
ഹൈദരാബാദ്: റസ്റ്റോറന്റിൽ ബിരിയാണി കഴിക്കുന്നതിനിടെ കൂടുതൽ തൈര് ചോദിച്ചതിന്റെ പേരിലുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു. റസ്റ്റോറന്റ് ജീവനക്കാരുടെ മര്ദ്ദനമേറ്റ യുവാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോള് കുഴഞ്ഞ് വീഴുകയായിരുന്നു. സ്റ്റേഷനിലെത്തിയ യുവാവ് അസ്വസ്ഥത പ്രകടിപ്പിക്കുകയും പിന്നാലെ ഛർദ്ദിക്കാൻ തുടങ്ങുകയും ചെയതു. ഇതിന് പിന്നാലെയാണ് കുഴഞ്ഞുവീണതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. 35 വയസുള്ള യുവാവും മൂന്ന് സുഹൃത്തുക്കളും റസ്റ്റോറന്റിലെത്തി ബിരിയാണി ഓര്ഡര് ചെയ്തു. ഭക്ഷണം കഴിക്കുന്നതിനിടെ വെയിറ്ററോട് രണ്ടാമതും തൈര് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി റസ്റ്റോറന്റിലെ ഒരു ജീവനക്കാരനുമായി തര്ക്കമുണ്ടായെന്ന് പൊലീസ് പറഞ്ഞു. വാക്കുതർക്കം കയ്യേറ്റത്തിലേക്ക് പോവുകയായിരുന്നു. യുവാവും ഒപ്പമുള്ളവരും, ഹോട്ടല് ജീവനക്കാരും പരസ്പരം ഏറ്റുമുട്ടി. ഇതോടെ പൊലീസിന് വിവരം ലഭിക്കുകയും പൊലീസ് സംഘം സ്ഥലത്തെത്തുകയും ചെയ്തു.
പൊലീസ് ഇടപെട്ട് സംഘര്ഷം അവസാനിപ്പിച്ചതിന് ശേഷമാണ് യുവാക്കളും ഹോട്ടല് ജീവനക്കാരും പന്ജഗുട്ട പൊലീസ് സ്റ്റേഷനില് പരാതി നൽകാനെത്തിയത്. കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ അറിയിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.