പശുവോ പട്ടിണിയോ? ഇന്ത്യയുടെ മുൻഗണനകൾ വഴിതെറ്റുന്നുണ്ടോ?

സാമ്പത്തിക വളർച്ചയുടെ കണക്കുകൾക്കിടയിലും ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാകുന്നതായി പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു

പശുവോ പട്ടിണിയോ? ഇന്ത്യയുടെ മുൻഗണനകൾ വഴിതെറ്റുന്നുണ്ടോ?
dot image

ലോകത്തിലെ ആദ്യത്തെ 'നാഷണൽ കൗ കൾച്ചർ മ്യൂസിയം' (ദേശീയ പശു സംസ്കാര മ്യൂസിയം) ഉത്തർപ്രദേശിലെ മഥുരയിൽ വരുന്നു. പശുക്കളോടുള്ള പരമ്പരാഗതമായ ആത്മീയ ആരാധനയും ആധുനിക ശാസ്ത്രീയ ഗവേഷണങ്ങളും ഒരേ മേൽക്കൂരയ്ക്ക് കീഴിൽ കൊണ്ടുവരുന്നതിനാണ് ഇത് ലക്ഷ്യമിടുന്നത്. ഉത്തർപ്രദേശ് ബ്രജ് തീർത്ഥ വികാസ് പരിഷത്തിന്റ്റെ മേൽനോട്ടത്തിലാണ്, മഥുരയിലെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ വെറ്ററിനറി സയൻസ് യൂണിവേഴ്സിറ്റി കാമ്പസിൽ പശു മ്യൂസിയം സ്ഥാപിക്കാൻ തയാറെടുക്കുന്നത്.

cattles

ഇന്ത്യയുടെ സമ്പന്നമായ പശു പൈതൃകത്തെക്കുറിച്ച് ഭാവിതലമുറയ്ക്ക് സമഗ്രമായ അറിവ് പകർന്നുനൽകുന്നതിനായി രാജ്യത്തെ പ്രധാന കന്നുകാലി ഇനങ്ങളെയും വംശനാശഭീഷണി നേരിടുന്നവയെയും ഉൾപ്പെടുത്തിയാണ് മ്യൂസിയം ഒരുക്കുന്നത്. നൂറോളം ഡിജിറ്റൽ കന്നുകാലി മാതൃകകൾ മ്യൂസിയത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവിഷണൽ കമ്മീഷണർ അറിയിച്ചു. "കന്നുകാലികളുടെ മതപരവും സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യത്തോടൊപ്പം പശുക്കളുടെയും അവയുടെ ഉൽപ്പന്നങ്ങളുടെയും ശാസ്ത്രീയ ഉപയോഗവും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായിരിക്കും" ഈ മ്യൂസിയമെന്ന് ആഗ്ര ഡിവിഷണൽ കമ്മീഷണർ നാഗേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. "പാരമ്പര്യത്തിന്റെയും ശാസ്ത്രത്തിന്റെയും ഈ അതുല്യമായ സംഗമം പശു സംരക്ഷണത്തെക്കുറിച്ച് സമഗ്രമായ ധാരണ വളർത്തിയെടുക്കാൻ സഹായിക്കുമെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.

പശുവിൻ പാലും അതിന്റെ ഉപോൽപ്പന്നങ്ങളായ തൈര്, ചീസ്, നെയ്യ് എന്നിവയും ഉൾപ്പെടുത്തിയുള്ള പ്രദർശനമായിരിക്കും മ്യൂസിയത്തിന്റെ പ്രധാന ആകർഷണം. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ ഉൽപ്പന്നങ്ങളുടെ ശാസ്ത്രീയവും പോഷകപരവും ആയുർവേദപരവുമായ ഗുണങ്ങൾ ഇവിടെ വിശദമായി അവതരിപ്പിക്കും.

പട്ടിണി മാറ്റാൻ ആര് മുൻകൈയെടുക്കും?

സാമ്പത്തിക വളർച്ചയുടെ കണക്കുകൾക്കിടയിലും ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാകുന്നതായി പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന് അവകാശപ്പെടുമ്പോഴും, രാജ്യത്തെ പട്ടിണിയും പോഷകാഹാരക്കുറവും ഗൗരവകരമായ പ്രതിസന്ധിയായി തുടരുകയാണ്.

cow

2024-25 കാലയളവിലെ ഗ്ലോബൽ ഹംഗർ ഇൻഡക്സ് റിപ്പോർട്ട് പ്രകാരം പട്ടിണിയുടെ കാര്യത്തിൽ ഇന്ത്യയെ 'ഗുരുതരമായ' വിഭാഗത്തിലാണ്പെടുത്തിയിരിക്കുന്നത് . അയൽരാജ്യങ്ങളായ ബംഗ്ലാദേശിനും നേപ്പാളിനും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം എന്നത് ആശങ്കാജനകമാണ്.നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള ദരിദ്രരുടെ കുടുംബ ബജറ്റുകളെ തകിടം മറിക്കുകയാണ് . തൊഴിലില്ലായ്മ നിരക്ക് വർദ്ധിക്കുന്നത് യുവാക്കളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ആകെ സമ്പത്തിന്റെ വലിയൊരു ശതമാനം ഏതാനും അതിസമ്പന്നരിൽ മാത്രം കേന്ദ്രീകരിക്കപ്പെടുന്നതായും പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം വർദ്ധിക്കുന്നതായും ഓക്സ്ഫാം റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

രാജ്യത്തെ 80 കോടിയിലധികം ജനങ്ങൾ ഇപ്പോഴും സർക്കാർ നൽകുന്ന സൗജന്യ റേഷനെ ആശ്രയിച്ചാണ് കഴിയുന്നത് എന്നത് ദാരിദ്ര്യത്തിന്റെ ആഴം വെളിവാക്കുന്നു.

indian village people

സർക്കാർ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും, സാധാരണക്കാരന്റെ വാങ്ങൽ ശേഷി കുറയുന്നതും പോഷകാഹാര പ്രശ്നങ്ങളും ഇന്ത്യയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് ഭീഷണിയാവുകയാണ്. പശുക്കളോടുള്ള പരമ്പരാഗതമായ ആത്മീയ ആരാധനയും ആധുനിക ശാസ്ത്രീയ ഗവേഷണങ്ങളും ഒരേ മേൽക്കൂരയ്ക്ക് കീഴിൽ കൊണ്ടുവരലാണ് പശു മ്യൂസിയത്തിന്റെ ലക്‌ഷ്യം എന്ന പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഗവേഷണങ്ങളും ആത്മീയതയും ഒരു കൂരക്ക് കീഴിൽ ഒരുമിച്ച് കൊണ്ടുവരാൻ സാധിക്കുമോ? 'ഇന്ത്യൻ നോളേജ് സിസ്റ്റം' അത് ഉദ്ദേശിക്കാത്ത തലങ്ങളിലേക്ക് പശു മ്യൂസിയത്തിൽ നിന്ന് നീങ്ങുമോ? കാത്തിരുന്നു കാണാം.

Content Highlights: India’s First National Cow Culture Museum In Mathura

dot image
To advertise here,contact us
dot image