
ഡോളറിന് മുന്നില്‍ കൂപ്പുകുത്തി രൂപയുടെ മൂല്യം. 13 പൈസയുടെ നഷ്ടത്തോടെ വ്യാപാരത്തിന്റെ തുടക്കത്തില്‍ 88.41ലേക്കാണ് രൂപയുടെ മൂല്യം കൂപ്പുകുത്തിയത്. ഇന്നത്തെ ഇടിവിന്റെ പ്രധാന കാരണം എച്ച് വണ്‍ബി വിസയ്ക്ക് ഏർപ്പെടുത്തിയ ഫീസ് വര്‍ധനവാണ്. ഐടി ഓഹരികളില്‍ നിന്നുള്ള നിക്ഷേപം പിന്‍വലിക്കലിന് എച്ച് വണ്‍ബി വിസയ്ക്ക് ഫീസ് വര്‍ധനവ് കാരണമായിട്ടുണ്ടെന്നാണ് വിപണി വിദഗ്ദര്‍ പറയുന്നത്. ഏഷ്യന്‍ വിപണിയിലെ തുടര്‍ച്ചയായ ഇടിവും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും രൂപയുടെ മൂല്യം കുറയുന്നതിന് കാരണമാകുന്നുവെന്നും വിപണി വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക തീരുവ വര്‍ധിപ്പിക്കുന്നതും മറ്റൊരു കാരണമാണ്.
ഓഹരി വിപണിയും നഷ്ടത്തിലാണ്. സെന്‍സെക്സ് 240 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 25,150 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. ടെക് മഹീന്ദ്ര, ടിസിഎസ് അടക്കമുള്ള ഐടി കമ്പനികളും റിലയന്‍സ്, ഐസിഐസിഐ ബാങ്ക് ഓഹരികളുമാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അതേസമയം മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.
അതേസമയം, സ്വര്‍ണത്തിന്റെ വില കുതിച്ചുയരുകയാണ്. ഒരു പവന്റെ വില ഇന്ന് 83840 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 10,480 രൂപയാണ്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ തുടരുന്നതിനിടയിലും സ്വര്‍ണത്തിന്റെ ഡിമാന്റ് ശക്തമാണ്, സ്ഥിര നിക്ഷേപമായി സ്വര്‍ണത്തിന് പകരം മറ്റൊരു ഓപ്ഷൻ തിരഞ്ഞെടുക്കാനും ആരും താത്പര്യപ്പെടുന്നില്ലെന്നാണ് റിപ്പോർട്ട്. ഭൗമരാഷ്ട്രീയ സംഭവവികാസങ്ങള്‍, ആഗോള കേന്ദ്ര ബാങ്ക് നയങ്ങളെ അടക്കം സസൂക്ഷമം നിരീക്ഷിക്കുകയാണ് വ്യവസായ വിദഗ്ധര്‍. ഇവ ഭാവിയിലെ സ്വര്‍ണവിലയെ കാര്യമായി സ്വാധീനിക്കാവുന്ന ഘടകങ്ങളാണെന്നതാണ് കാരണം.
അതേസമയം മറ്റൊരു വിഭാഗം സ്വര്‍ണ വാങ്ങാന്‍, വില കുറയുന്നത് വരെ കാത്തിരിക്കണോ എന്ന സംശയത്തിലുമാണ്. പ്രധാനപ്പെട്ട ഗ്ലോബല്‍ ബ്രോക്കറേജ് ഫേമുകള്‍ സ്വര്‍ണവില ഇനിയും കുതിച്ചുയരുമെന്ന് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. വരും വര്‍ഷങ്ങളില്‍ 229 ശതമാനം ഉയരുമെന്നാണ് കണക്കാക്കുന്നത്. ഉയര്‍ച്ച താഴ്ച്ചകളുണ്ടാകുമെങ്കിലും സുരക്ഷിത നിക്ഷേപം, ആഗോള സാമ്പത്തിക സാഹചര്യം എന്നിവ വില കൂടാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Content Highlights: Rupee falls against dollar; stock market plunges