
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തി നിയുക്ത കെപിസിസി അധ്യക്ഷനും വർക്കിങ് പ്രസിഡന്റുമാരും. രാവിലെ കെ കരുണാകരന്റെ സ്‌മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് സണ്ണി ജോസഫ്, എ പി അനിൽകുമാർ, ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ് എന്നിവർ പുതുപ്പള്ളിയിലെത്തിയത്.
ഉമ്മൻചാണ്ടിയുടെ ആത്മാവ് വളരെ സന്തോഷിക്കുമെന്നും, അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട ഒരു സംഘത്തെയാണ് എഐസിസി ചുമതയേല്പിച്ചിരിക്കുന്നത് എന്നും സണ്ണി ജോസഫ് പറഞ്ഞു. കേരളത്തിലെ കോൺഗ്രസിനെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ട് പോകും. ഉമ്മൻചാണ്ടിയുടെ അനുഗ്രഹം തേടിയാണ് കല്ലറയിൽ വന്നത്. അദ്ദേഹത്തിന്റെ ഓർമ്മകൾ പ്രവർത്തനത്തിന് കരുത്ത് പകരുമെന്നും നന്മയുടെ പാതയിൽ ജനസേവനം നടത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
നാളെയാണ് പുതിയ കെപിസിസി നേതൃത്വം ചുമതല ഏറ്റെടുക്കുക. രാവിലെ 9.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ വെച്ച് കെ സുധാകരൻ സണ്ണി ജോസഫിന് ചുമതല കൈമാറും. മെയ് എട്ടിനാണ് പുതിയ കെപിസിസി നേതൃത്വത്തെ മല്ലികാർജുൻ ഖർഗെ പ്രഖ്യാപിച്ചത്. നിലവിലെ സംസ്ഥാന അധ്യക്ഷൻ കെ സുധാകരനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവാക്കി.
നിലവിലെ യുഡിഎഫ് കണ്‍വീനറായ എം എം ഹസ്സൻ, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി എന്‍ പ്രതാപന്‍, ടി സിദ്ധീഖ് എന്നിവരെയാണ് പദവിയില്‍ നിന്നൊഴിവാക്കിയത്. പകരമാണ് പുതിയ നേതൃത്വം. കെപിസിസി നേതൃമാറ്റത്തെ സംബന്ധിച്ച് വലിയ അനിശ്ചിതത്വമാണ് നിലനിന്നിരുന്നത്. നിലവിലെ പ്രസിഡന്റ് കെ സുധാകരൻ താൻ മാറില്ല എന്ന നിലപാട് സ്വീകരിച്ചതോടെ ഹൈക്കമാൻഡ് പ്രതിസന്ധിയിലായിരുന്നു. തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളിൽ നിന്നും മറ്റും രാഹുൽ ഗാന്ധി തന്നെ നേരിട്ട് അഭിപ്രായങ്ങൾ തേടിയിരുന്നു. നേതൃമാറ്റത്തിനെതിരെ കെ സുധാകരന്‍ പരസ്യമായി അഭിപ്രായ പ്രകടനം നടത്തുന്ന സാഹചര്യത്തിലേക്ക് എത്തിയപ്പോഴായിരുന്നു രാഹുലിന്റെ നിർണായക ഇടപെടല്‍ ഉണ്ടായത്.
തന്നെ മാറ്റുമെന്ന് ഏറെക്കുറെ ഉറപ്പായപ്പോൾ സുധാകരന്‍ നടത്തിയ പരസ്യ പ്രതികരണങ്ങളില്‍ ഹൈക്കമാന്റിന് കടുത്ത അതൃപ്തിയുമുണ്ടായിരുന്നു. സുധാകരന്‍ നടത്തിയിരുന്ന പല പ്രതികരണങ്ങളും അനവസരത്തിലായിരുന്നെന്നും സുധാകരന്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുവെന്നും ഹൈക്കമാന്റ് വിലയിരുത്തിയിരുന്നു. നേതൃമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കെ സുധാകരനെ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും രാഹുല്‍ ഗാന്ധിയും അറിയിച്ചിരുന്നതാണ്. എന്നാല്‍ അത്തരത്തിലുള്ള ഒരു വിവരങ്ങളും തനിക്ക് ലഭിച്ചിട്ടില്ല എന്നായിരുന്നു കെ സുധാകരന്റെ വാദം.
Content Highlights: New KPCC President and team at Puthuppally