
പുതുക്കിയ ജിഎസ്ടി നിരക്കുകൾ രാജ്യത്ത് ഇന്നുമുതൽ പ്രാബല്യത്തിൽ വരികയാണ്. 5,12,18,28 എന്നീ സ്ലാബുകൾക്ക് പകരം 5,18 എന്നീ സ്ലാബുകൾ മാത്രമാകും ഇനി ഉണ്ടാകുക. പുതുക്കിയ ജിഎസ്ടി നിരക്ക് സാധാരണക്കാര്‍ക്ക് ഗുണം ചെയ്യുമെന്നും എല്ലാ മേഖലയിലും പുരോഗതിയുണ്ടാകുമെന്നുമാണ് കേന്ദ്രസർക്കാരിന്റെ അവകാശവാദം. എന്തൊക്കെ ഉത്പന്നങ്ങൾക്കാണ് വില കുറയുക, എന്തിനൊക്കെയാണ് വില വർധിക്കുക എന്ന് നോക്കാം.
വാഹനങ്ങൾ, നിത്യോപയോഗ സാധങ്ങൾ, അടുക്കള സാമഗ്രികൾ, മരുന്നുകൾ തുടങ്ങി പലതിനും വില കുറയുന്നുണ്ട്. പാൽ, ബിസ്കറ്റുകൾ, കോൺഫ്ലേക്സ്, ഡ്രൈ ഫ്രൂട്ട്സ്, അവയുടെ ജ്യൂസുകൾ, ഐസ്ക്രീം, നെയ്യ്, പനീർ, ഇളനീർ വെള്ളം തുടങ്ങിയവയ്ക്ക് വില കുറയും. ആഫ്റ്റർ ഷേവ് ലോഷൻ, ഫേസ് ക്രീമുകൾ, പൗഡർ, എണ്ണ, ഷാംപൂ, സോപ്പ് തുടങ്ങിയവയ്ക്കും വില കുറഞ്ഞേക്കും.
ഇലക്ട്രോണിക്സ് വിഭാഗങ്ങളിൽ എസികൾ, ഡിഷ്‌വാഷറുകൾ, ടിവികൾ, വാഷിംഗ് മെഷീൻ എന്നിവയ്ക്ക് വില കുറഞ്ഞേക്കും. ഡയഗ്നോസ്റ്റിക്ക് കിറ്റുകൾ, ഗ്ലുക്കോമീറ്ററുകൾ തുടങ്ങിയവയുടെ ജിഎസ്ടി 5 ശതമാനം ആയി കുറച്ചതിനാൽ അവയുടെ വിലയും കുറഞ്ഞേക്കും. മരുന്നുകളുടെ വില കുറയ്ക്കാൻ സർക്കാർ മരുന്ന് നിർമാണ കമ്പനികളെ അറിയിച്ചുകഴിഞ്ഞു.
ഇവയ്ക്ക് പുറമെ ജിം, ഹെൽത്ത് ക്ലബ്ബുകൾ, സലൂണുകൾ തടുങ്ങിയവയുടെ ജിഎസ്ടിയും കുറച്ചിട്ടുണ്ട്. വാഹനങ്ങളുടെ വിലക്കുറവാകും ഒരുപക്ഷെ ഏറ്റവും ഉപകാരപ്പെടുക. മാരുതി, ടൊയോട്ട തുടങ്ങി മുൻനിര വാഹന നിർമ്മാണകമ്പനികൾ എല്ലാം കാറുകളുടെ വില കുറച്ചുകഴിഞ്ഞു. ബൈക്കുകളുടെ വിലയിലും കുറവ് വന്നുകഴിഞ്ഞു.
റെയിൽവേ സ്റ്റേഷനുകളിലെ കുപ്പിവെള്ളത്തിന്റെ വില കുറയും എന്നതും ആശ്വാസ്യകരമാണ്. ഒരു രൂപയാണ് കുറയുക. ഇതോടെ 15 രൂപയുണ്ടായിരുന്ന റെയിൽ നീർ വെള്ളം 14 രൂപയാകും.
നിരവധി കമ്പനികൾ പല ഉത്പന്നങ്ങൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം അമുൽ തങ്ങളുടെ ഉത്പന്നങ്ങളുടെ വില കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. വെണ്ണയുടെ (100 ഗ്രാം) വില 62 രൂപയില്‍ നിന്ന് 58 രൂപയായി കുറച്ചു. നെയ്യ് വില ലിറ്ററിന് 40 രൂപ കുറച്ച് 610 രൂപയാക്കി. സംസ്‌കരിച്ച ചീസ് ബ്ലോക്കിന്റെ (1 കിലോ) വില കിലോയ്ക്ക് 30 രൂപ കുറച്ചു 545 രൂപയായി. ഫ്രോസണ്‍ പനീറിന്റെ (200 ഗ്രാം) പുതിയ എംആര്‍പി സെപ്റ്റംബര്‍ 22 മുതല്‍ നിലവില്‍ 99 രൂപയില്‍ നിന്ന് 95 രൂപയായിരിക്കും. ഇന്ത്യയിലുടനീളമുള്ള വിതരണക്കാര്‍, അമുല്‍ പാര്‍ലറുകള്‍, ചില്ലറ വ്യാപാരികള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് അമുൽ വിലമാറ്റത്തിന്റെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സോഫ്റ്റ് ഡ്രിങ്കുകൾ, ബീഡി, സിഗരറ്റുകൾ, പാൻ മസാല, മറ്റ് പുകയില ഉത്പന്നങ്ങൾ തുങ്ങിയവയുടെ വില വർധിക്കും. കൊക്കോകോള, പെപ്സി പോലുള്ള പാനീയങ്ങൾക്ക് വില വർധിക്കും. 1200 സിസിയ്ക്കും 1500 സിസിയ്ക്കും മുകളിലുള്ള പെട്രോൾ ഡീസൽ വാഹനങ്ങളുടെ വിലയും വർധിക്കും.