
ഇന്ത്യയുടെ ഉദ്യാനനഗരം എന്നാണ് ബംഗളൂരു അറിയപ്പെടുന്നത്. പാര്‍ക്കുകള്‍, തടാകങ്ങള്‍ തുടങ്ങിയവയൊക്കെയാണ് ബെംഗളൂരുവിനെ കൂടുതല്‍ ഭംഗിയാക്കുന്നത്. ഇനി അടിച്ചുപൊളിയാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ കഫേകള്‍, ബിയര്‍ പബ്ബുകള്‍ അതിനും ബെംഗളൂരുവില്‍ ഒരു കുറവുമില്ല. ഇപ്പോഴിതാ ഒരു റഷ്യന്‍ വനിത ബെംഗളൂരുവിലെ തന്റെ ജീവിതാനുഭവത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്.
അടുത്ത ജന്മത്തിലും തനിക്ക് ബെംഗളൂരുവില്‍ തന്നെ ജീവിക്കണമെന്നാണ് ഇന്ത്യക്കാരനെ വിവാഹം കഴിച്ച യൂലിയ എന്ന റഷ്യക്കാരി വീഡിയോയില്‍ പറയുന്നത്. ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളെയും വച്ച് നോക്കുമ്പോള്‍ ബെംഗളൂരുവിന് പകരമാകാന്‍ ഒരു നഗരത്തിനും കഴിയില്ലെന്നാണ് യൂലിയയുടെ അഭിപ്രായം. ഡല്‍ഹിയിലും ജയ്പൂരിലും അതിശക്തമായ തണുപ്പാണെന്നും, ചെന്നൈ മുംബൈ പോലുള്ള നഗരങ്ങളിലെ കാലാവസ്ഥ അതീഭീകരമായ ചൂടാണെന്നും എന്നാല്‍ ബെംഗളൂരുവിലെ കാലാവസ്ഥ അതിമനോഹരമാണെന്നുമാണ് യൂലിയ പറയുന്നത്. ട്രാഫികിനെ കുറിച്ചൊന്നും ചോദിക്കല്ലേയെന്നും പോസ്റ്റില്‍ യൂലിയ കുറിച്ചിട്ടുണ്ട്.
ശൈത്യകാലത്ത് മൈനസ് 50 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുന്ന സൈബീരിയയില്‍ ജനിച്ച യൂലിയക്ക് ബെംഗളൂരുവിലെ തണുപ്പൊന്നും ഒരിക്കലും കഠിനമായ തണുപ്പാകാന്‍ സാധ്യതയില്ലെന്ന് വീഡിയോയ്ക്ക് താഴെ നിരവധിപ്പേര്‍ കമന്റ് ചെയ്തിരിക്കുന്നതും കാണം. കൂടാതെ നിരവധിപ്പേരാണ് ബെംഗളൂരു സിറ്റിയെ പ്രശംസിച്ച് വീഡിയോ ഇട്ടിരിക്കുന്നത്. കാലാവസ്ഥ, കോസ്മോപൊളിറ്റന്‍ കള്‍ച്ചര്‍, ആതിഥ്യം, സുരക്ഷ, തൊഴിലവസരങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി ബെംഗളൂരു ഒരു മനുഷ്യന് ജീവിക്കാന്‍ പറ്റിയ ഏറ്റവും നല്ല നഗരമാണെന്നാണ് കമന്റുകളിലൂട നീളം നിറയുന്നത്.
Content Highlights: Russian Woman Calls Bengaluru The Best City To Live In India