

രാജ്യത്തെ പൊതുവിതരണ ശൃംഖലയെ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കാന്‍ ലക്ഷ്യമിട്ട് ഗുജറാത്തില്‍ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി അധിഷ്ഠിത 'ഡിജിറ്റല്‍ ഫുഡ് കറന്‍സി' പൈലറ്റ് പദ്ധതിക്ക് തുടക്കമായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

സിബിഡിസി അധിഷ്ഠിത ഡിജിറ്റല്‍ ഫുഡ് കറന്‍സി പദ്ധതിയുടെ ആദ്യഘട്ടം ഗുജറാത്തിലെ നാല് ജില്ലകളില്‍ ആണ് തുടങ്ങുന്നത്. അഹമ്മദാബാദ്, ആനന്ദ്, വല്‍സാദ്, സൂറത്ത് എന്നീ ജില്ലകളിലാണ് റിസര്‍വ് ബാങ്കുമായും ഗുജറാത്ത് സര്‍ക്കാരുമായും സഹകരിച്ച് പദ്ധതി നടപ്പിലാക്കുന്നത്.
ഗുജറാത്തിലെ വിജയത്തിന് ശേഷം രണ്ടാം ഘട്ടത്തില്‍ പുതുച്ചേരി, ചണ്ഡീഗഡ്, ദാദ്ര-നാഗര്‍ ഹവേലി, ദാമന്‍-ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ഡിജിറ്റല്‍ ഇന്ത്യയുടെ പുതിയ മുഖം
ലോകത്തിലെ ഡിജിറ്റല്‍ ഇടപാടുകളുടെ പകുതിയോളം ഇന്ത്യയിലാണ് നടക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അമിത് ഷാ ചൂണ്ടിക്കാട്ടി. 'മിനിമം ഗവണ്‍മെന്റ്, മാക്‌സിമം ഗവേണന്‍സ്' എന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്താനുള്ളതാണ് ഈ പദ്ധതി.
'പൊതുവിതരണ സംവിധാനം കൂടുതല്‍ സുതാര്യവും അഴിമതിരഹിതവുമാക്കാന്‍ സിബിഡിസി സഹായിക്കും. റേഷന്‍ വിതരണത്തിലെ ചോര്‍ച്ച ഇല്ലാതാക്കാന്‍ എല്ലാ സംസ്ഥാനങ്ങളും ഈ മാതൃക സ്വീകരിക്കണം.' എന്ന് അമിത് ഷാ പറഞ്ഞു.

എല്ലാം ക്യുആര്‍ കോഡ് മയം
പരമ്പരാഗത രീതികളില്‍ നിന്ന് വ്യത്യസ്തമായി അത്യാധുനിക സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഗുണഭോക്താക്കളുടെ ഡിജിറ്റല്‍ വാലറ്റിലേക്ക് നിശ്ചിത ആവശ്യത്തിന് മാത്രം ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ രൂപ എത്തും. റേഷന്‍ കടകളില്‍ ക്യുആര്‍ കോഡോ, കൂപ്പണ്‍ കോഡോ ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാം. ഇടയ്ക്കിടക്കുള്ള ബയോമെട്രിക് പരിശോധനകള്‍ ഇതിലൂടെ ഒഴിവാക്കാനാകും. ഓരോ ഇടപാടും തത്സമയം നിരീക്ഷിക്കുന്നതിനാല്‍ സുതാര്യതയും ഉത്തരവാദിത്തവും വര്‍ധിക്കും. റേഷന്‍ വ്യാപാരികള്‍ക്ക് അവരുടെ കമ്മീഷന്‍ തുക തത്സമയം തന്നെ അക്കൗണ്ടുകളില്‍ ലഭ്യമാകും.
പൊതുവിതരണ സംവിധാനത്തിലെ ഇടനിലക്കാരെ ഒഴിവാക്കാനും അര്‍ഹരായവര്‍ക്ക് കൃത്യസമയത്ത് വിഹിതം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഈ ഡിജിറ്റല്‍ പണമിടപാട് സഹായിക്കും എന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
Content Highlights: Amit Shah inaugurates first Central Bank Digital Currency based Public Distribution System