പ്രതിഷേധത്തിന്റെ പേരില്‍ എന്ത് തെമ്മാടിത്തരവും കാണിക്കാമെന്ന് ബിജെപിയും യുഡിഎഫും വിചാരിക്കേണ്ട; ഡിവൈഎഫ്‌ഐ

വ്യാഴാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളേജിന്റെ വാര്‍ഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് ഒരാള്‍ മരിക്കുന്നത്.

dot image

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ നേതൃത്വം. യുഡിഎഫിനും ബിജെപിക്കും എതിരെ ഇടതു യുവജന സംഘടന പത്തനംതിട്ടയില്‍ പ്രതിഷേധ പ്രകടനം നടത്തി. യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടായി എല്‍ഡിഎഫ് സര്‍ക്കാരിനെ ഏറെക്കാലമായി തകര്‍ക്കാന്‍ ശ്രമിക്കുന്നതായി ജില്ലാ സെക്രട്ടറി ബി നിസാം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ യുഡിഎഫും ബിജെപിയും ഒറ്റ മുന്നണിയായി മന്ത്രി വീണാ ജോര്‍ജിനെ മോശപ്പെടുത്താന്‍ പരിശ്രമം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ആരോഗ്യരംഗം രാജ്യത്തിന് തന്നെ മാതൃക. നിപ്പയെയും കോവിഡിനെയും പിടിച്ചു കെട്ടിയ സംസ്ഥാനമാണ് കേരളം. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ മന്ത്രി വീണാ ജോര്‍ജ്ജിനെ ആക്ഷേപിക്കാന്‍ ശ്രമം. പ്രതിഷേധത്തിന്റെ പേരില്‍ എന്ത് തെമ്മാടിത്തരവും കാണിക്കാമെന്ന് ബിജെപിയും യുഡിഎഫും വിചാരിക്കേണ്ട. ആ തീരുമാനത്തിന് ഡിവൈഎഫ്‌ഐ അറുതി വരുത്തുമെന്ന് ബി നിസാം പറഞ്ഞു.

അതേസമയം കോട്ടയം മെഡിക്കല്‍ കോളേജിലെ പഴയ കെട്ടിടം പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന മന്ത്രി തല യോഗത്തിലെ തീരുമാനം നടപ്പാക്കിയില്ലെന്ന വിവരവും പുറത്ത് വന്നിരുന്നു. ഉദ്ഘാടനത്തിന് കാത്തുനില്‍ക്കാതെ പുതിയ കെട്ടിടത്തിലേക്ക് മാറ്റണം എന്ന മന്ത്രി തല യോഗത്തിലെ തീരുമാനമാണ് നടപ്പാക്കാതിരുന്നത്. മെയ് 30നാണ് യോഗം നടന്നത്. മന്ത്രിമാരായ വി എന്‍ വാസവനും വീണാ ജോര്‍ജ്ജും പങ്കെടുത്ത യോഗത്തില്‍ ആയിരുന്നു തീരുമാനമുണ്ടായത്.

വ്യാഴാഴ്ചയാണ് കോട്ടയം മെഡിക്കല്‍ കോളേജിന്റെ വാര്‍ഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് ഒരാള്‍ മരിക്കുന്നത്. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവാണ് മരിച്ചത്. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. മകള്‍ക്ക് കൂട്ടിരിപ്പിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു.

14ാം വാര്‍ഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ചെറിയ പരിക്കുമുണ്ടായിരുന്നു. കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇടിഞ്ഞ് വീണത്. 12 വര്‍ഷമായി ബലക്ഷയമുള്ള കെട്ടിടത്തിന്റെ ഭാഗമാണ് ഇടിഞ്ഞുവീണത്. തകര്‍ന്ന ശുചിമുറിയുടെ ഭാഗം അടച്ചിട്ടതായിരുന്നുവെന്ന് അപകടം നടന്നയുടനേ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ തകര്‍ന്ന കെട്ടിടം ഉപയോഗിച്ചിരുന്നതായി രോഗികളും വ്യക്തമാക്കിയിരുന്നു.

Content Highlights: BJP and UDF should not think that they can do any mischief in the name of protest; DYFI

dot image
To advertise here,contact us
dot image