Top

മണിപ്പൂരിൽ ജെ ഡി യുവിന് തിരിച്ചടി; ഏഴ് എംഎൽഎമാരിൽ അ‍ഞ്ച് പേർ ബിജെപിയിൽ ചേർന്നു

അഞ്ച് ജെഡിയു എംഎൽഎമാരെ ബിജെപിയിൽ ലയിപ്പിച്ചത് അംഗീകരിക്കുന്നതിൽ സ്പീക്കർക്ക് സന്തോഷമുണ്ടെന്ന് മണിപ്പൂർ നിയമസഭാ സെക്രട്ടറി കെ.മേഘജിത് സിങ് പറഞ്ഞു

2 Sep 2022 10:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മണിപ്പൂരിൽ ജെ ഡി യുവിന് തിരിച്ചടി; ഏഴ് എംഎൽഎമാരിൽ അ‍ഞ്ച് പേർ ബിജെപിയിൽ ചേർന്നു
X

ഗുവാഹത്തി: മണിപ്പൂരിൽ ജനതാദളിന്റെ ഏഴ് എംഎൽഎമാരിൽ അഞ്ച് പേരും ബിജെപിയിൽ ചേർന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബിജെപി സഖ്യം വിട്ടതിനു പിന്നാലെയാണ് എംഎൽഎമാരുടെ നീക്കം. കെ ജോയ്കിഷൻ, എൻ സനേറ്റ്, എംഡി അച്ചാബ് ഉദ്ദീൻ, മുൻ ഡിജിപി എൽ എം ഖൗട്ടെ, തങ്ജം അരുൺകുമാർ എന്നിവരാണ് ബിജെപിയിൽ ചേർന്ന എംഎൽഎമാർ

അഞ്ച് ജെഡിയു എംഎൽഎമാരെ ബിജെപിയിൽ ലയിപ്പിച്ചത് അംഗീകരിക്കുന്നതിൽ സ്പീക്കർക്ക് സന്തോഷമുണ്ടെന്ന് മണിപ്പൂർ നിയമസഭാ സെക്രട്ടറി കെ.മേഘജിത് സിങ് പറഞ്ഞു. ഖൗട്ടെയും അരുൺകുമാറും മുമ്പ് ബിജെപിക്ക് വേണ്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും പാർട്ടി നിരസിച്ചതിനെ തുടർന്ന് ജെഡിയുവിൽ ചേരുകയായിരുന്നു.

ഈ വർഷം മാർച്ചിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 38 മണ്ഡലങ്ങളിൽ ആറിലും ജെഡിയു വിജയിച്ചിരുന്നു. നിതീഷ് കുമാറിന്റെ ജെഡിയു സഖ്യം മണിപ്പൂരിലെ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ബിരെന്‍ സിങിന്റെ നേതൃത്തിലുള്ള സര്‍ക്കാരിന് ഇതൊരു വെല്ലുവിളിയല്ലെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്.

നിലവില്‍ 60 സീറ്റുള്ള നിയമസഭയില്‍ 55 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. ഇതില്‍ ഏഴ് ജെഡിയു എംഎല്‍എമാരാണുണ്ടായിരുന്നത്. പാര്‍ട്ടി പിന്തുണ പിന്‍വലിച്ചാലും 48 എംഎല്‍എമാര്‍ ബിജെപിക്കുണ്ടാവും. ഭൂരിപക്ഷം 31 ആയതിനാല്‍ ജെഡിയു സഖ്യം പിന്‍വാങ്ങിയാലും അത് ബിജെപിയെ ബാധിക്കില്ലെന്നു വേണം കരുതാന്‍. സെപ്റ്റംബര്‍ 3-4 തീയതികളില്‍ പാറ്റ്‌നയില്‍ വെച്ച് നടക്കുന്ന നാഷണല്‍ എക്‌സിക്യൂട്ടിവ് സമ്മേളനത്തില്‍ വെച്ച് ബിജെപി അന്തിമ തീരുമാനം എടുത്തേക്കാം.

STORY HIGHLIGHTS: 5 of 7 mlas from nitish kumar's jdu in manipur merge with bjp

Next Story