
രാജ്യത്തെ റെയിൽവേ മേഖല അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. പുതിയ ട്രെയിനുകളും സാങ്കേതികവിദ്യകളുമെല്ലാമാണ് അതിന് ആക്കം കൂട്ടുന്നത്. പുതുതലമുറ വന്ദേ ഭാരത് ട്രെയിനുകൾ കൂടി വന്നതോടെ രാജ്യത്തെ ട്രെയിൻ യാത്ര ഏറെക്കുറെ സുഖമമായിട്ടുണ്ട്. ഇതിനിടെ വന്ദേ ഭാരതിന്റെ സ്ലീപ്പർ ട്രെയിനുകളും റെയിൽവെ പ്രഖ്യാപിച്ചിരുന്നു. അവ എന്ന് ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.
മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു റെയിൽവേ മന്ത്രി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്. രണ്ട് ട്രെയിനുകൾ ഒരുമിച്ചാണ് ലോഞ്ച് ചെയ്യാൻ പോകുന്നത് എന്നും ദിവസേനയുള്ള സർവീസ് ആയതിനാലാണ് ഈ കാത്തിരിപ്പ് എന്നുമാണ് മന്ത്രി പറഞ്ഞത്. ഒക്ടോബർ 15 ഓടെ ട്രെയിൻ പുറത്തിറക്കുമെന്നാണ് മന്ത്രി നൽകിയ സൂചന.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം റെയിൽവേ നേരത്തെത്തന്നെ പൂർത്തീകരിച്ചിരുന്നു. മുംബൈ അഹമ്മദാബാദ് പാതയിലായിരുന്നു ട്രയൽ റൺ നടന്നത്. എന്നാൽ അതിന് ശേഷം ട്രെയിൻ എന്ന് ഔദ്യോഗികമായി ഓടിത്തുടങ്ങുമെന്ന് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. രാജധാനി ശ്രേണിയിലുള്ള പ്രീമിയം ട്രെയിനായാണ് വന്ദേ ഭാരത് സ്ലീപ്പർ ഓടിത്തുടങ്ങുക. പ്രീമിയം ട്രെയിൻ ആയതിനാൽ ഭക്ഷണമടക്കം എല്ലാം ടിക്കറ്റ് നിരക്കുകളിൽ തന്നെ ഉൾപ്പെട്ടിട്ടുണ്ടാകും.
രാത്രിയിലായിരിക്കും ട്രെയിൻ സർവീസ് നടത്തുക എന്നാണ് സൂചന. പ്രീമിയം സൗകര്യങ്ങളാണ് ട്രെയിനിൽ ഉള്ളത്. ട്രെയിൻ കൂട്ടിയിടികൾ ഒഴിവാക്കാൻ സഹായിക്കുന്ന കവച് സംവിധാനവുമായാണ് ട്രെയിൻ പുറത്തിറങ്ങുക. ട്രെയിൻ മാനേജരുമായും ലോക്കോ പൈലറ്റുമായും യാത്രക്കാർക്ക് നേരിട്ട് സംസാരിക്കാനുമുള്ള സംവിധാനങ്ങളും ട്രെയിനിലുണ്ടാകും. പ്രായമായവർക്കും ഭിന്നശേഷിയുള്ളവർക്കും ഉപയോഗിക്കാൻ സൗകര്യപ്രദമായ ബാത്റൂമുകളായിരിക്കും ട്രെയിനിൽ ഉണ്ടാകുക.
Content Highlights: vande bharat sleeper trains to roll out by this date