ജാര്‍ഖണ്ഡില്‍ കല്‍ക്കരി ഖനി തകര്‍ന്ന് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം; തകര്‍ന്നത് അനധികൃത കല്‍ക്കരി ഖനി

സംഭവസ്ഥലത്തേക്ക് എത്തിയ നാട്ടുകാര്‍ വിവിധ ഉപകരണങ്ങള്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കി രക്ഷാപ്രവര്‍ത്തനം നടത്തി

ജാര്‍ഖണ്ഡില്‍ കല്‍ക്കരി ഖനി തകര്‍ന്ന് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം; തകര്‍ന്നത് അനധികൃത കല്‍ക്കരി ഖനി
dot image

റാഞ്ചി: ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ ബാഗ്മാരയില്‍ അനധികൃത കല്‍ക്കരി ഖനി ഇടിഞ്ഞ് വീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ഞായറാഴ്ച രാവിലെ പ്രദേശവാസികള്‍ കല്‍ക്കരി ശേഖരിക്കുമ്പോഴാണ് അപകടം ഉണ്ടായത്.

ടണലിന്റെ മുകൾ ഭാഗം ഇടിഞ്ഞ് വീണതോടെ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് ആശങ്ക. സംഭവസ്ഥലത്തേക്ക് എത്തിയ നാട്ടുകാര്‍ വിവിധ ഉപകരണങ്ങള്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കി രക്ഷാപ്രവര്‍ത്തനം നടത്തി. ഇതില്‍ മൂന്ന് പേരെ രക്ഷപ്പെടുത്താനായെങ്കിലും ഗുരുതരമായി പരിക്കേറ്റ രണ്ട് സ്ത്രീകള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയായിരുന്നു. അപകടത്തില്‍ മരിച്ച മറ്റൊരാളെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. മരണസംഖ്യയും കുടുങ്ങിയവരുടെ എണ്ണവും സംബന്ധിച്ച് വ്യക്തത ലഭിക്കാന്‍ അന്വേഷണം പൂര്‍ത്തിയാകേണ്ടതുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനവും അന്വേഷണം തുടരുകയാണ്.

പ്രദേശത്തെ പുരുഷന്മാരും സ്ത്രീകളും പതിവായി ഇത്തരം അനധികൃത ടണലുകളില്‍ കല്‍ക്കരി ശേഖരിക്കാന്‍ പ്രവേശിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഖനി ഇടിഞ്ഞുവീണ സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു. അനധികൃത ഖനനത്തിന്റെ അപകടസാധ്യതയെ കുറിച്ച് നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തി. കൂടുതല്‍ ആളുകള്‍ ഇനിയും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയിരിക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ധന്‍ബാദ് ജില്ലയിലെ ബാഗ്മാരയും കത്രാസും അനധികൃത കല്‍ക്കരി ഖനനത്തിന് പേരുകേട്ട പ്രദേശങ്ങളാണ്. ഇത്തരം ഖനന പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും അപകടങ്ങള്‍ക്ക് വഴിവെക്കുകയും നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുമുണ്ട്. എങ്കിലും അനധികൃത വ്യാപാരം തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Illegal coal mine collapse in Jharkhand’s Dhanbad kills three, highlighting ongoing safety risks and unchecked illegal mining

dot image
To advertise here,contact us
dot image