ട്രംപ് ചതിച്ചാശാനെ! ഡോളറിന് മുന്നില്‍ കൂപ്പുകുത്തി ഇന്ത്യൻ രൂപ; ഓഹരി വിപണിയും നഷ്ടത്തില്‍

വ്യാപാര തീരുവ കുത്തനെ വർദ്ധിപ്പിച്ചതിന് പിന്നാലെ H1B വിസയുടെ ഫീസുമായി ബന്ധപ്പെട്ട ട്രംപ് ഭരണകൂടത്തിൻ്റെ നയവും ഇന്ത്യൻ രൂപയെ അടക്കം ബാധിച്ചുവെന്നാണ് വിലയിരുത്തൽ

ട്രംപ് ചതിച്ചാശാനെ! ഡോളറിന് മുന്നില്‍ കൂപ്പുകുത്തി ഇന്ത്യൻ രൂപ; ഓഹരി വിപണിയും നഷ്ടത്തില്‍
dot image

ഡോളറിനെതിരെ രൂപയുടെ മൂല്യം കൂപ്പുകുത്തി. റെക്കോര്‍ഡ് താഴ്ചയോടെയായിരുന്നു ഡോളറിനു മുന്നില്‍ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഏഴു പൈസയുടെ നഷ്ടം നേരിട്ട രൂപ 88.80ലേക്കാണ് താഴ്ന്നത്. ഇന്നലെ 45 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 88.73 എന്ന നിലയിലാണ് ഇന്നലെ രൂപ ക്ലോസ് ചെയ്തത്.

തുടര്‍ച്ചയായ ഇടിവിന്റെ പ്രധാന കാരണം H1B വിസയ്ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനവാണെന്നാണ് പൊതുവെ ചൂണ്ടിക്കാണിക്കുന്നത്. വ്യാപാര തീരുവ കുത്തനെ വർദ്ധിപ്പിച്ചതിന് പിന്നാലെ H1B വിസയുടെ ഫീസുമായി ബന്ധപ്പെട്ട ട്രംപ് ഭരണകൂടത്തിൻ്റെ നയവും ഇന്ത്യൻ രൂപയെ അടക്കം ബാധിച്ചുവെന്നാണ് പൊതുവെ കണക്കാക്കുന്നത്. ഐടി ഓഹരികളില്‍ നിന്നുള്ള നിക്ഷേപം പിന്‍വലിക്കുന്നതിനും H1B വിസയ്ക്ക് ഫീസ് വര്‍ധനവ് കാരണമായിട്ടുണ്ടെന്നാണ് വിപണി വിദഗ്ദര്‍ പറയുന്നത്. ഏഷ്യന്‍ വിപണിയിലെ തുടര്‍ച്ചയായ ഇടിവും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും രൂപയുടെ മൂല്യം കുറയുന്നതിന് കാരണമാകുന്നുവെന്നും വിപണി വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക തീരുവ വര്‍ധിപ്പിക്കുന്നതും മറ്റൊരു കാരണമാണ്.

ഓഹരി വിപണിയും ഇന്ന് നഷ്ടത്തിൻ്റെ പാതയിലാണ്. സെന്‍സെക്സ് 380 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റിയിലും സമാനമായ നഷ്ടം രേഖപ്പെടുത്തി. പ്രധാനമായി ടെക് മഹീന്ദ്ര അടക്കമുള്ള ഐടി ഓഹരികളാണ് നഷ്ടം നേരിട്ടത്. ടാറ്റ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ ഓഹരികളും നഷ്ടം നേരിട്ടു. ബ്രെന്‍ഡ് ക്രൂഡിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. ബാരലിന് 67.79 എന്ന നിലയിലേക്കാണ് എണ്ണവില ഉയര്‍ന്നത്. 0.24 ശതമാനത്തിന്റെ വര്‍ധനയാണ് എണ്ണവിലയില്‍ ഉണ്ടായത്.

അതേസമയം, സ്വര്‍ണവില ഇന്ന് നേരിയ തോതില്‍ കുറഞ്ഞു. ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവില ഇന്ന് പവന് 240 രൂപ കുറഞ്ഞു. 84,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപ കുറഞ്ഞു. 10,575 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ 83,000 കടന്ന് 84000ന് അരികില്‍ എത്തിയ സ്വര്‍ണവിലയാണ് ഉച്ചയോടെ ഒറ്റയടിക്ക് ആയിരം രൂപ കൂടി വര്‍ധിച്ചത്. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്തംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില എണ്‍പതിനായിരം പിന്നിട്ടത്.

ഇന്ന് നേരിയ കുറവുണ്ടെങ്കിലും നിലവില്‍ ചരിത്രത്തിലെ തന്നെ ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില പോകുന്നത്. സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നതും എടുത്ത് പറയേണ്ടതാണ്.ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. അവയ്ക്കെല്ലാമാണ് ആവശ്യക്കാരുള്ളത്. നിക്ഷേപകരും ഉപഭോക്താക്കളും സ്വര്‍ണവിലയില്‍ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെയാണ്.

Content Highlights: Rupee plunges against dollar, stock market also in loss Here are the reasons

dot image
To advertise here,contact us
dot image