
കാലങ്ങളായി വ്യാജ ഭക്ഷ്യ ഉല്‍പ്പന്നങ്ങളെക്കുറിച്ചുളള വാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ട് അല്ലേ. ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല വിപണിയില്‍ വ്യാജന്മാരായി വിലസുന്ന പല വസ്തുക്കളും ഇന്നുണ്ട്. ഇപ്പോഴിതാ വ്യാജ പ്രോട്ടീന്‍ പൗഡറുകള്‍ വിപണിയിലുണ്ടെന്നും അവ എങ്ങനെ തിരിച്ചറിയാമെന്നും പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റ് നീത പ്രദീപ്. ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് നിത ഇക്കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്.
ഗ്ലൈസിന്‍, ടോറിന്‍ പോലുള്ള വിലകുറഞ്ഞ അമിനോ ആസിഡുകളും ക്രിയേറ്റിന്‍, ബീറ്റാ-അലനൈന്‍ പോലുള്ള പ്രോട്ടീനോജെനിക് (പ്രോട്ടീന്‍-ബില്‍ഡിംഗ്) അമിനോ ആസിഡുകളും ഉപയോഗിച്ച് പ്രോട്ടീന്‍ പൊടികള്‍ 'അമിനോ/പ്രോട്ടീന്‍ സ്‌പൈക്ക്' ചെയ്യാന്‍ കഴിയുമെന്ന് നീത പറയുന്നു.
വ്യാജ പ്രോട്ടീന്‍ പൗഡര്‍ എങ്ങനെ തിരിച്ചറിയാം
മിക്‌സിംഗ് ടെസ്റ്റ്
ഒരു ബോട്ടിലില്‍ കുറച്ച് വെളളമെടുത്ത് അതിലേക്ക് ഒരു സ്‌കൂപ്പ് പ്രോട്ടീന്‍ പൗഡര്‍ ചേര്‍ക്കുക. ഈ മിശ്രിതം 30 സെക്കന്റ് നേരം കുലുക്കുക. വെള്ളത്തില്‍ എന്തെങ്കിലും കട്ടകളോ അവശിഷ്ടങ്ങളോ അവശേഷിച്ചിട്ടുണ്ടെങ്കില്‍ അത് വ്യാജമായിരിക്കാം.
രുചി പരിശോധന
ഉല്‍പ്പന്നങ്ങളുടെ രുചി അറിഞ്ഞാലും അവ വ്യാജമാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കും. നിങ്ങള്‍ മുന്‍പ് ഇതേ ബ്രാന്‍ഡിലുള്ള പ്രോട്ടീന്‍ പൗഡര്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ രുചിച്ച് നോക്കിയാല്‍ രുചിവ്യത്യാസം ഉണ്ടെങ്കില്‍ തിരിച്ചറിയാന്‍ സാധിക്കും.
ബാര്‍കോഡ് അല്ലെങ്കില്‍ ക്യൂ ആര്‍ കോഡ് പരിശോധന
ശരിയായ ഉല്‍പ്പന്ന വിവരങ്ങള്‍ ലഭിക്കുന്നതിന് സ്മാര്‍ട്ട് ഫോണിലൂടെ ക്യൂ ആര്‍ കോഡ് സ്‌കാനര്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുക. അതുപോലെ ലൈസന്‍സ് ഇല്ലാത്ത വില്‍പ്പനക്കാരനില്‍നിന്ന് ഒരിക്കലും പ്രോട്ടീന്‍ പൗഡര്‍ വാങ്ങരുതെന്നും നീത പറയുന്നു.
ലോഗോ ടെസ്റ്റ്
നിലവില്‍ ലൈസന്‍സ് ഇല്ലാതെ, സപ്ലിമെന്റുകള്‍ ഇറക്കുമതി ചെയ്യാനോ വിതരണം ചെയ്യാനോ കഴിയില്ല. ഉല്‍പ്പന്ന ലേബലില്‍ ലൈസന്‍സ് നമ്പര്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം. (നിര്‍മ്മാണ തീയതി, ഇറക്കുമതി തീയതി, മറ്റ് പ്രത്യേകതകള്‍ എന്നിവ പോലുള്ള പ്രധാനപ്പെട്ട ഡാറ്റ നല്‍കുന്ന ഡയറ്ററി സപ്ലിമെന്റിലെ ഒരു ലേബലോ ടാഗോ ആയിരിക്കും ലൈസന്‍സ്)
സീല്‍ പരിശോധന
സാധനങ്ങള്‍ക്ക് സീല്‍ ഇല്ലെങ്കില്‍, അത് വ്യാജ പ്രോട്ടീന്‍ പൗഡറോ സപ്ലിമെന്റോ ആയിരിക്കാനാണ് സാധ്യത. അടപ്പിന്റെ ഉള്‍ഭാഗത്തെ സീല്‍ പരിശോധിക്കുക. അയഞ്ഞ സീല്‍ ചെയ്ത വ്യാജ സാധനങ്ങള്‍ ഗുണനിലവാരം കുറഞ്ഞതായിരിക്കും. ഉല്‍പ്പന്നം യഥാര്‍ത്ഥമാണെങ്കില്‍ സീലിന് കൃത്യമായ അരികുകള്‍ ഉണ്ടായിരിക്കണം. ബ്രാന്‍ഡ് നാമം സാധാരണയായി സീലുകളില്‍ പ്രയോഗിക്കാറുണ്ട്.
Content Highlights :How to spot fake protein powders