
പുനലൂർ: കയ്യും കാലും ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത. മുഖത്തുൾപ്പെടെ പൊള്ളലേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മരിച്ചത് ആരാണെന്ന് കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് വിധേയമാക്കും.
ഇന്നലെയായിരുന്നു മുക്കടവിൽ കുന്നിൻ പ്രദേശത്തെ ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കാന്താരി ശേഖരിക്കാൻ തോട്ടത്തിൽ എത്തിയ സ്ഥലവാസികളാണ് രണ്ടാഴ്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് കീറിയ ബാഗും കത്രികയും കന്നാസും കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. മുഖവും ശരീരഭാഗങ്ങളും തിരിച്ചറിയാൻ സാധിക്കാത്ത വിധം ജീർണിച്ച നിലയിലായിരുന്നു. കഴുത്തിൽ സ്വർണമെന്ന് കരുതുന്ന മാലയും ഉണ്ടായിരുന്നു. അടുത്തിടെ റബർ മരങ്ങൾ ടാപ്പിംഗ് നടക്കാത്തതിനാൽ പ്രദേശം മുഴുവൻ കാട് മൂടിയ അവസ്ഥയിലായിരുന്നു. അതുകൊണ്ടുതന്നെ മൃതദേഹം കിടന്നത് ആരും അറിഞ്ഞിരുന്നില്ല.
പുനലൂർ ഫയർഫോഴ്സ് എത്തിയാണ് റബ്ബർ മരത്തിൽ നിന്നും ചങ്ങല നീക്കി മൃതദേഹം മാറ്റിയത്. പൊലീസ് നായ മൃതദേഹം കിടന്നിടത്തുനിന്ന് 150 മീറ്ററോളം ദൂരം വരെ പോയി. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Content Highlight : An unidentified body was found chained and burned, including on the face