അഭിപ്രായം വേണ്ട, അന്തിമ തീരുമാനം വരും; മുഖ്യമന്ത്രി പദത്തില്‍ സ്വരം കടുപ്പിച്ച് ഡി കെ

പരസ്യപ്രസ്താവന നടത്തുന്നവര്‍ക്കെതിരെ തനിക്കൊന്നും ചെയ്യാനാകില്ല, പക്ഷെ എഐസിസി നോട്ടീസ് നല്‍കുമെന്നും ഡി കെ മുന്നറിയിപ്പ് നല്‍കി.
അഭിപ്രായം വേണ്ട, അന്തിമ തീരുമാനം വരും; മുഖ്യമന്ത്രി പദത്തില്‍ സ്വരം കടുപ്പിച്ച് ഡി കെ

ബെംഗളൂരു: മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളോട് പ്രതികരിച്ച് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ഇക്കാര്യത്തില്‍ താന്‍ ആരുടെയും നിര്‍ദേശം സ്വീകരിക്കുന്നില്ലെന്നും അന്തിമ തീരുമാനം ഹൈക്കാന്‍ഡിന്റേത് ആവുമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. സിദ്ധരാമയ്യ മുഖ്യമന്ത്രി പദം ഒഴിയണമെന്നും പകരം ഡി കെ വരണമെന്നും കഴിഞ്ഞ ദിവസം വൊക്കലിഗ സമുദായത്തില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. കെമ്പഗൗഡജയന്തി ആഘോഷത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ വേദിയിലിരുത്തിയാണ് വിശ്വ വൊക്കലിഗ മഹാസമസ്താന മഠാധിപതി ചന്ദ്രശേഖര്‍ സ്വാമിജി ഇക്കാര്യം ഉന്നയിച്ചത്.

മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദങ്ങളെക്കുറിച്ച് യാതൊരു ചര്‍ച്ചയും നടക്കുന്നില്ല. കുമാര ചന്ദ്രശേഖരാനന്ദ സ്വാമി എന്നോടുള്ള സ്‌നേഹം കൊണ്ടാവാം ആവശ്യം ഉയര്‍ത്തിയത്. ആരും യാതൊരു നിര്‍ദേശവും ഉയര്‍ത്തരുതെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്. എന്റെ പ്രവര്‍ത്തങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുക്കും' ശനിയാഴ്ച്ച മാധ്യമങ്ങളോടായിരുന്നു ഡി കെ ശിവകുമാറിന്റെ പ്രതികരണം.

എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഹൈക്കമാന്‍ഡ് പ്രതിനിധികളും താനും ചേര്‍ന്ന് കര്‍ണാടകയുടെ താല്‍പര്യം കണക്കിലെടുത്ത് എങ്ങനെ മുന്നോട്ടുപോകണമെന്ന കാര്യത്തില്‍ സമവായത്തിലെത്തിയിട്ടുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു. എംഎല്‍എമാരോ മന്ത്രിമാരോ മത പുരോഹിതന്മാരോ ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടതില്ലെന്നും ഡി കെ നിര്‍ദേശം നല്‍കി.

പിന്തുണക്കാന്‍ ആഗ്രഹിക്കുന്നവര്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക. മുഖ്യമന്ത്രി ചര്‍ച്ചകള്‍ ഇവിടെ അവസാനിക്കണം. മുഖ്യമന്ത്രി പദത്തെക്കുറിച്ചോ ഉപമുഖ്യമന്ത്രി പദത്തെക്കുറിച്ചോ ഒരു മന്ത്രിയും സംസാരിക്കേണ്ടതില്ല. പരസ്യപ്രസ്താവന നടത്തുന്നവര്‍ക്കെതിരെ തനിക്കൊന്നും ചെയ്യാനാകില്ല, പക്ഷെ എഐസിസി നോട്ടീസ് നല്‍കുമെന്നും ഡി കെ മുന്നറിയിപ്പ് നല്‍കി.

ഡി കെ ശിവകുമാറിന് വേണ്ടി സിദ്ധരാമയ്യ മുഖ്യമന്ത്രി പദവി ഒഴിയണമെന്നും ശിവകുമാര്‍ ഇതുവരെയും മുഖ്യമന്ത്രി പദം അലങ്കരിച്ചില്ലെന്നുമായിരുന്നു വൊക്കലിഗ മഠാധിപതി പറഞ്ഞത്.

'എല്ലാവരും മുഖ്യമന്ത്രിയാവുകയും അധികാരം ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, നമ്മുടെ ഡി കെ ശിവകുമാര്‍ ഇതുവരെയും മുഖ്യമന്ത്രിയായിട്ടില്ല. സിദ്ധരാമയ്യ ഇതിനകം അധികാരത്തിലിരുന്നയാളാണ്. ഭാവിയില്‍ സിദ്ധരാമയ്യ ഡി കെ ശിവകുമാറിന് മുഖ്യമന്ത്രി പദം കൈമാറണം. ഒരിക്കല്‍ കൂടി ഞാന്‍ അപേക്ഷിക്കുകയാണ്, ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കൂ.' എന്നായിരുന്നു ചന്ദ്രശേഖര്‍ സ്വാമിജിയുടെ വാക്കുകള്‍

2023 നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടനയെ ശക്തിപ്പെടുത്തുന്നതില്‍ ഡി കെ ശിവകുമാര്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പദം അര്‍ഹിക്കുന്നുണ്ടെന്നും പിന്നീട് ഒരു ടിവി ചാനലിനോട് നടത്തിയ പ്രതികരണത്തിലും അദ്ദേഹം ആവര്‍ത്തിച്ചു. കര്‍ണ്ണാടക ജനസംഖ്യയുടെ 15 ശതമാനം വരുന്ന വൊക്കലിഗ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ഡി കെ ശിവകുമാര്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com