
മോഹൻലാൽ - അനൂപ് മേനോൻ ഒന്നിക്കുന്ന സിനിമയുടെ പ്രഖ്യാപനം ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരുന്നു. മോഹൻലാൽ തന്നെയാണ് പുതിയ സിനിമയുടെ പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയത്. പ്രണയവും വിരഹവും സംഗീതവും ചേർന്ന യാത്രയാകും ഈ ചിത്രമെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയുടെ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് അനൂപ് മേനോൻ.
അടുത്ത വർഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും മോഹൻലാൽ ആരാധകരെ സംതൃപ്തിപ്പെടുത്തുന്നതെല്ലാം സിനിമയിൽ ഉണ്ടാകുമെന്നും അനൂപ് മേനോൻ പറഞ്ഞു. അഞ്ച് പാട്ടും മൂന്നു ഫൈറ്റും സിനിമയിൽ ഉണ്ടാകുമെന്നും ഇതൊരു വലിയ സിനിമയായി തന്നെയാണ് ഒരുങ്ങുന്നതെന്നും അനൂപ് മേനോൻ കൂട്ടിച്ചേർത്തു. സിനിമയുടെ സ്ക്രിപ്റ്റ് പുരോഗമിക്കുകയാണെന്നും അനൂപ് മേനോൻ പറഞ്ഞു. മൂവി വേൾഡിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'അടുത്ത വർഷമായിരിക്കും ആ സിനിമ സംഭവിക്കുന്നത്. സിനിമയുടെ പ്രൊഡക്ഷൻ മാറി. കൽക്കട്ടയിലെ ദുർഗാ പൂജയിലാണ് സിനിമയിലെ പ്രധാന സീക്വൻസ് ഷൂട്ട് ചെയ്യേണ്ടത്. അത് ഇനി അടുത്ത വർഷമേ നടക്കുകയുള്ളൂ. അവിടെ 20 ദിവസം ഷൂട്ട് ആ ഫെസ്റ്റിവലിൽ ഉണ്ട്. ഫൈറ്റ് സീക്വൻസ് ആണ് അതിനിടയിൽ ഷൂട്ട് ചെയ്യാനുള്ളത്. അവിടെ തന്നെ ഷൂട്ട് ചെയ്യണം എന്നുള്ളത് കൊണ്ടാണ് വൈകുന്നത്. മറ്റൊരു പ്രൊഡക്ഷൻ ആയിരിക്കും പടം ചെയുന്നത്,' അനൂപ് മേനോന്‍ പറഞ്ഞു.
Anoop Menon about his project with L ✌
— Cine Loco (@WECineLoco) July 2, 2025
Shoot expected to start next year and anoop further adding it's a huge film with action sequences and songs 👀 #Mohanlalpic.twitter.com/yWYirL5hgJ
വലിയ കടുകട്ടി ഡയലോഗുകൾ പറയുന്ന, മുണ്ട് ഉടത്തുള്ള, പഴയ ഒരു കാമുകിയൊക്കെ ഉള്ള അനൂപ് മേനോന്‍ സ്റ്റെെലില്‍ തന്നെയുള്ള ലാലേട്ടനാകുമോ പുതിയ ചിത്രത്തിലും എന്ന അവതാരകന്‍റെ ചോദ്യത്തോട്, അതിൽ നിന്ന് ഒരു അണുവിട വ്യത്യാസം ഉണ്ടാകില്ല എന്നായിരുന്നു അനൂപ് മേനോന്‍റെ മറുപടി. 'അഞ്ച് പാട്ടുകളും മൂന്ന് ഫെെറ്റുമുള്ള ഒരു സിനിമയാണിത്. നമുക്ക് ആഗ്രഹമുള്ള ഒരു ലാലേട്ടൻ തന്നെ ആണ്. അദ്ദേഹത്തിന്റെ ഏറ്റവും നല്ല കാലഘട്ടം അതാണ്. സിനിമ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വലിയ സിനിമയാണ് വലിയ ബജറ്റാണ്. സ്ക്രിപ്റ്റ് വർക്ക് പുരോഗമിക്കുകയാണ്. സമയം എടുത്ത് ചെയ്യാനാണ് ലാലേട്ടനും പറഞ്ഞിട്ടുള്ളത്. അടുത്ത വർഷം സംഭവിക്കും,'അനൂപ് മേനോൻ പറഞ്ഞു.
Content Highlights: Anoop Menon shares update on Mohanlal's movie