
പാലാ: നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ വഴികാട്ടി പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. മുത്തോലി സെയിന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ചാണ് ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം നടന്നത്.
കെയർ ആൻഡ് ഷെയറിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറായ ഡോ. സിറിയക്ക് തോമസ് നിർവഹിച്ചു. നമ്മുടെ സമൂഹത്തെ കാർന്നു തിന്നുന്ന ഒരു മാരക വിപത്താണ് ലഹരിയും അതിന്റെ ഉപയോഗവും. ഇങ്ങനെ ഒരു പ്രതിസന്ധിയിലാണ് മമ്മൂട്ടിയും അദ്ദേഹം നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും മുന്നോട്ടുവന്ന് വിവിധങ്ങളായ ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിക്കുന്നത്. വഴികാട്ടിയുടെ കീഴിലുള്ള 'തോക്ക് ടു മമ്മൂക്ക' എന്ന പദ്ധതിയിലൂടെ ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ, കൗൺസിലിംഗ് പോലെയുള്ള ആവശ്യങ്ങൾ ഒരു ഹെൽപ്പ് ലൈനിലൂടെ നമ്മുക്ക് അറിയിക്കാവുന്നതാണ്. വഴികാട്ടിലൂടെ അതിലുപരിയായി കേരളത്തിന്റെ അങ്ങോളമിങ്ങോളം വിവിധ സ്കൂളുകളിലും കോളേജുകളിലുമെല്ലാം ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നടത്തിവരികയാണ് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ. വിവിധ പദ്ധതികളിലൂടെ കുട്ടികൾക്കായുള്ള സൗജന്യ റോബോട്ടിക് സർജറി, സൗജന്യ ഹൃദയ വാൽവ് സർജറി, സൗജന്യ വൃക്ക ട്രാൻസ്പ്ലാന്റേഷൻ, വിവിധങ്ങളായ ആദിവാസി ക്ഷേമ പ്രവർത്തനങ്ങൾ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ നടത്തിവരുന്നു. കേരള ജനതയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പുതിയ പുതിയ പദ്ധതികൾ രൂപീകരിച്ച് സഹായിക്കാൻ മമ്മൂട്ടിക്കും അദ്ദേഹത്തിന്റെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും സാധിക്കട്ടെ എന്നും ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നതായും മുൻ വൈസ് ചാൻസിലർ പറഞ്ഞു.
മുത്തോലി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ റവ. ഡോ മാത്യു ആനത്താരക്കൽ സി എം ഐ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ തോമസ് കുര്യൻ മരോട്ടിപ്പുഴ ആമുഖപ്രസംഗം നടത്തി. ശ്രീരാമകൃഷ്ണ മഠം മേധാവി ബ്രഹ്മശ്രീ വീധസംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. മിനി മാത്യു, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ട്രീസാ മേരി പിജെ എന്നിവർ ചടങ്ങിൽ സംസാരിച്ചു. മരിയൻ കോളേജ് കുട്ടിക്കാനം മുൻ പ്രിൻസിപ്പൽ ഡോ റൂബിൾ രാജ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു.
Content Highlights: Mammoottys organization inagurates anti drug program at kottayam