
പലപ്പോഴും വീടുകളിൽ ജോലിക്ക് എത്തുന്ന ആളുകൾ വളരെ ദരിദ്രരാണെന്നും, തങ്ങളെക്കാൾ കുറഞ്ഞ വരുമാനവും ജീവിത സാഹചര്യവുമുള്ളവരാണെന്നുമാണ് നമുക്കിടയിലുള്ള പൊതുധാരണ. വീട്ടിൽ ജോലിക്ക് വരുന്നയാൾക്ക് വീട്ടുടമസ്ഥനെക്കാൾ വരുമാനമുണ്ടെന്നത് നമ്മെ സംബന്ധിച്ച് അൽപം കൗതുകമുണ്ടാക്കുന്ന കാര്യമാണ്.
തന്റെ വീട്ടിൽ ജോലിക്ക് വരുന്ന സ്ത്രീയുടെയും അവരുടെ കുടുംബത്തിന്റെയും വരുമാനം തന്റെ വരുമാനത്തെക്കാൾ കൂടുതലാണെന്ന് കാണിച്ചുകൊണ്ട് ഒരു യുവാവ് റെഡിറ്റിൽ പങ്കുവച്ച കുറിപ്പ് ഇപ്പോള്‍ ചർച്ചയാവുകയാണ്. 'എന്റെ വീട്ടുജോലിക്കാരി ഇപ്പോൾ എന്നെക്കാൾ സമ്പന്നയാണ്' എന്ന തലക്കെട്ടോടെ യുവാവ് പങ്കുവച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ്. അദ്ദേഹത്തിന്റെ വീട്ടുജോലിക്കാരിയുടെ കുടുംബം 1.3 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ടെങ്കിലും നികുതിയൊന്നും അടയ്ക്കേണ്ടി വരുന്നില്ലെന്നും റെഡിറ്റിലെ കുറിപ്പിലൂടെ യുവാവ് വ്യക്തമാക്കി.
രാവിലെ 9 മണിക്ക് ജോലി തുടങ്ങുന്ന ഈ സ്ത്രീ വൈകീട്ട് 5 മണി വരെ മൂന്നു വീടുകളിലാണ് ജോലിക്ക് പോകുന്നത്, ഇതിലൂടെ പ്രതിമാസം 30,000 രൂപ വരെ സമ്പാദിക്കാൻ അവർക്ക് കഴിയുന്നു. ദിവസ വേതനക്കാരനായ ഭർത്താവിനും പ്രതിമാസം 30,000 രൂപ വരുമാനമുണ്ട്. അവരുടെ തന്നെ നാട്ടിൽ ഒരു തുണിക്കടയിൽ ജോലിക്ക് നിൽക്കുന്ന മൂത്ത മകനും ഏകദേശം ഇതേ തുക മാസം വരുമാനമുണ്ട്. കൂടാതെ അവരുടെ പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന മകളും തയ്യലിലൂടെ മാസം ഏകദേശം 3000 രൂപയോളം സമ്പാദിക്കുന്നുണ്ട്. ഇത് വൈകാതെ 20000 രൂപ വരെ ഉയരാൻ സാധ്യതയുണ്ടെന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
അഞ്ച് പേരടങ്ങുന്ന ഈ കുടുംബത്തിൽ ഇളയ മകൻ നിലവിൽ പ്ലംബിങ് ജോലി ചെയ്യുന്നതിനുള്ള പരിശീലനത്തിലാണ്. ഉടൻ തന്നെ അദ്ദേഹവും ജോലിയിൽ പ്രവേശിക്കുന്നതിലൂടെ കുടുംബത്തിന്റെ വരുമാനം ഇനിയും ഉയരുമെന്നാണ് യുവാവ് തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നത്. പഠനാവശ്യത്തിനായി മകൻ 60,000 രൂപ വിലയുള്ള വൺ പ്ലസിന്റെ സ്മാർട്ട് ഫോൺ ആവശ്യപ്പെട്ടതായി ഒരിക്കൽ ജോലിക്കാരി പറഞ്ഞ കാര്യവും കുറിപ്പിലുണ്ട്. റെഡിറ്റിൽ പങ്കുവച്ച പോസ്റ്റിലെ വിവരങ്ങൾ പ്രകാരം കുടുംബത്തിന്റെ നിലവിലെ പ്രതിമാസ വരുമാനം 98000 രൂപയാണ്. വൈകാതെ ഇത് 1.25 ലക്ഷത്തിനും 1.30 ലക്ഷത്തിനും ഇടയിലേക്ക് മാറുമെന്നും, ഈ പണത്തിന് യാതൊരു നികുതിയും അവര്‍ അടയ്ക്കേണ്ടി വരുന്നില്ലെന്നും ഈ കുറിപ്പില്‍ പറയുന്നു.
'കുടുംബം നിലവിൽ താമസിക്കുന്നത് പ്രതിമാസം 6,000 രൂപ വാടകയുള്ള വീട്ടിലാണ്. ഭക്ഷണത്തിന് സർക്കാർ വക റേഷനും ലഭിക്കും. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ഈ കുടുംബത്തിന് അവരുടെ നാട്ടിൽ സ്വന്തമായി വീടും ലഭിച്ചിട്ടുണ്ട്. ഈ വീട് വാടകയ്ക്ക് കൊടുക്കാനും, കുടുംബ സ്വത്തായി ലഭിച്ച സ്ഥലം പാട്ടത്തിന് കൊടുക്കാനും ഇവർ ആലോചിക്കുന്നുണ്ട്' കുറിപ്പിൽ വ്യക്തമാക്കുന്നു.
'ഈ പോസ്റ്റ് കണ്ട് ആരും തെറ്റിദ്ധരിക്കരുത്. അവരുടെ ഈ വളർച്ചയിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ആ കുടുംബത്തിലെ എല്ലാവരും കഠിനാധ്വാനം ചെയ്താണ് പണം സമ്പാദിക്കുന്നത്. അതിന് അവർ അർഹരുമാണ്. പക്ഷെ ഈ കുറിപ്പ് ശരിക്കും മധ്യ വർഗ കുടുംബം ആരാണ് എന്ന് ഒന്നുകൂടി ചിന്തിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുമെന്ന് കരുതുന്നു,' എന്ന് പറഞ്ഞുകൊണ്ട് യുവാവ് തന്റെ കുറിപ്പ് അവസാനിപ്പിച്ചു. ഇദ്ദേഹത്തിന്റെ വാക്കുകളെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി ആളുകളാണ് കമന്റ് ബോക്‌സിൽ എത്തിയത്.
Content Highlight; Maid’s Family Earns ₹1 Lakh a Month, Pays No Tax