

ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിനു വേണ്ടി ആഷസ് ടെസ്റ്റിനിടെ അവധിയെടുക്കാൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം അസിസ്റ്റന്റ് പരിശീലകൻ ഡാനിയൽ വെറ്റോറി. ലേലത്തിൽ പങ്കെടുക്കുന്നതിനായി അബുദബിയിലേക്കു പോകാൻ അനുമതി നൽകണമെന്ന് അഭ്യർഥിച്ച് സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ഹെഡ് കോച്ചായ വെറ്റോറി ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് അപേക്ഷ നൽകി.
ഡിസംബർ 17 മുതലാണ് ആഷസ് ടെസ്റ്റിലെ മൂന്നാം മത്സരം നടക്കേണ്ടത്. ഡിസംബർ 16നാണ് ഐപിഎൽ മിനി ലേലം നടക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങൾ വിജയിച്ച ഓസീസ് അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ 2–0ന് മുന്നിലാണ്. അതേസമയം ആഷസ് കമന്ററി പാനലിലുള്ള പഞ്ചാബ് കിങ്സ് ഹെഡ് കോച്ച് റിക്കി പോണ്ടിങ് ലേലത്തിൽ പങ്കെടുക്കില്ല. എന്നാൽ പഞ്ചാബ് ക്യാപ്റ്റനായ ശ്രേയസ് അയ്യര്‍ അബുദാ ബിയിലെത്തും.
ലേലത്തിനായി റജിസ്റ്റർ ചെയ്ത 1,390 താരങ്ങളിൽ 1,005 പേരെ ഒഴിവാക്കിയശേഷമാണ് സംഘാടകർ 350 താരങ്ങളുടെ ചുരുക്കപ്പട്ടിക തയാറാക്കിയത്. ഇവരിൽ 240 പേർ ഇന്ത്യക്കാരാണ്. 16ന് അബുദാബിയിൽ നടക്കുന്ന താരലേലത്തിൽ പരമാവധി 77 കളിക്കാരെയാണ് 10 ഫ്രാഞ്ചൈസികൾ ചേർന്ന് സ്വന്തമാക്കുക.
ഇതിൽ 31 സ്ലോട്ടുകൾ വിദേശ താരങ്ങളുടേതാണ്. 10 രാജ്യങ്ങളിൽനിന്നുള്ള ക്രിക്കറ്റ് താരങ്ങൾ ലേലത്തിൽ പങ്കെടുക്കും.
Content Highlights:Daniel Vettori wants to miss Ashes Test for ipl auction