
കൊച്ചി: അനധികൃത കുടിയേറ്റക്കാരെ തടയാന് രാജ്യാതിര്ത്തികളില് എന്ത് ചെയ്തുവെന്ന് കേന്ദ്ര സര്ക്കാരിനോട് സുപ്രീം കോടതി ചോദിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കണം. രാജ്യത്ത് വ്യത്യസ്ത പ്രദേശങ്ങളില് വ്യത്യസ്ത സംസ്കാരമാണ് പിന്തുടരുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തില് ബാധകമായ തീയതികളുടെ യുക്തിയെന്തെന്നും കേന്ദ്ര സര്ക്കാരിനോട് സുപ്രീം കോടതി ചോദിച്ചു.
കുടിയേറ്റക്കാരായ എത്ര പേരെ മടക്കിയയച്ചു. 1966നും 71നും ഇടയിൽ ഇന്ത്യയിൽ കുടിയേറിയവരെ വിദേശികളായാണോ കണക്കാക്കുന്നത് എന്നും ഭരണഘടനാ ബെഞ്ച് ആരാഞ്ഞു. വോട്ടര് പട്ടിക തയ്യാറാക്കിയ തീയതിയാണ് ഇതിന്റെ അടിസ്ഥാനമെന്ന് സോളിസിറ്റര് ജനറല് തുഷാര് മേത്ത വിശദീകരിച്ചു. വിദേശികളെന്ന് അഭയാര്ത്ഥികള് തന്നെ അവകാശപ്പെടുന്ന സാഹചര്യത്തിലാണ് പൗരത്വത്തിന് വ്യവസ്ഥകള് ബാധകമാകുന്നത്. പൗരത്വ ഭേദഗതി നിയമത്തിലെ 6എ വകുപ്പ് അസമിന് മാത്രം ബാധകമെന്നുമായിരുന്നു കേന്ദ്രസര്ക്കാര് നല്കിയ മറുപടി.
പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്ജികളിലാണ് ഭരണഘടനാ ബെഞ്ച് കേന്ദ്ര സര്ക്കാരിന്റെ വിശദീകരണം തേടിയത്. ഹര്ജികളില് അടുത്ത ചൊവ്വാഴ്ച ഭരണഘടനാ ബെഞ്ച് വീണ്ടും വാദം കേള്ക്കും.