'മോഹൻലാൽ മലയാളികളുടെ ആവേശം, അഭിമാനം, അത്ഭുതം!'; മോഹൻലാലുമായുള്ള ഓർമ്മകൾ പങ്കുവെച്ച് ഗോകുലം ഗോപാലൻ

മോഹൻലാലുമായി 40 വർഷത്തിലേറെ ആത്മബന്ധമാണ് തനിക്കെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.

'മോഹൻലാൽ മലയാളികളുടെ ആവേശം, അഭിമാനം, അത്ഭുതം!'; മോഹൻലാലുമായുള്ള ഓർമ്മകൾ പങ്കുവെച്ച് ഗോകുലം ഗോപാലൻ
dot image

ദാദാസാഹേബ് പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങിയ മോഹന്‍ലാല്‍ പ്രശംസിച്ച് ഗോകുലം ഗോപാലൻ. മോഹൻലാലുമായി 40 വർഷത്തിലേറെ ആത്മബന്ധമാണ് തനിക്കെന്നും അദ്ദേഹത്തിനെ തേടി എത്ര അവാർഡുകൾ വന്നാലും അതൊന്നും അത്ഭുതമല്ലെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചാണ് ഗോകുലം ഗോപാലൻ മോഹൻലാലിനെ അഭിനന്ദിച്ചത്.

'40 വർഷത്തിലേറെയായ ആത്മബന്ധം…ഓരോ കണ്ടുമുട്ടലും മറക്കാനാവാത്ത സ്നേഹബന്ധം. മനസ്സ് നിറയ്ക്കുന്ന നിഷ്കളങ്കമായ പുഞ്ചിരി…അവാർഡുകൾ എത്ര തേടിവന്നാലും അതൊന്നും അത്ഭുതമല്ല…അർഹിക്കുന്നത് ഇതിനുമെല്ലാം എത്രയോ മേലെ.! അടുത്തുനിന്ന് ആ സ്നേഹം അനുഭവിച്ച ഞാനറിയുന്നു, ഈശ്വരാനുഗ്രഹത്തിന്റെ ആ കരസ്പർശം.! അംഗചലനങ്ങൾ കൊണ്ട് അഭിനയത്തിൽ കവിത രചിക്കുന്ന മോഹനനടനം…വിസ്മയിപ്പിക്കുന്ന കഴിവുകൾ വാക്കുകൾക്കതീതം…വർണ്ണനകൾക്ക് അപ്പുറമുള്ള സ്നേഹത്തിന്റെ ഊഷ്മളത…പ്രതിസന്ധികളിൽ കൈവിടാതെ ചേർത്തുപിടിക്കുമെന്ന വിശ്വാസം…അതിർവരമ്പുകളില്ലാത്ത സൗഹൃദം, സഹോദര്യം…പ്രിയ ലാൽ ഇന്ന് ‘ഫാൽക്കെ അവാർഡ്’ നെഞ്ചോടു ചേർത്തിരിക്കുന്നു.! ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആഗ്രഹിക്കുന്നു, ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു!', ഗോകുലം ഗോപാലൻ കുറിച്ചു.

അവാർഡ് ഏറ്റുവാങ്ങിയ മോഹൻലാലിന് അഭിനന്ദനവുമായി ഇന്ത്യൻ സിനിമ ലോകം തന്നെ അണിനിരന്ന കാഴ്ചയാണ് കണ്ടത്. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ വെച്ചാണ് രാഷ്ട്രപതിയില്‍ നിന്ന് മോഹന്‍ ലാല്‍ പുരസ്കാരം ഏറ്റുവാങ്ങിയത്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്.

ഇത്തരമൊരു നിമിഷത്തെ കുറിച്ച് ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ലെന്നും അഭിമാനകരമായ നിമിഷത്തിലാണ് നില്‍ക്കുന്നതെന്നും പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം മോഹന്‍ലാല്‍ പറഞ്ഞു. മലയാള സിനിമയ്ക്കുള്ള അംഗീകാരമാണ് തന്‍റെ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'എന്റെ പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ', മോഹൻലാൽ പറഞ്ഞു.

മോഹന്‍ലാലിനെ അഭിനന്ദിച്ച് രാഷ്ട്രപതി സംസാരിച്ചു. അദ്ദേഹത്തിന്‍റെ നാടകമായ കർണഭാരത്തെകുറിച്ച് രാഷ്ട്രപതി പരാമര്‍ശിച്ചു. മോഹൻലാലിന് പുരസ്കാരം ലഭിച്ചതിൽ ജനങ്ങൾ വലിയ സന്തോഷത്തിലാണെന്നും വിവിധ ഭാവങ്ങൾ തന്മയത്വത്തോടുകൂടി അവതരിപ്പിക്കാൻ കഴിയുന്നതുകൊണ്ടാണ് അദ്ദേഹത്തെ കംപ്ലീറ്റ് ആക്ടർ എന്ന് വിശേഷിപ്പിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.

Content Highlights: Gokulam Gopalan Praises Mohanlal after receiving Dada Saheb Phalke Award

dot image
To advertise here,contact us
dot image