങള്‍ റദ്ദാക്കിയ സംഭവത്തില്‍ ഇന്‍ഡിഗോ സിഇഒ ഡിജിസിക്ക് മുന്നില്‍ ഹാജരാകുമെന്നാണ് പുറത്തുവരുന്ന വിവരം.

വ്യോമയാന പ്രതിസന്ധിയെ തുടര്‍ന്ന് ഡിജിസിഎ ഇന്‍ഡിഗോയ്ക്ക് മേല്‍ പിടിമുറുക്കിയിരുന്നു. ഇന്‍ഡിഗോയുടെ ഗുരുഗ്രാമിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ഡിജിസിഎ നാല് ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇതില്‍ 2 പേര്‍ ഇന്‍ഡിഗോ ഓഫീസില്‍ നിന്നായിരിക്കും പ്രവര്‍ത്തിക്കുക. കൂടാതെ എട്ടംഗ സംഘത്തിന്റെ ഭാഗമല്ലാത്ത ഒരു സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസറെയും ഡപ്യൂട്ടി ഡയറക്ടറെയും ഇന്‍ഡിഗോ ഓഫീസില്‍ നിയോഗിച്ചിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈനുകളിലൊന്നായ ഇന്‍ഡിഗോ കഴിഞ്ഞ മാസം മാത്രം റദ്ദാക്കിയത് 220 വിമാനങ്ങളായിരുന്നു. ഡിസംബര്‍ രണ്ടിന് ആരംഭിച്ച പ്രതിസന്ധി പത്ത് ദിവസത്തോളം നീണ്ടുനിന്നു. ഇന്‍ഡിഗോയില്‍ നിന്ന് ദുരനുഭവം നേരിടേണ്ടി വന്ന യാത്രക്കാരോട് കമ്പനി സിഇഒ ക്ഷമ ചോദിച്ചിരുന്നു. ഇപ്പോള്‍ ഉണ്ടായ പ്രതിസന്ധിയില്‍ ബോര്‍ഡിന് പങ്കില്ലെന്നും വീഴ്ച്ചയില്‍ നിന്ന് പാഠം പഠിച്ച് തിരികെ വരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Content Highlight; IndiGo Offers ₹10,000 Voucher as Compensation for Flight Cancellations: DGCA

dot image
To advertise here,contact us
dot image