
ന്യൂഡല്ഹി: ഡല്ഹി മന്ത്രി രാജ്കുമാര് ആനന്ദിന്റെ വസതിയില് എന്ഫോഴ്സ്മെന്റ് ഡയറക്ട്റേറ്റ് റെയ്ഡ്. ഡല്ഹി മദ്യനയ അഴിമതി കേസില് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് ചോദ്യം ചെയ്യാനിരിക്കെയാണ് മന്ത്രിയുടെ വസതി അടക്കം ഒമ്പതിടങ്ങളില് പരിശോധന നടത്തുന്നത്. സമാന കേസുമായി ബന്ധപ്പെട്ടാണോ മന്ത്രിയുടെ വസതിയിലും റെയ്ഡ് നടക്കുന്നത് എന്ന കാര്യത്തില് വ്യക്തതയില്ല.
മനീഷ് സിസോദിയയും സത്യേന്ദര് ജെയിനും രാജിവച്ചതിനെ തുടര്ന്ന് തൊഴില് മന്ത്രിയായ രാജ് കുമാര് ആനന്ദിന് വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളും അനുവദിക്കുകയായിരുന്നു. പിന്നീട് സൗരഭ് ഭരദ്വാജിന് ആരോഗ്യവും അതിഷിക്ക് വിദ്യാഭ്യാസവും നല്കി.
രാവിലെ 11 മണിക്കാണ് അരവിന്ദ് കെജ്രിവാള് ചോദ്യം ചെയ്യലിനായി ഇ ഡി ഓഫീസില് ഹാജരാവുക. കേസില് നേരത്തെ സിബിഐ കെജ്രിവാളിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല് കണക്കിലെടുത്ത് ഇഡി ആസ്ഥാനത്തും പാര്ട്ടി ഓഫിസ് പരിസരത്തും മുഖ്യമന്ത്രിയുടെ വസതി നില്ക്കുന്ന സിവില് ലൈന്സിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.