ലോകമെമ്പാടും സമ്പത്ത് അടിസ്ഥാനമാക്കുന്നത് കറൻസിയിലൂടെയാണ്, ഓരോ രാജ്യങ്ങൾക്കും അവരുടെതായ കറൻസികൾ ഉണ്ട്. ഈ കറൻസികൾക്ക് എല്ലാം പക്ഷേ മൂല്യങ്ങൾ വ്യത്യസ്തമാണ്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയും നയങ്ങളും വ്യാപര ബന്ധങ്ങളുമാണ് കറൻസികളുടെ മൂല്യം പ്രധാനമായും നിശ്ചയിക്കുന്നത്. പൊതുവെ അമേരിക്കൻ കറൻസിയായ ഡോളറിനെ അടിസ്ഥാനമാക്കിയാണ് പല രാജ്യങ്ങളും തങ്ങളുടെ മൂല്യം കണക്കാക്കുന്നത്.
വിനിമയ മൂല്യത്തിൽ ഡോളറിനെക്കാളും ശക്തമായ നിരവധി കറൻസികൾ ഉണ്ട്. ഇതിൽ ഭൂരിപക്ഷവും ഗൾഫ് രാജ്യങ്ങളുടെതുമാണെന്നതാണ് സത്യം. ലോകത്തെ ഏറ്റവും ശക്തമായ പത്ത് കറൻസികൾ ഏതൊക്കെയാണെന്ന് നോക്കാം.
- 1 കുവൈറ്റ് ദിനാർ
ലോകത്ത് നിലവിൽ ഉള്ള കറൻസികളിൽ ഏറ്റവും മൂല്യമുള്ളത് കുവൈറ്റ് കറൻസിക്കാണ്. ഒരു കുവൈറ്റ് ദിനാർ ലഭിക്കാനായി 3.27 ഡോളർ നൽകണം. ഓയിൽ രംഗത്തെ അപ്രമാദിത്വമാണ് കുവൈറ്റ് കറൻസിയുടെ മൂല്യത്തിന്റെ പ്രധാന കാരണം. 1960 ലാണ് കുവൈറ്റ് ദിനാർ നിലവിൽ വന്നത്. - 2 ബഹ്റൈനി ദിനാർ
ഒരു ബഹ്റൈനി ദിനാർ ലഭിക്കാൻ 2.65 ഡോളർ നൽകണം. 1965 ലാണ് ബഹ്റൈനി ദിനാർ നിലവിൽ വന്നത്. കുവൈറ്റിനെ പോലെ ബഹ്റൈനും ഓയിൽ വ്യാപാരം തന്നെയാണ് പ്രധാന വരുമാനമാർഗം. - 3 ഒമാനി റിയാൽ
ഒമാന്റെ ഔദ്യോഗിക കറൻസിയാണ് ഒമാനി റിയാൽ, 1970 കളിലാണ് ഇത് ആദ്യമായി പ്രചാരത്തിലായത്. ഒരു ഒമാനി റിയാലിന് 2.60 ഡോളർ നൽകണം. - 4 ജോർദാനിയൻ ദിനാർ
ജോർദാന്റെ ഔദ്യോഗിക കറൻസിയാണ് ജോർദാനിയൻ ദിനാർ ഇത് 1950 ൽ ഔദ്യോഗികമായി നിലവിൽ വന്ന ഈ കറൻസിയുടെ മൂല്യം 1.41 ഡോളറാണ്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ജോർദാന്റെ സമ്പദ്വ്യവസ്ഥ പ്രധാനമായും സേവന വ്യവസായത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നത്. - 5 ബ്രിട്ടീഷ് പൗണ്ട്
ഇന്ന് പ്രചാരണത്തിലുള്ള ഏറ്റവും പഴക്കമുള്ള കറൻസിയാണ് ബ്രിട്ടീഷ് പൗണ്ട് സ്റ്റെർലിംഗ്. പതിനേഴാം നൂറ്റാണ്ട് മുതൽ യുണൈറ്റഡ് കിംഗ്ഡത്തിൽ പൗണ്ട് ആണ് ഉപയോഗിക്കുന്നത്. 1 പൗണ്ട് ലഭിക്കാൻ 1.36 ഡോളറാണ് നൽകേണ്ടത്. - 6 ജിബ്രാൾട്ടർ പൗണ്ട്
സ്പെയിനിന്റെ തെക്കൻ അതിർത്തിയിലുള്ള മെഡിറ്ററേനിയനിലെ ഒരു ചെറിയ പ്രദേശമാണ് ജിബ്രാൾട്ടർ. ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ഈ പ്രദേശത്തിന്റെ സ്വയം ഭരണാവകാശത്തിനായി 1920 ലാണ് ജിബ്രാൾട്ടർ പൗണ്ട് നിലവിൽ വന്നത്. ജിബ്രാൾട്ടറിനുള്ളിൽ മാത്രമേ ഈ കറൻസി ഉപയോഗിക്കാൻ അനുവാദമുള്ളൂ. 1 ജിബ്രാൾട്ടറിന് 1.35 ഡോളറാണ് മൂല്യം. - 7 കേമാൻ ഐലൻഡ്സ് ഡോളർ
ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള മറ്റൊരു പ്രദേശമാണ് കേമാൻ ഐലൻഡ്സ്. 1972 ലാണ് ഈ കറൻസി നിലവിൽ വന്നത്. ഔദ്യോഗിക കറൻസി കേമാൻ ഡോളറാണെങ്കിലും, യുഎസ് ഡോളറും ഇവിടെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ടൂറിസമാണ് ഇവിടുത്തെ പ്രധാന വരുമാനമാർഗം. 1 കേമാൻ ഐലൻഡ് ഡോളറിന് 1.20 ഡോളറാണ് മൂല്യം. - 8 സ്വിസ് ഫ്രാങ്ക്
സ്വിറ്റ്സർലൻഡിന്റെയും സ്വിറ്റ്സർലൻഡിന്റെ കിഴക്കൻ അതിർത്തിയിലുള്ള യൂറോപ്യൻ രാജ്യമായ ലിച്ചെൻസ്റ്റൈന്റെയും ഔദ്യോഗിക കറൻസിയാണ് സ്വിസ് ഫ്രാങ്ക്. 1850-കളിൽ സ്വിറ്റ്സർലൻഡിലും 1920-ൽ ലിച്ചെൻസ്റ്റൈിലും സ്വിസ് ഫ്രാങ്ക് ഔദ്യോഗിക കറൻസിയായി സ്വീകരിച്ചു. 1 സ്വിസ് ഫ്രാങ്കിന് 1.22 ഡോളറാണ് മൂല്യം. - 9 യൂറോ
യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക കറൻസിയാണ് യൂറോ. 27 അംഗരാജ്യങ്ങളിൽ ബൾഗേറിയ, ഡെൻമാർക്ക്, ഹംഗറി, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, റൊമാനിയ, സ്വീഡൻ എന്നീ 7 രാജ്യങ്ങൾ ഒഴികെ മറ്റെല്ലാ രാജ്യങ്ങളും യൂറോയെ ആണ് ഔദ്യോഗിക കറൻസിയായി ഉപയോഗിക്കുന്നത്. 1999 ലാണ് യൂറോ നിലവിൽ വന്നത്. 1 യൂറോയ്ക്ക് 1.14 ഡോളറാണ് മൂല്യം. - 10 യുഎസ് ഡോളർ
ലോകത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങൾ വ്യാപാരത്തിനായി പരിഗണിക്കുന്ന കറൻസിയായി യൂഎസ് ഡോളർ. ദീർഘകാലമായി സ്ഥിരതയോടെ ഈ കറൻസി നിലനിൽക്കുന്നുണ്ട്. 1 ഡോളറിന് 85.98 ഇന്ത്യൻ രൂപയാണ് നൽകേണ്ടത്.
Content Highlights: The 10 strongest currencies in the world in 2025, this Gulf country is at the top