ഖത്തറിൽ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ; ഞെട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ

കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. ഖത്തറുമായി ഇക്കാര്യം സംസാരിക്കുമെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.

dot image

ഡൽഹി: ഖത്തറിൽ തടവിലായ എട്ട് മുൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചു. ഖത്തറിലെ കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഞെട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ പ്രതികരിച്ചു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. ഖത്തറുമായി ഇക്കാര്യം സംസാരിക്കുമെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.

ഖത്തറിൽ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. ഒരു വർഷം മുമ്പാണ് ഖത്തർ ഇന്റലിജൻസ് ഇവരെ കസ്റ്റഡിയിലെടുത്തത്. അൽ ദഹറ കമ്പനിയിലെ ഉദ്യോഗസ്ഥരാണിവർ. ഏകാന്ത തടവിലായിരുന്നു എട്ടുപേരും. ഇവരുടെ കുടുംബങ്ങളുമായി സംസാരിക്കുന്നെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

തിരുവനന്തപുരം സ്വദേശി അടക്കം എട്ടുപേരാണ് ഖത്തറിൽ തടവിലാക്കപ്പെട്ടിരുന്നത്. ഇന്ത്യയുടെ യുദ്ധക്കപ്പൽ അടക്കം കമാൻഡ് ചെയ്തിരുന്ന ഉന്നത നാവിക ഉദ്യോഗസ്ഥരാണ് ഇവർ. വധശിക്ഷ വിധിച്ചു എന്നത് മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. എന്നത്തേക്ക് ആണ് വധശിക്ഷ നടപ്പാക്കുക എന്നതൊന്നും അറിവായിട്ടില്ല. ചാരവൃത്തി ആരോപിച്ചാണ് ശിക്ഷ വിധിച്ചിരിക്കുന്നതെന്നാണ് ചില മാധ്യമങ്ങൾ പുറത്തുവിടുന്ന വിവരം. ഏത് സാഹചര്യത്തിൽ എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത് എന്നതൊന്നും വ്യക്തമല്ല. ഇക്കാര്യത്തിൽ ഇന്ത്യൻ അധികൃതരെ യാതൊരു വിവരങ്ങളും അറിയിച്ചിട്ടില്ല. സാധാരണഗതിയിൽ വിദേശപൗരന്മാരെ ശിക്ഷയ്ക്ക് വിധിക്കുമ്പോൾ മാതൃരാജ്യത്തെ അറിയിക്കേണ്ടതാണ്.

dot image
To advertise here,contact us
dot image