Top

ദീപക് ദേവിന്റെ സംഗീതത്തിൽ '21 ഗ്രാംസി'ലെ ആദ്യഗാനം; ഒപ്പം റിലീസ് തീയതിയും

മാര്‍ച്ച് 18നാണ് അനൂപ് മേനോന്‍ നായകനാവുന്ന ചിത്രം റിലീസ് ചെയ്യുന്നത്.

28 Feb 2022 4:34 AM GMT
ഫിൽമി റിപ്പോർട്ടർ

ദീപക് ദേവിന്റെ സംഗീതത്തിൽ 21 ഗ്രാംസിലെ ആദ്യഗാനം; ഒപ്പം റിലീസ് തീയതിയും
X

നവാഗതനായ ബിബിന്‍ കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് '21 ഗ്രാംസ്'. സിനിമയിലെ ആദ്യഗാനമായ 'വിജനമാം താഴ്‌വാരം' പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിലെ ടൈറ്റില്‍ ഗാനമായിട്ടാണ് 'വിജനമാം താഴ്‌വാരം' ഒരുങ്ങിയിരിക്കുന്നത്. ദീപക് ദേവിന്റെ സംഗീതത്തിൽ ഹരിശങ്കർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഹരിശങ്കറിനെയും ദീപക് ദേവിനെയുമാണ് ഗാനരംഗത്തില്‍ കാണിച്ചിരിക്കുന്നത്. സിനിമയിലെ ചില ദൃശ്യങ്ങളും ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതാദ്യമായി ചിത്രത്തിന്റെ റിലീസ് തീയതിയും ഗാനത്തിനൊപ്പം പുറത്തുവിട്ടിട്ടുണ്ട്.


മാര്‍ച്ച് 18നാണ് അനൂപ് മേനോന്‍ നായകനാവുന്ന ചിത്രം റിലീസ് ചെയ്യുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് സ്ഥിര-പരിചിതമല്ലാത്ത പുതിയൊരു ഘടനയാണ് കഥ പറയാനായി ഉപയോഗിച്ചിരിക്കുന്നത്. ചിത്രമൊരു ഇമോഷണല്‍ ഡ്രാമ വിഭാഗത്തില്‍ കൂടി ഉള്‍പ്പെടുത്താവുന്നതായിരിക്കുമെന്നാണ് ഗാനം തരുന്ന സൂചന.

ചിത്രത്തില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായിട്ടാണ് അനൂപ് മേനോന്‍ എത്തുന്നത്. അനൂപ് മേനോന് പുറമേ, ലെന, സംവിധായകന്‍ രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'ബ്രോ ഡാഡി' എന്ന ചിത്രത്തിന് ശേഷം ദീപക് ദേവ് സംഗീതം നല്‍കുന്ന ചിത്രംകൂടിയാണിത്. ജിത്തു ദാമോദര്‍, അപ്പു എന്‍ ഭട്ടതിരി എന്നിവര്‍ യഥാക്രമം ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തില്‍ 'മാലിക്' എന്ന ചിത്രത്തിലൂടെ ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ സന്തോഷ് രാമന്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, മേക്ക് അപ്പ് പ്രദീപ് രംഗന്‍, പ്രോജക്ട് ഡിസൈനര്‍ നോബിള്‍ ജേക്കബ്, പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

story highlights: 21 grams malayalam movie first song and release date announced

Next Story