

സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയായ 'ഡിജി കേരള'ത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നു. സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവബോധം, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കെ-സ്മാർട്ട് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിനുള്ള പരിശീലനം, അടിസ്ഥാന രേഖകളുടെ ഡിജിറ്റൈസേഷൻ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പദ്ധതി.
2025 ഓഗസ്റ്റ് 21 ന് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിച്ചു.ആദ്യ ഘട്ടത്തിൽ, അടിസ്ഥാന ആവശ്യങ്ങൾക്കായി ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ 21.87 ലക്ഷം പേരെ പരിശീലിപ്പിച്ചു.സമീപകാലത്തായി സൈബർ തട്ടിപ്പ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ് സൈബർ സുരക്ഷയാണ്.

സമഗ്രമായ പരിശീലനം
ഓൺലൈൻ ഇടങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ തിരിച്ചറിയുന്നതിനും, തട്ടിപ്പുകാർ എങ്ങനെ ഇരകളെ ലക്ഷ്യമിടുന്നുവെന്നതും സംബന്ധിച്ച് ആളുകൾക്ക് പരിശീലനം നൽകും. എഐയുടെ സാധ്യതകൾ മനസ്സിലാക്കുന്നതിനോടൊപ്പം, വ്യാജ പ്രചരണങ്ങൾക്കായി ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന എഐ-ഉള്ളടക്കം തിരിച്ചറിയുന്നതിനും പരിശീലനം സഹായിക്കും.ഡിജി കേരള 2.0 പ്രകാരം പരിശീലനം നേടിയ ശേഷം, ഹെൽപ്പ് ഡെസ്‌ക്കുകളെയോ മൂന്നാം കക്ഷികളെയോ സമീപിക്കാതെ തന്നെ കെ-സ്മാർട്ട് ഉപയോഗിക്കാൻ കഴിയും. എല്ലാ അടിസ്ഥാന രേഖകളും ഡിജിറ്റൈസ് ചെയ്യുന്നതിന് ഡിജിലോക്കർ സേവനം ഉപയോഗിക്കാനും പരിശീലനം ലഭിക്കും.

രണ്ടാം ഘട്ടത്തിന് ആവേശം പകരാൻ സംസ്ഥാന പക്ഷിയായ വേഴാമ്പലിനെയാണ് മാസ്കോട്ടായി തിരഞ്ഞെടുത്തത്. ആധുനിക സാങ്കേതിക വിദ്യയുടെ ചിറകിലേറി എത്തുന്ന രണ്ട് വേഴാമ്പലുകൾക്ക് അനുയോജ്യമായ പേരുകൾ നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കിയിരിക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് .
തിരഞ്ഞെടുക്കപ്പെടുന്ന പേരുകൾ ഡിജി കേരളം 2.0-യുടെ ഔദ്യോഗിക പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമാകും. കേരളത്തിന്റെ തനിമയും ആധുനികതയും ഒരുപോലെ ഉൾക്കൊള്ളുന്ന പേരുകൾക്ക് മുൻഗണന നൽകും.താല്പര്യമുള്ളവർ നിർദ്ദേശങ്ങൾ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ സഹിതം ഇമെയിൽ അയക്കേണ്ടതാണ്. ഫെബ്രുവരി 13 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി.
content Highlights :Kerala govt. to launch Digi Kerala 2.0—the second phase of its digital literacy programme