
ഗോരഖ്‌പൂർ: തടിയൻ എന്ന് വിളിച്ച് ബോഡി ഷെയിം ചെയ്തവർക്ക് നേരെ വെടിയുതിർത്ത് യുവാവ്. ഉത്തർപ്രദേശിലെ ഗോരഖ്‌പൂർ ജില്ലയിലാണ് കളിയാക്കിയവർക്ക് നേരെ യുവാവ് വെടിയുതിർത്തത്.
വ്യാഴാഴ്ചയായിരുന്നു സംഭവം. അർജുൻ ചൗഹാൻ എന്നയാളാണ് വെടിയുതിർത്തത്. പ്രദേശത്ത് നടന്നുകൊണ്ടിരുന്ന ഒരു സമൂഹ സദ്യ കഴിക്കാനെത്തിയതായിരുന്നു അർജുൻ. ഇതിനിടെ അനിൽ ചൗഹാൻ, ശുഭം ചൗഹാൻ എന്നിവർ അർജുന് ഭാരം കൂടുതലാണെന്നും തടിയൻ എന്നും വിളിച്ച് അധിക്ഷേപിച്ചു.
ഇതിൽ ദേഷ്യപ്പെട്ടാണ് അർജുൻ വെടിയുതിർത്തത്. അനിലും ശുഭവും കാറിൽ തിരിച്ചുപോകുമ്പോൾ അർജുനും കൂട്ടുകാരനും ഇരുവരെയും പിന്തുടർന്നു.കാർ അടുത്തുള്ള ഒരു ടോൾ പ്ലാസ എത്തിയപ്പോഴേക്കും അർജുൻ ഇരുവരെയും കാറിൽ നിന്നിറക്കി വെടിവെയ്ക്കുകയായിരുന്നു. തുടർന്ന് കടന്നുകളഞ്ഞു.
പ്രദേശവാസികളാണ് വെടിയേറ്റ അനിലിനെയും ശുഭത്തിനെയും ആശുപത്രിയിൽ എത്തിച്ചത്. ഇരുവരും അപകടനില തരണം ചെയ്തു. അർജുനെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു.
Content Highlights: man fired at people who called him fat