ഓമനപ്പുഴ കൊലപാതകം: കൊലയ്ക്ക് കാരണം ദൈവവിശ്വാസത്തിന് എതിരായതോ? തെളിവായി ജാസ്മിന്റെ ചുമരെഴുത്തും

ജാസ്മിന്‍ ബൈബിള്‍ വലിച്ചെറിഞ്ഞത് പ്രകോപിപ്പിച്ചെന്നും അച്ഛന്റെ മൊഴിയില്‍ ഉണ്ടായിരുന്നു

dot image

ആലപ്പുഴ: ഓമനപ്പുഴ കൊലപാതകത്തില്‍ ദുരൂഹതയേറുന്നു. മകള്‍ എയ്ഞ്ചല്‍ ജാസ്മിനെ പിതാവ് ജോസ്‌മോന്‍ കൊലപ്പെടുത്തിയതിന് പിന്നില്‍ ദൈവവിശ്വാസത്തിന് എതിരായതാണോയെന്ന് പൊലീസിന് സംശയം. ജാസ്മിന്‍ വീടിന്റെ ചുവരില്‍ എഴുതിയ വാക്യമാണ് നിലവിലെ സംശയം ബലപ്പെടുത്തുന്നത്. 'മോക്ഷ, ഫ്രീഡം ഫ്രം ബെര്‍ത്ത് ആന്റ് ഡെത്ത്, സാല്‍വേഷന്‍' എന്ന വാക്യമാണ് എഴുതിയിരിക്കുന്നത്.

പ്രതി ജോസ്‌മോന്റെ മൊഴി പൂര്‍ണ്ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. രാത്രി വൈകി വന്നതാണ് കൊലപാതക കാരണമായി അച്ഛന്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ജാസ്മിന്‍ രാത്രി എവിടേക്ക് പോകുന്നു എന്നും വ്യക്തമല്ല. അതെ കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ജാസ്മിന്‍ ബൈബിള്‍ വലിച്ചെറിഞ്ഞത് പ്രകോപിപ്പിച്ചെന്നും അച്ഛന്റെ മൊഴിയില്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ജാസ്മിന്‍ (29) കൊല്ലപ്പെടുന്നത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി ജീവനൊടുക്കിയതെന്നായിരുന്നു ആദ്യം കരുതിയത്. ആത്മഹത്യയെന്ന് വരുത്താന്‍ മൃതദേഹം കിടപ്പു മുറിയിലെ കട്ടിലില്‍ കിടത്തുകയും ചെയ്തു. എന്നാല്‍ മരണത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് പിതാവിനെ ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ പിതാവ് കുറ്റസമ്മതം നടത്തി.

ജാസ്മിന്‍ പതിവായി വീട്ടിലേക്ക് വൈകി വരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ജോസ്‌മോന്‍ പറയുന്നത്. എന്നാല്‍ താന്‍ തനിച്ചാണ് കൊല നടത്തിയതെന്നായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ കൊലപാതകത്തില്‍ അമ്മയ്ക്കും പങ്കുണ്ടെന്ന് ഇയാള്‍ വ്യക്തമാക്കുകയായിരുന്നു. ജോസ്മോന്‍ കഴുത്തുഞെരിച്ചപ്പോള്‍ മാതാവ് ജെസി ജാസ്മിന്റെ കൈകള്‍ പിന്നില്‍ നിന്ന് പിടിക്കുകയായിരുന്നു. അമ്മാവനെയും തെളിവ് നശിപ്പിച്ചതിന് പൊലീസ് പിടികൂടിയിരുന്നു.

Content Highlights: Omanappuzha murder case reason for the murder against faith? Jasmine's graffiti as evidence

dot image
To advertise here,contact us
dot image