

കുവൈത്തിൽ പുരുഷന്മാർ നിർബന്ധമായും സൈനിക സേവനം നടത്തണമെന്ന നിയമം പ്രാബല്യത്തിൽ. 2012 ജനുവരി 1-നോ അതിനുശേഷമോ ജനിച്ച എല്ലാ കുവൈത്ത് പുരുഷന്മാർക്കും 18 വയസ് തികയുമ്പോൾ സൈനിക സേവനം നിർബന്ധമാണ്. രാജ്യത്തെ സൈനിക ആവശ്യങ്ങൾ പരിഗണിച്ചാണ് നിയമ നിർമാണം നടത്തിയിരിക്കുന്നത്.
ദേശീയ സൈനിക സേവനവുമായി ബന്ധപ്പെട്ട 2015-ലെ നിയമത്തിലാണ് പുതിയ ഭേദഗതികൾ വരുത്തിയിരിക്കുന്നത്. സൈനിക സേവനത്തിനായി പേര് രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി 60 ദിവസത്തിൽ നിന്നും 180 ദിവസമായി വർദ്ധിപ്പിച്ചിട്ടുണ്ട്. എതെങ്കിലും കുടുംബത്തിൽ ഒരാൾ മാത്രമാണ് ആൺകുട്ടിയായി ഉള്ളതെങ്കിൽ സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കാൻ പുതിയ നിയമം അനുവദിക്കുന്നു.
അതിനിടെ സർക്കാർ, സ്വകാര്യ മേഖലകളിലെ നിയമനങ്ങൾക്കായി സ്വതന്ത്ര തൊഴിൽ ലൈസൻസ് എന്നിവയ്ക്കായി സേവനം പൂർത്തിയാക്കിയതിന്റെ, ഒഴിവാക്കപ്പെട്ടതിന്റെ അല്ലെങ്കിൽ നീട്ടിവെച്ചതിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. സേവനം പൂർത്തിയാക്കിയവർക്ക് മുൻഗണന നൽകും. മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചവർക്ക് ചികിത്സ പൂർത്തിയാകുന്നത് വരെ സേവനം മാറ്റിവെക്കും.
സേവനത്തിന് ഹാജരാകാതിരുന്നാൽ അല്ലെങ്കിൽ വൈകിയാൽ ഘട്ടംഘട്ടമായ ഭരണപരമായ ശിക്ഷകൾ ഏർപ്പെടുത്തും. സജീവ സേവനം പൂർത്തിയാക്കിയവർ 10 വർഷത്തേക്ക് പ്രതിവർഷം 30 ദിവസം റിസർവ് സേവനത്തിൽ പങ്കെടുക്കണം, അല്ലെങ്കിൽ 45 വയസ് വരെയാകും സേവനം. തടവുശിക്ഷ അനുഭവിക്കുന്ന കാലയളവ് സജീവ സേവന കാലയളവിൽ ഉൾപ്പെടുത്തില്ല. നിയമലംഘനങ്ങൾക്ക് തടവും പിഴയും ഉൾപ്പെടുന്ന കർശന ശിക്ഷകൾ ഉൾപ്പെടുത്തി.
നാഷണൽ മിലിട്ടറി സർവീസ് അതോറിറ്റിക്ക് കീഴിൽ നാല് പ്രധാന മേഖലകളിൽ ഏതെങ്കിലും ഒന്നിലേക്ക് സൈനിക സേവനത്തിനായി യുവാക്കളെ നിയമിക്കാം. കുവൈറ്റ് സായുധ സേന, ആഭ്യന്തര മന്ത്രാലയം, കുവൈത്ത് നാഷണൽ ഗാർഡ്, കുവൈത്ത് ഫയർ ഫോഴ്സ് എന്നിവയാണ് ഈ നാല് മേഖലകൾ.
ജോലി ചെയ്യുന്നതിനിടയിൽ സൈനിക സേവനത്തിന് പോകേണ്ടി വരുന്നവർക്ക് വിവിധ ആനുകൂല്യങ്ങളും ലഭിക്കും. സൈനിക സേവന കാലയളവിലും അവരുടെ ജോലിയിൽ നിന്നുള്ള ശമ്പളം, അലവൻസുകൾ, ബോണസുകൾ എന്നിവ നിലനിർത്തും. സൈനിക സേവനത്തിൽ ചെലവഴിക്കുന്ന സമയം അവരുടെ ആകെ ജോലി പരിചയത്തിന്റെയോ തൊഴിൽ വർഷങ്ങളുടെയോ ഭാഗമായി കണക്കാക്കും. ദേശീയ സുരക്ഷ ശക്തമാക്കുന്നതിന്റെയും യുവാക്കളിൽ രാജ്യസ്നേഹം വളർത്തുന്നതിന്റെയും ഭാഗമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.
Content Highlights: Kuwait has mandated military service for male citizens aged 18-30, with service duration varying based on educational qualifications. The service is compulsory for Kuwaiti males, aiming to strengthen national security and promote unity.