Top

മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്കിനെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ; സമയം നീട്ടി ചോദിച്ച് കേന്ദ്രം

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരി​ഗണിക്കുക.

6 April 2022 9:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്കിനെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ; സമയം നീട്ടി ചോദിച്ച് കേന്ദ്രം
X

ഡൽഹി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ സമർപ്പിച്ച ഹർജികൾ ഇന്ന് സുപ്രീം കോടതി പരി​ഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരി​ഗണിക്കുക. അതേസമയം സത്യവാങ്മൂലം സമർപ്പിക്കാൻ നാലാഴ്ച കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ കത്ത് നൽകി.

സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മീഡിയവൺ ചാനൽ മാനേജ്മെന്റ്, എഡിറ്റർ പ്രമോദ് രാമൻ, കേരള പത്രപ്രവർത്തക യൂണിയൻ തുടങ്ങിയവരാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നത്. സംപ്രേഷണ വിലക്കിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഹര്‍ജിയിലാണ് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചത്. നടപടിയിൽ മാർച്ച് 26നകം കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിർദേശം. എന്നാൽ ഈ സമയം നീട്ടിതരണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.

ചാനലിന്റെ സംപ്രേഷണം വിലക്കിയ നടപടി മാർച്ച് അഞ്ചിന് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറന്‍സില്ലെന്നതിന്റെ പേരിലായിരുന്നു ചാനലിന്റെ സംപ്രേഷണം വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ജനുവരി 31ന് വിലക്കിയത്. വിലക്കിനെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു. ഇതിനെതിരെയായിരുന്നു മീഡിയ വണ്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ചാനലിന്റെ ആവശ്യം സുപ്രീംകോടതി അനുവദിച്ചിരുന്നു.

STORY HIGHLIGHTS: Supreme court hear today the petitions against media one ban

Next Story