'യുകെയില്‍ പോയത് സുഹൃത്തിന്റെ കാര്‍ റേസ് കാണാന്‍'; വിജയ്‌ക്കെതിരെ വിമര്‍ശനവുമായി ഡിഎംകെ; പ്രതിരോധിച്ച് ടിവികെ

കാറോട്ട മത്സരം കാണാനെത്തിയ വിജയ്‌ക്കൊപ്പം നടി തൃഷയുടെ സാന്നിധ്യവും ചര്‍ച്ചയാകുന്നുണ്ട്

'യുകെയില്‍ പോയത് സുഹൃത്തിന്റെ കാര്‍ റേസ് കാണാന്‍'; വിജയ്‌ക്കെതിരെ വിമര്‍ശനവുമായി ഡിഎംകെ; പ്രതിരോധിച്ച് ടിവികെ
dot image

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ യുകെ സന്ദര്‍ശനത്തിനെതിരെ വിമര്‍ശനവുമായി ഡിഎംകെ. ബ്രിട്ടനില്‍ നടന്ന മാന്‍സ് കപ്പ് അന്തര്‍ദേശീയ റേസിങ് മത്സരത്തില്‍ വിജയ് മുഖ്യാതിഥിയായി പങ്കെടുത്തത് ഉയര്‍ത്തിക്കാട്ടിയാണ് ഡിഎംകെ വിമര്‍ശനമുയര്‍ത്തിയത്.

വിദേശ നിക്ഷേപം ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലണ്ടനില്‍ പോകുന്നതെന്നായിരുന്നു വിജയ് പറഞ്ഞത്. എന്നാല്‍ സുഹൃത്ത് കൂടിയായ നടന്‍ അജിത് കുമാറിന്റെ കാര്‍ റേസിങ് കാണാന്‍ വിജയ് പോയത് എല്ലാവരും കണ്ടതാണെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ വിമർശിച്ചു. ഡിഎംകെ എംഎല്‍എ മാര്‍ക്കണ്ഡേയനും വിജയ്‌ക്കെതിരെ രംഗത്തെത്തി. നിലവിൽ സംസ്ഥാനത്തെ ബാധിക്കുന്ന നിരവധി വിഷയങ്ങളുണ്ടെന്നും അതിനൊന്നും പ്രാധാന്യം നൽകാതെ, വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ അടിയന്തര പ്രാധാന്യമെന്താണെന്നും മാര്‍ക്കണ്ഡേയന്‍ ചോദിച്ചു.

ഡിഎംകെയ്ക്ക് എതിരെ പ്രതിരോധവുമായി ടിവികെയും രംഗത്തെത്തി. ഔദ്യോഗിക യാത്രയ്ക്കിടെ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഒരു സുഹൃത്തിനെ സന്ദര്‍ശിച്ചതില്‍ പ്രശ്‌നമില്ലെന്നായിരുന്നു ടിവികെ വക്താവ് അമരിക വി നാരായണന്‍ പറഞ്ഞത്. തമിഴ്‌നാട്ടിലെ ഒരു പ്രധാന താരമാണ് അജിത് കുമാര്‍. ഇതിന് പുറമേ അന്താരാഷ്ട്ര തലത്തില്‍ റേസിങില്‍ പ്രമുഖനായ വ്യക്തി കൂടിയാണ് അദ്ദേഹം. അദ്ദേഹം പങ്കെടുക്കുന്ന ഒരു പരിപാടിയിൽ വിജയ്‌യുടെ സാന്നിധ്യം തമിഴ്‌നാടിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുമെന്നും അമരിക വി നാരാണന്‍ പറഞ്ഞു.

മാന്‍സ് കപ്പ് റേസിങ് മത്സരത്തിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ചത് മുഖ്യമന്ത്രി വിജയ് ആയിരുന്നു. ചടങ്ങിനിടെ അജിത്തിനെ കണ്ട് വിജയ് ഓടിയെത്തി കെട്ടിപ്പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാറോട്ട മത്സരം കാണാനെത്തിയ വിജയ്‌ക്കൊപ്പം നടി തൃഷയുടെ സാന്നിധ്യവും ചര്‍ച്ചയാകുന്നുണ്ട്. മന്ത്രി ആദര്‍ശ് അര്‍ജുനയ്‌ക്കൊപ്പം മത്സരം കാണുന്നതിനിടെ തൃഷ ഇവിടേയ്ക്ക് വരുന്നതിന്റെ ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ വിജയ് മുഖം തിരിക്കുന്നതും വീഡിയോയിലുണ്ട്. ഈ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.

Content Highlights- DMK criticised Vijay over his visit to the UK, saying he travelled there to watch a friend’s car race. TVK defended Vijay against the criticism

dot image
To advertise here,contact us
dot image