ട്രോളെല്ലാം ഗ്രൗണ്ടില്‍ മാത്രം, പുറത്ത് ഞങ്ങള്‍ കൂളാണ്! മത്സരശേഷം കെട്ടിപ്പിടിച്ച് ഹസരങ്കയും അബ്രാറും, വീഡിയോ

ശ്രീലങ്ക- പാകിസ്താൻ മത്സരത്തിന്റെ ഹൈലൈറ്റ് തന്നെ ഇരുതാരങ്ങളുടെയും വിക്കറ്റ് ആഘോഷങ്ങളായിരുന്നു

ട്രോളെല്ലാം ഗ്രൗണ്ടില്‍ മാത്രം, പുറത്ത് ഞങ്ങള്‍ കൂളാണ്! മത്സരശേഷം കെട്ടിപ്പിടിച്ച് ഹസരങ്കയും അബ്രാറും, വീഡിയോ
dot image

ഏഷ്യകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന സൂപ്പർ ഫോർ പോരാട്ടത്തിനിടെ ശ്രീലങ്കന്‍ സ്പിന്നര്‍ വനിന്ദു ഹസരങ്കയും പാക് താരം അബ്രാര്‍ അഹമ്മദും പരസ്പരം ട്രോളിയത് വാർത്തയായിരുന്നു. ശ്രീലങ്ക- പാകിസ്താൻ മത്സരത്തിന്റെ ഹൈലൈറ്റ് തന്നെ ഇരുതാരങ്ങളുടെയും വിക്കറ്റ് ആഘോഷങ്ങളായിരുന്നു. എന്നാൽ‌ മത്സരത്തിന് ശേഷം ഹസരങ്കയും അബ്രാറും സംസാരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ‌ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

മൈതാനത്തെ പരിഹാസങ്ങളും പ്രശ്‌നങ്ങളുമെല്ലാം മറന്ന് ഇരുതാരങ്ങളും കൈകൊടുത്ത് സൗഹൃദം പങ്കുവെക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. മത്സരശേഷം കണ്ടുമുട്ടിയ ഹസരങ്കയും അബ്രാറും പരസ്പരം ആലിംഗനം ചെയ്യുകയും മൈതാനത്ത് സംഭവിച്ച കാര്യങ്ങള്‍ ഓര്‍ത്ത് ചിരിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

ശ്രീലങ്കയ്ക്ക് വേണ്ടി ബാറ്റുചെയ്യാനിറങ്ങിയ ഹസരങ്കയെ പുറത്താക്കിയതിന് ശേഷം കളിക്കളത്തിൽ നാടകീയ രം​​ഗങ്ങൾക്ക് തുടക്കമിട്ടത് അബ്രാറായിരുന്നു. ശ്രീലങ്കയ്ക്കെതിരെ നാലോവർ എറിഞ്ഞ് വെറും എട്ട് റൺസ് വിട്ടുകൊടുത്ത അബ്രാര്‍ വാനിന്ദു ഹസരങ്കെയുടെ വിക്കറ്റും സ്വന്തമാക്കിയിരുന്നു. ഹസരങ്കെയുടെ വിക്കറ്റെടുത്ത ശേഷം ഹസരങ്കെ സാധാരണ പുറത്തെടുക്കാറുള്ള വിക്കറ്റ് സെലിബ്രേഷനാണ് അബ്രാര്‍ പുറത്തെടുത്തത്. ആദ്യം നെഞ്ചിൽ കൈകൾ കെട്ടി പിന്നീട് ട്രേഡ്‌മാർക്ക് ശൈലിയിൽ കൈകുലുക്കിയുള്ള ആഘോഷം ഉടൻ തന്നെ വൈറലായി.

പിന്നാലെ പാകിസ്താന്റെ മറുപടി ബാറ്റിങ്ങിൽ അബ്രാറിന്റെ വിക്കറ്റ് വീഴ്ത്തിയത് ഹസരങ്കയായിരുന്നു. വിക്കറ്റ് വീഴ്ത്തിയപ്പോൾ തന്റെ സെലിബ്രേഷൻ പുറത്തെടുത്ത് കളിയാക്കിയ പാക് സ്പിന്നർ അബ്രാറിനെ അനുകരിച്ചുള്ള വിക്കറ്റ് ആഘോഷം നടത്തി ഹസരംഗയും തിരിച്ചടിച്ചത്. പാക് ബാറ്റിങ് ഇന്നിങ്സിൽ രണ്ട് വിക്കറ്റുകൾ നേടിയ ഹസരങ്കെ അബ്രാറിന്റെ വിക്കറ്റ് സെലിബ്രേഷൻ പുറത്തെടുത്തു. പാക് താരങ്ങളായ സയിം അയൂബിന്റെയും ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയുടെയും വിക്കറ്റ് എടുത്ത ശേഷമായിരുന്നു ഹസരംഗ അബ്രാറിനെ അനുകരിച്ചത്. മത്സരത്തിനിടെയുള്ള ഈ സംഭവങ്ങള്‍ സോഷ്യൽ മീഡിയയിലും വൈറലായിരുന്നു.

അതേസമയം മത്സരത്തിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഫൈനൽ പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ് പാകിസ്താൻ. ശ്രീലങ്ക മുന്നോട്ടുവെച്ച 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് എന്ന വിജയലക്ഷ്യം അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 12 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. സൂപ്പർ ഫോറിലെ രണ്ടാം തോൽവിയോടെ ശ്രീലങ്ക പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ പാകിസ്താന് ഫൈനലിലെത്താൻ ബംഗ്ലാദേശിനെതിരെ ജയം അനിവാര്യമാണ്.

Content Highlights: Wanindu Hasaranga Hugs Abrar Ahmed After PAK vs SL Asia Cup 2025 Super 4 Match

dot image
To advertise here,contact us
dot image