'ബിജെപിയുടെ കൂടെയാണോ ഇടതുപക്ഷത്താണോ എന്ന് കേരളനേതൃത്വം വ്യക്തമാക്കണം'; ജെഡിഎസ് ദേശീയ എക്സിക്യൂട്ടീവ്

കേരള നേതാക്കൾക്ക് അന്ത്യശാസനം നൽകാൻ ദേശീയ എക്സിക്യൂട്ടീവ് യോഗ തീരുമാനം. ഡിസംബർ 9നകം നിലപാട് വ്യക്തമാക്കണമെന്നാണ് അന്ത്യശാസനം.
'ബിജെപിയുടെ കൂടെയാണോ ഇടതുപക്ഷത്താണോ എന്ന് കേരളനേതൃത്വം വ്യക്തമാക്കണം'; ജെഡിഎസ് ദേശീയ എക്സിക്യൂട്ടീവ്

തിരുവനന്തപുരം: ബിജെപിക്കൊപ്പം ചേരാനുള്ള തീരുമാനത്തിൽ നിന്ന് ദേവ ഗൗഡ പിന്മാറണമെന്ന് ജെഡിഎസിൻ്റെ സമാന്തര ദേശീയ എക്സിക്യൂട്ടീവ് യോഗം. ഇത് സംബന്ധിച്ച് ദേവ ഗൗഡയ്ക്ക് കത്ത് നൽകാനും യോഗം തീരുമാനിച്ചു. വേദനയോടെയാണ് യോഗം ചേർന്നത്. ദേവഗൗഡയിൽ നിന്ന് പ്രതീക്ഷിക്കാത്തതാണ് ഉണ്ടായത്. പാർട്ടിയുടെ അന്തസിന് യോജിക്കാത്ത നടപടിയാണ് ഉണ്ടായത്. പാർട്ടി നിലപാടിനെ ആളുകൾ പരിഹസിക്കുന്നുവെന്നും യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട സി എം ഇബ്രാഹിം, സി കെ നാണു എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു.

എൻഡിഎ ബന്ധം ചർച്ച ചെയ്യാതെ എടുത്ത തീരുമാനമെന്ന് കുറ്റപ്പെടുത്തിയ നേതാക്കൾ കേരള നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ബിജെപിയുടെ കൂടെയാണോ ഇടതുപക്ഷത്താണോ എന്ന് കേരള നേതൃത്വം വ്യക്തമാക്കണമെന്നാണ് ആവശ്യം. ചിലർക്ക് എംഎൽഎ സ്ഥാനം നഷ്ടമാകുമെന്ന പേടിയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

ഇതിനിടെ കേരള നേതാക്കൾക്ക് അന്ത്യശാസനം നൽകാനും ദേശീയ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഡിസംബർ 9നകം നിലപാട് വ്യക്തമാക്കണമെന്നാണ് അന്ത്യശാസനം. ഡിസംബർ 9ന് നടക്കുന്ന ദേശീയ കൗൺസിൽ യോഗത്തിലേക്ക് കൂടി കേരള നേതാക്കളെ വിളിക്കുo. ആ യോഗത്തിലും അവർ വന്നില്ലെങ്കിൽ ഭാവി പരിപാടി പാർട്ടി തീരുമാനിക്കുമെന്നും അപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും തീരുമാനിക്കേണ്ടി വരുമെന്നും നേതാക്കൾ വ്യക്തമാക്കി.

കേരളത്തിലെ നേതാക്കളോട് മുഖ്യമന്ത്രിയും സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് വ്യക്തമാക്കിയ സിഎം ഇബ്രാഹിം മതേതരത്വം വേണമോ എന്നാണ് മുഖ്യമന്ത്രി തീരുമാനിക്കേണ്ടതെന്നും ചൂണ്ടിക്കാണിച്ചു.

ജെഡിഎസിൻ്റെ 11 സംസ്ഥാന പ്രസിഡൻ്റുമാരും ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. ഡിസംബർ 9 ന് ദേശീയ കൗൺസിൽ യോഗം വിളിക്കാനും ദേശീയ എക്സിക്യൂട്ടീവിൽ തീരുമാനമായി. ഇതിന് ശേഷം ഒരിക്കൽ കൂടി ദേവ ഗൗഡയെ കാണാനാണ് തീരുമാനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com