
ന്യൂഡല്‍ഹി: ബംഗ്ലാദേശിന്റെ വിമോചനത്തിലൂടെ അവസാനിച്ച 1971ലെ ഇന്ത്യ-പാക് യുദ്ധത്തിന് സമാനമായ സാഹചര്യമല്ല ഇപ്പോള്‍ എന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അയല്‍രാജ്യവുമായുള്ള സൈനിക സംഘര്‍ഷം നീണ്ടുനില്‍ക്കുന്നത് ഇന്ത്യയുടെ ഏറ്റവും വലിയ മുന്‍ഗണനയല്ലെന്നും ശശി തരൂര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
'1971 വലിയ നേട്ടമായിരുന്നു. ഇന്ദിരാഗാന്ധി ഉപഭൂഖണ്ഡത്തിന്റെ മാപ് മാറ്റിയെഴുതി. എന്നാല്‍ സാഹചര്യം വ്യത്യസ്തമായിരുന്നു. ബംഗ്ലാദേശ് ധാര്‍മികമായ ഒരു ലക്ഷ്യത്തിന് വേണ്ടി പോരാടുകയായിരുന്നു. ബംഗ്ലാദേശിനെ മോചിപ്പിക്കുകയെന്നത് കൃത്യമായ ലക്ഷ്യമായിരുന്നു. എന്നാല്‍ പാകിസ്താന് നേരെ ഷെല്ലാക്രമണം നടത്തുകയെന്നത് കൃത്യമായ ലക്ഷ്യമായിരുന്നില്ല', അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും 1971ലെ യുദ്ധം നടക്കുമ്പോഴുണ്ടായ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും താരതമ്യം ചെയ്യുന്ന പോസ്റ്റുകളെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇരുഭാഗത്തും സംഘര്‍ഷം നീണ്ടുനിന്നാല്‍ ഒരുപാട് ജീവനുകള്‍ നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ പാകിസ്താന്‍ സ്ഥിതി വ്യത്യസ്തമാണെന്നും അവരുടെ സൈനിക ഉപകരണങ്ങളും അവര്‍ക്കുണ്ടാകാന്‍ സാധ്യതയുള്ള നാശനഷ്ടങ്ങളും വ്യത്യസ്തമാണെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.
'യഥാര്‍ത്ഥത്തില്‍ ജനങ്ങളെ സ്വാതന്ത്ര്യത്തിലേക്കും വിമോചനത്തിലേക്കും കൊണ്ടുവരാന്‍ ബംഗ്ലാദേശ് ധാര്‍മികമായ പോരാട്ടത്തിലായിരുന്നു. അത് തീര്‍ത്തും വ്യത്യസ്തമായ ഒരു കഥയാണ്. ഇപ്പോഴുള്ളത് മറ്റൊരു കഥ. ഇരുവശത്തും ഒരുപാട് ജീവന്‍ ഇല്ലാതാകുന്ന രീതിയില്‍ സംഘര്‍ഷം നീണ്ടുപോകുമായിരുന്നു. ഇതാണോ ഇന്നത്തെ ഇന്ത്യയുടെ ഏറ്റവും വലിയ മുന്‍ഗണന. അല്ല', ശശി തരൂര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ 1971ലെ ഇന്ത്യ-പാക് യുദ്ധ സമയത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കീഴടങ്ങിയിരുന്നില്ലെന്ന പ്രചരണവുമായി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
Content Highlights: Sashi Tharoor about India posts which compare Indira Gandhi and Narendra Modi