Top

ഇന്ത്യ അയച്ച ​ഗോതമ്പ് വേണ്ടെന്ന് തുർക്കി; കാരണമന്വേഷിക്കാൻ കേന്ദ്രം

4 Jun 2022 6:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യ അയച്ച ​ഗോതമ്പ് വേണ്ടെന്ന് തുർക്കി; കാരണമന്വേഷിക്കാൻ കേന്ദ്രം
X

ന്യൂഡൽഹി: ഇന്ത്യ കയറ്റി അയച്ച ​ഗോതമ്പ് ചരക്ക് തുർക്കി തിരസ്കരിച്ചതിനുള്ള കാരണമന്വേഷിക്കാൻ കേന്ദ്രം. വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ​ഗോയലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 56,000 ടൺ ​ഗോതമ്പാണ് തുർക്കി വേണ്ടെന്ന് പറഞ്ഞത്. ​ഗോതമ്പിൽ മണ്ണിന്റെയോ വിത്തിന്റെയോ മലനീകരണം മൂലം സംഭവിക്കുന്ന റുബെല്ല വൈറസ് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തുർക്കി കയറ്റുമതി നിരസിച്ചതെന്നായിരുന്നു പുറത്തു വന്ന വിവരം.

എന്നാൽ മന്ത്രി പറയുന്നത് പ്രകാരം മികച്ച ​ഗുണനിലവാരമുള്ള ​ഗോതമ്പാണിത്. ഐടിസി ലിമിറ്റഡ് കമ്പനിയാണ് ഈ ​ഗോതമ്പ് ചരക്കയച്ചത്. . മികച്ച ​ഗുണനിലവാരത്തിന് പേരു കേട്ടതാണ് ഐടിസി ലിമിറ്റഡെന്നും മന്ത്രി കൂട്ടിച്ചേർത്തു. നെതർലിന്റിലേക്കയക്കാൻ ധാരണയായ ചരക്കായിരുന്നു ഇത്. നെതർലന്റിലെ മാനദണ്ഡ‍ങ്ങൾ പ്രകാരം ​ഗോതമ്പിന്റെ സുരക്ഷാ പരിശോധന നടത്തിയതാണ്. പക്ഷെ എന്തു കൊണ്ടാണ് തുർക്കി ​ഗോതമ്പ് ചരക്ക് തിരസ്കരിച്ചതിന് പിന്നിലെ ഉദ്ദേശ്യമെന്തെന്ന് വ്യക്തമല്ലെന്നും ​ഗോയൽ പറഞ്ഞു.

സർക്കാർ വൃത്തങ്ങൾ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത് പ്രകാരം തുർക്കിയുടെ തീരുമാനത്തിന് പിന്നിൽ ഇന്ത്യയുമായുള്ള നയതന്ത്ര അസ്വാരസ്യങ്ങളും കാരണമാണെന്ന സൂചനയുണ്ട്. പക്ഷെ ഈ വാദത്തെ ട്രേഡ് വിദ​ഗ്ദർ അം​ഗീകരിക്കുന്നില്ല. ഇന്ത്യയിൽ നിന്നും നിരന്തരം മോശപ്പെട്ട കയറ്റുമതി വരുന്നതായിരിക്കാം തുർക്കിയുടെ തീരുമാനത്തിന് കാരണമെന്നാണ് പേരു വെളിപ്പെടുത്താത്ത ട്രേഡ് എക്സ്പെർട്ട് മിന്റിനോട് പ്രതികരിച്ചത്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി സംബന്ധിച്ച് വിവിധ രാജ്യങ്ങൾ പരാതി ഉന്നയിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

2020 ജനുവരി മുതൽ 2021 ജൂൺ വരെയുള്ള 18 മാസത്തിനിടയിൽ 489 തവണ ​യൂറോപ്യൻ യൂണിയൻ ഇന്ത്യയിൽ നിന്നുള്ള കാർഷിക കയറ്റുമതിയിൽ ​ ​ഗുരതുര ആശങ്ക ഉന്നയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ഈ പ്രശ്നം മനസ്സിലാക്കി പരിഹരിക്കേണ്ടതുണ്ടെന്നും ഇദ്ദേഹം പറയുന്നു.

Story Highlight: India to find out why turkey rejected wheat

Next Story