
അന്താരാഷ്ട്ര വനിത ഏകദിന ക്രിക്കറ്റിൽ കൂടുതൽ സെഞ്ച്വറി നേട്ടമെന്ന റെക്കോർഡിൽ മൂന്നാംസ്ഥാനത്തേയ്ക്ക് ഉയർന്ന് ഇന്ത്യൻ താരം സ്മൃതി മന്ദാന. ത്രിരാഷ്ട്ര വനിത ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ 11-ാം ഏകദിന സെഞ്ച്വറി മന്ദാന സ്വന്തമാക്കി. ഇതോടെയാണ് താരം ചരിത്ര നേട്ടത്തിലേക്കെത്തിയത്. 15 സെഞ്ച്വറികളുമായി ഓസ്ട്രേലിയയുടെ മേഗ് ലേനിങ്ങും 11 സെഞ്ച്വറികളുമായി ന്യൂസിലാൻഡിന്റെ സൂസി ബേറ്റ്സുമാണ് മന്ദാനയ്ക്ക് മുന്നിലുള്ളത്.
ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ 101 പന്തിൽ 15 ഫോറും രണ്ട് സിക്സറും സഹിതം 116 റൺസുമായി മന്ദാന പുറത്തായി. മത്സരം 42 ഓവർ പിന്നിടുമ്പോൾ ഇന്ത്യൻ വനിതകൾ നാല് വിക്കറ്റ് നഷ്ടത്തിൽ 267 റൺസെടുത്തിട്ടുണ്ട്. ഹർലിൻ ഡിയോൾ, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എന്നിവരും ഇന്ത്യൻ നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തു.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ വനിതകൾ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപണർമാരായ പ്രതിക റാവലും സ്മൃതി മന്ദാനയും ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. 49 പന്തിൽ രണ്ട് ബൗണ്ടറികൾ നേടിയ പ്രതിക 30 റൺസെടുത്ത് പുറത്തായി. ആദ്യ വിക്കറ്റിൽ ഇരുവരും 70 റൺസ് കൂട്ടിച്ചേർത്തിരുന്നു.
രണ്ടാം വിക്കറ്റിൽ സ്മൃതി മന്ദാനയും ഹർലിൻ ഡിയോലും ക്രീസിലൊന്നിച്ചു. 120 റൺസാണ് രണ്ടാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത്. 56 പന്തിൽ നാല് ഫോറടക്കം ഹർലീൻ 47 റൺസെടുത്ത് പുറത്തായി. 30 പന്തിൽ 41 റൺസെടുത്ത് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ വേഗത്തിൽ റൺസെടുക്കാനുള്ള ശ്രമത്തിൽ പുറത്തായി. 14 പന്തിൽ 22 റൺസെടുത്ത് നിൽക്കുന്ന ജമീമ റോഡ്രിഗ്സും റിച്ച ഘോഷുമാണ് ഇപ്പോൾ ക്രീസിലുള്ളത്.
Content Highlights: Smriti Mandhana reached third on the most international odi hundered list