സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയവര്‍ക്കൊപ്പം ബിജെപി നില്‍ക്കില്ല: അമിത് ഷാ

നരേന്ദ്ര മോദിയുടെ രാഷ്ട്രീയ കുടുംബത്തില്‍ അംഗമാകുന്നത് കുറ്റവാളികളുടെ സുരക്ഷാ ഗ്യാരന്റിയാണെന്ന് നേരത്തെ രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു
സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയവര്‍ക്കൊപ്പം ബിജെപി നില്‍ക്കില്ല: അമിത് ഷാ

ബെംഗളൂരു: സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയവര്‍ക്കൊപ്പം ബിജെപി നില്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ണാടകയിലെ ഹസനില്‍ ബിജെപി-ജെഡിഎസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരായ ലൈംഗികാതിക്രമ ആരോപണത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം. വൊക്കലിഗ സ്വാധീന കേന്ദ്രങ്ങളിലെ വോട്ടെടുപ്പ് കഴിയുന്നത് വരെ പ്രജ്ജ്വുലിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് കാത്തിരുന്നുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി. കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

'ഞങ്ങള്‍ ജെഡിഎസുമായി സഖ്യത്തിലാണ്. ഇപ്പോള്‍ പ്രജ്ജ്വല്‍ രേവണ്ണയുടെ സി ഡി വന്നിരിക്കുകയാണ്. കോണ്‍ഗ്രസ് ചിന്തിക്കുന്നത് ബിജെപിയെ കുടുക്കാമെന്നാണ്. പക്ഷെ സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയവര്‍ക്കൊപ്പം ബിജെപി നില്‍ക്കില്ലെന്ന് വ്യക്തമാക്കുന്നു' എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്നത് കോണ്‍ഗ്രസാണെന്നും നടപടിയെടുക്കേണ്ടിയിരുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. വൊക്കലിഗ സ്വാധീനകേന്ദ്രങ്ങളിലെ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിങ്ങള്‍ നടപടിക്ക് മുന്‍കൈ എടുത്തില്ല. നിങ്ങള്‍ രാഷ്ട്രീയം കളിച്ചു, പ്രജ്ജ്വലിനെ രക്ഷപെടാന്‍ അനുവദിച്ചു. നിങ്ങള്‍ കാരണമാണ് ഹീനമായ കുറ്റവാളികള്‍ രാജ്യം വിട്ട് പോകുന്നത്. നിങ്ങള്‍ക്ക് ആ സത്യം തുറന്ന് പറയാന്‍ ധൈര്യം വേണമെന്നും അമിത് ഷാ വ്യക്തമാക്കി.

നരേന്ദ്ര മോദിയുടെ രാഷ്ട്രീയ കുടുംബത്തില്‍ അംഗമാകുന്നത് കുറ്റവാളികളുടെ സുരക്ഷാ ഗ്യാരന്റിയാണെന്ന് നേരത്തെ രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു. പ്രജ്ജ്വലിനെ രാജ്യം വിട്ടുപോകാന്‍ സഹായിച്ചത് നരേന്ദ്ര മോദിയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കര്‍ണാടകയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യത്തില്‍ നരേന്ദ്ര മോദി മൗനം പാലിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.

നിരവധി സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കുകയും, പീഡന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഇരകളെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രജ്വല്‍ രേവണ്ണക്കെതിരായ പരാതി. പീഡന ദൃശ്യങ്ങളില്‍ ചിലത് രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് പുറത്ത് വന്നതോടെ പ്രത്യേക സംഘത്തെ നിയോഗിച്ച് കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണ ആയുധമായി പ്രജ്ജ്വലിൻ്റെ വീഡിയോ വിവാദം മാറിയിരുന്നു. ഇതിനിടെയാണ് പ്രജ്ജ്വല്‍ വിദേശത്തേയ്ക്ക് കടന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും സ്ഥലത്ത് ഇല്ലെന്നായിരുന്നു പ്രജ്ജ്വലിന്റെ മറുപടി. നേരത്തെ ജെഡിഎസ് പ്രജ്ജ്വലിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജെഡിഎസിന്റെ കോര്‍കമ്മിറ്റി യോഗമാണ് പ്രജ്ജ്വലിനെതിരെ നടപടി സ്വീകരിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com