'മറാത്തി ഭാഷയ്ക്കും ജനങ്ങൾക്കുമൊപ്പം'; വർഷങ്ങൾക്ക് ശേഷം വേദി പങ്കിട്ട് ഉദ്ദവ് താക്കറെയും രാജ് താക്കറെയും

തങ്ങള്‍ക്കിടയിലെ വിടവ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇല്ലാതാക്കിയെന്ന് പരിഹസിച്ച ഉദ്ദവ് താക്കറെ ഇനി ഭിന്നിപ്പുണ്ടാക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു

'മറാത്തി ഭാഷയ്ക്കും ജനങ്ങൾക്കുമൊപ്പം'; വർഷങ്ങൾക്ക് ശേഷം വേദി പങ്കിട്ട് ഉദ്ദവ് താക്കറെയും രാജ് താക്കറെയും
dot image

മുംബൈ: മറാത്തി ഭാഷയ്ക്ക് വേണ്ടി കൈകോര്‍ക്കാന്‍ ശിവസേന (യുബിടി)യും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്)യും. മറാത്തി ഭാഷയെയും മറാത്തി ജനതയെയും മഹാരാഷ്ട്രയെയും സംരക്ഷിക്കാനും എംഎന്‍എസ് അധ്യക്ഷനും കസിന്‍ സഹോദരനുമായ രാജ് താക്കറെയുമായി കൈകോര്‍ക്കുന്നുവെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ വ്യക്തമാക്കി. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ആഞ്ഞടിച്ച അദ്ദേഹം ഇതൊരു തുടക്കമാണെന്നും ബാലാസാഹേബ് താക്കറെയുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഭാവിയിലും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ നിന്ന് ഹിന്ദി ഭാഷാ നയം പിന്‍വലിച്ചതിനെ തുടര്‍ന്ന് നടത്തുന്ന മെഗാ വിജയ സമ്മേളനത്തിലാണ് 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിച്ചൊരു വേദി പങ്കിടുന്നത്. തങ്ങള്‍ക്കിടയിലെ വിടവ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇല്ലാതാക്കിയെന്ന് പരിഹസിച്ച ഉദ്ദവ് താക്കറെ ഇനി ഭിന്നിപ്പുണ്ടാക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു. തങ്ങള്‍ ഒരുമിച്ച് ജീവിക്കുമെന്നും ഉദ്ദവ് താക്കറെ വ്യക്തമാക്കി.

സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ബിജെപിയുടെ സൗകര്യാര്‍ത്ഥം സഖ്യകക്ഷികളെ ഉപയോഗിക്കുന്നുവെന്ന് വിമര്‍ശിച്ച ഉദ്ദവ് താക്കറെ താനും രാജും ചേര്‍ന്ന് മഹാരാഷ്ട്രയുടെ അധികാരത്തില്‍ നിന്നും ബിജെപിയെ പുറത്താക്കുമെന്ന് കൂട്ടിച്ചേര്‍ത്തു. 'എന്റെ അച്ഛന്‍ ഈ കാപട്യത്തിന് എതിരെ പോരാടി. ഞങ്ങള്‍ ഇപ്പോള്‍ അതിന് വേണ്ടി ഒന്നിച്ചിരിക്കുന്നു. ഉപയോഗിച്ച് ഉപേക്ഷിക്കലാണ് ബിജെപിയുടെ രീതി. ഇപ്പോള്‍ ഞങ്ങള്‍ രണ്ട് പേരും നിങ്ങളെ വലിച്ചെറിയാനുള്ള തീരുമാനത്തിലാണ്', ഉദ്ദവ് താക്കറെ പറഞ്ഞു.

ഹിന്ദുത്വയെ ഉപേക്ഷിച്ചിട്ടില്ലെന്നും ഉദ്ദവ് താക്കറെ കൂട്ടിച്ചേര്‍ത്തു. ഹിന്ദുത്വ ഒരു ഭാഷയുടെയും കുത്തകയല്ലെന്നും ആധികാരിക മറാത്തി സംസാരിക്കുന്ന തങ്ങള്‍ നിങ്ങളേക്കാള്‍ ദേശസ്‌നേഹമുള്ള ഹിന്ദുക്കളാണെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. താന്‍ മുഖ്യമന്ത്രിയായിരിക്കെ മറാത്തി ഭാഷ നിര്‍ബന്ധമാക്കിയെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

എന്തിനാണ് ഹിന്ദി കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് രാജ് താക്കറെ റാലിയില്‍ വെച്ച് ചോദിച്ചു. മറാത്തി ജനതയുടെ ശക്തമായ ഐക്യം കാരണമാണ് ത്രിഭാഷാ നയത്തില്‍ നിന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്മാറിയതെന്നും രാജ് താക്കറെ കൂട്ടിച്ചേര്‍ത്തു. ഇംഗ്ലീഷ്, മറാത്തി മീഡിയം സ്‌കൂളുകളിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി നിര്‍ബന്ധിത ഭാഷയാക്കിക്കൊണ്ടുള്ള ഉത്തരവ് ഫഡ്‌നാവിസ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കനത്ത പ്രതിഷേധത്തിന് പിന്നാലെ സര്‍ക്കാരിന് ഉത്തരവ് പിന്‍വലിക്കേണ്ടി വന്നിരുന്നു.

Content Highlights: Uddhav Thackeray and Raj Thackeray shared the stage after many years

dot image
To advertise here,contact us
dot image